Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു. കലാനാഥൻ മാസ്റ്റർ അനുസ്മരണവും, ജനകീയ സെമിനാറും

26 Jul 2024 16:46 IST

PALLIKKARA

Share News :

യു കലാനാഥൻ മാസ്റ്ററോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിനും, വള്ളിക്കുന്നിലെ വികസന പരീക്ഷണങ്ങളിലൂടെ അദ്ദേഹം കേരളത്തിനും രാജ്യത്തിനും നല്കിയ വികസന മാതൃകകൾ ചർച്ച ചെല്ലുന്നതിനുമായി വള്ളിക്കുന്നുകാരും കലാനാഥൻ മാസ്റ്ററെ സ്നേഹാദരങ്ങളോടെ കണ്ടിരുന്ന പരിസര വാസികളും ജൂലായ് 28 ന് ഞായറാഴ്ച്ച വള്ളിക്കുന്ന് അത്താണിക്കലിൽ ഒത്തുചേരുകയാണ്.

വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി 1979-84, 1995-2000 എന്നീ കാലഘട്ടങ്ങളിൽ 10 വർഷം പ്രവർത്തിച്ചു. ജനകീയാസൂത്രണ പ്രസ്ഥാനം ജനകീയമായും, ജനപങ്കാളിത്തതോടെയും നടപ്പിലാക്കി വലിയ ജനശ്രദ്ധ നേടിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി കാട്ടുങ്ങൽ തോട് നവീകരണം, മണൽ ചാക്കുകൾ ഉപയോഗിച്ച് (കടലാക്രമണം തടയാൻ) കടൽ ഭിത്തി, ജനകീയ ബോട്ട് ജെട്ടി നിർമ്മാണം തുടങ്ങിയ വിവിധങ്ങളായ പദ്ധതികൾ മാതൃകയായി നടപ്പിലാക്കി 1998 ലെ സ്വരാജ് ട്രോഫി വള്ളിക്കുന്നിൽ എത്തിച്ചു. കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളും മാതൃകയാക്കിയ വികസന രേഖ ജനകീയ പങ്കാളിത്തത്തോടെ തയ്യാറാക്കുകയും മാതൃകാ വികസന സെമിനാർ വൻ ജനപങ്കാളിത്തതോടെ സംഘടിപ്പിക്കുന്നതിലും നേതൃത്വം നല്കിയത് അദ്ദേഹത്തിൻ്റെ ധിഷണാപരമായ സംഘാടന മികവായിരുന്നു.

റോഡുകളും വൈദ്യുതിയും ഇല്ലാതിരുന്ന വള്ളിക്കുന്നിൽ

വികസനമെത്തിക്കുന്നതിൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച വികസന നായകനായിരുന്നു കലാനാഥൻ മാസ്റ്റർ.

ചാലിയം ഇമ്പിച്ചി ഹൈസ്കൂളിൽ ശാസ്ത്ര അധ്യാപകനായിരുന്നു കലാനാഥൻ മാസ്റ്റർ. സി പി ഐ എം വള്ളിക്കന്ന് ലോക്കൽ കമ്മറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു. യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, ഫെഡെറേഷൻ ഓഫ് ഇന്ത്യൻ റാഷണലിസ്റ്റ് അസോസിയേഷൻ ദേശീയ സെക്രട്ടറി, പ്രഭാഷകൻ, അദ്ധ്യാപകൻ, ശാസ്ത്ര ചിന്തകളുടെ പ്രചാരകൻ എന്നിങ്ങനെ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ ഇല്ല തന്നെ. നിരവധി കൃതികളുടെ രചയിതാവ് കൂടിയാണ് അദ്ദേഹം.

യു കലാനാഥൻ മാസ്റ്ററുടെ അനുസ്മരണം, അദ്ദേഹം നാടിന് വല്ലിയ സംഭാവനകളും, സാമൂഹ്യ രാഷ്ട്രീയ വികസന കാഴ്ചപ്പാടുകളും, ചിന്തകളും വിലയിരുത്തുന്ന പരിപാടിയായി മാറും.

ജൂലായ് 28 ന് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2.30 ന് വള്ളിക്കുന്ന് അത്താണിക്കൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗം സഖാവ് എം എ ബേബി ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ സി പി ഐ എം മലപ്പുറം ജില്ലാ സെക്രട്ടറി സഖാവ് ഇ എൻ മോഹൻദാസ് അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന ജനകീയ സെമിനാറിൽ പ്രാദേശിക വികസനത്തിൽ ജനകീയാസുത്രണത്തിൻ്റെ പങ്ക് എന്ന വിഷയം മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അവതരിപ്പിക്കും. തുടർന്ന് വള്ളിക്കുന്ന് നിയോജക മണ്ഡലം എം എൽ എ പി അബ്ദുൽ ഹമീദ് മാസ്റ്റർ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരായ ആര്യാടൻ ഷൌക്കത്ത്, അജിത് കൊളാടി, കെ .ജനചന്ദൻ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ഷൈലജ ടീച്ചർ എന്നിവർ സംസാരിക്കും.


പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഇ നരേന്ദ്രദേവ്, ജനറൽ കൺവീനർ പി ഹൃഷികേശ് കുമാർ, ട്രഷറർ പി സുനിൽ കുമാർ, സി പി ഐ എം വള്ളിക്കുന്ന് ലോക്കൽ കമ്മറ്റി സെക്രട്ടറി കായമ്പടം വേലായുധൻ, പ്രചരണ കുമ്മറ്റി ചെയർമാൻ ടി വി രാജൻ പ്രചരണ കമ്മറ്റി കൺവീനർ പൊക്കടവത്ത് വിജയൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ പ്രേമൻ പരുത്തിക്കാട് എന്നിവർ സംബന്ധിച്ചു.

Follow us on :

More in Related News