Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 18:49 IST
Share News :
തിരൂരങ്ങാടി : സ്വഭാവിക മരണം സംഭവിച്ച മൂന്നിയൂർ സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച് തിരൂരങ്ങാടി ഗവ: താലൂക്ക് ആശുപത്രി അധികൃതർ. ജനുവരി 2 ന് പുലർച്ചെ 3 മണിക്ക് ഷുഗർ കൂടുകയും അതിനെ തുടർന്ന് ശ്വാസതടസ്സം നേരിടുകയും ചെയ്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ വെച്ച് മരണപ്പെട്ട മൂന്നിയൂർ കുണ്ടം കടവ് സ്വദേശി പാലത്തിങ്ങൽ അബൂബക്കർ മൗലവി എന്ന കുഞ്ഞിപ്പയുടെ (56) മൃതദേഹത്തോടാണ് ആശുപത്രി അധികൃതർ നിസ്സംഗത പുലർത്തി അനാദരവ് കാണിച്ചത്.
ഹൈഷുഗർ, പ്രഷർ, ശ്വാസതടസ്സം തുടങ്ങി വിവിധ രോഗങ്ങൾക്ക് ചികിൽസയും മരുന്നുമായി കഴിഞ്ഞിരുന്ന അബൂബക്കറിന് കാലിന്റെ ഒരു വിരലിൽ മുറിവ് ഉണ്ടായതിനെ തുടർന്ന് മുറിച്ച് മാറ്റിയത് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്നായിരുന്നു. ഇതിനിടെ ഇന്നലെ പുലർച്ചെ 3 മണിക്ക് ക്ഷീണവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അയൽ വാസിയുടെ ഓട്ടോറിക്ഷ വിളിച്ചാണ് ആശുപത്രിയിൽ എത്തിയത്.
ആശുപത്രിയിൽ കാഷ്യാലിറ്റിയിൽ എത്തിച്ചതിന് ശേഷമാണ് മരണം സംഭവിച്ചത്. കാഷ്വാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ റസ്റ്റ് റൂമിൽ നിന്നും കാഷ്വാലിറ്റിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സ്വഭാവിക മരണമായിട്ട് പോലും ഉടനെതന്നെ ഡോക്ടർ പോലീസിലേക്ക് ഇന്റിമേഷൻ അയക്കുകയായിരുന്നു. ഇന്റിമേഷനെ തുടർന്ന് തിരൂരങ്ങാടി പോലീസ് എഫ്. ഐ.ആർ തയ്യാറാക്കി. തുടർന്ന് പോസ്റ്റ് മോർട്ടത്തിന് വേണ്ടി മൃതദേഹ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. സ്വഭാവിക മരണമാണെന്നും പരാതികൾ ഒന്നുമില്ലെന്നും മരിച്ചയാളുടെ ഭാര്യയും സഹോദരൻമാരും ബന്ധുക്കളും ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും ആവശ്യപ്പെട്ടിട്ടും എന്തോ വിരോധം പോലെ ഡോക്ടർമാർ പെരുമാറുകയായിരുന്നു.
രാവിലെ ഒൻപത് മണിക്ക് തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തിയതിന് ശേഷം പോസ്റ്റ്മോർട്ടത്തിന് വേണ്ടി പോസ്റ്റ് മോർട്ടം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ: ഫൈസൽ തിരൂരങ്ങാടിയിൽ വെച്ച് പോസ്റ്റ്മോർട്ടം ചെയ്യാൻ സാധ്യമല്ലെന്നും ഫോറൻസിക് സർജൻ പോസ്റ്റ്മോർട്ടം ചെയ്യണമെന്നും മൃതദേഹം മഞ്ചേരിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു. 10.15 ന് പോലീസ് നടപടി പൂർത്തിയാക്കിയ മൃതദേഹം മഞ്ചേരിയിലേക്ക് ഡോക്ടർ റഫർ ചെയ്യുന്നത് ഉച്ചക്ക് 12 മണിക്കാണ്.
നിസാര കാരണങ്ങൾ പറഞ്ഞ് ഇതിന് മുമ്പും സമാന സംഭവങ്ങൾ താലൂക്ക് ആശുപത്രിയിൽ നിത്യ സംഭവമായി മാറിയിട്ടുണ്ട്. ഒന്നിലേറെ മൃതദേഹങ്ങൾ ഉണ്ടാവുമ്പോഴും ഡോക്ടർമാർ നിസാര കാര്യങ്ങൾ പറഞ്ഞ് ഇതേ നിലപാട് സ്വീകരിക്കുന്നത് പതിവാണ്. ദിവസവും രണ്ടായിരത്തിലേറെ ആളുകൾ ആശ്രയിക്കുന്ന നല്ല നിലവാരത്തിൽ പ്രവർത്തിച്ചിരുന്ന താലൂക്ക് ആശുപത്രിയെ തകർക്കാനുള്ള ശ്രമവും ചില ഡോക്ടർമാരുടെ ഭാഗത്ത് നിന്ന് ഉണ്ടാവാറുണ്ട്. സാധാരണ മരണം സംഭവിച്ച ആളുകളെ പോലും മരണം ഉറപ്പിക്കുന്നതിന് വേണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവാൻ പൊതുജനങ്ങൾക്ക് ഭയമായിരിക്കുകയാണ്.
തേഞ്ഞിപ്പലം, പരപ്പനങ്ങാടി , തിരൂരങ്ങാടി , കോട്ടക്കൽ,വേങ്ങര തുടങ്ങി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നടക്കുന്ന അസ്വാഭാവിക മരണങ്ങളിലെ മൃതദേഹങ്ങൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ട് വരാറ്. ഫോറൻസിക് ബന്ധപ്പെട്ട കേസുകൾ മഞ്ചേരിയിലേക്കും കോഴിക്കോട്ടേക്കും റഫർ ചെയ്യുകയാണ് പതിവ്. ഇതും ജനങ്ങളെ ഏറെ പ്രയാസപ്പെടുത്തുന്നുണ്ട്. ഇവിടെ ഒരു ഫോറൻസിക് സർജനെ നിയമിക്കണമെന്നത് ഏറെ കാലത്തെ ആവശ്യവുമാണ്.
സ്വഭാവിക മരണം സംഭവിച്ച മൂന്നിയൂർ കുണ്ടം കടവ് സ്വദേശിയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ച ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ആരോഗ്യ വകുപ്പ് ഡയറക്ടർ, എം.എൽ.എ.മാരായ കെ.പി.എ.മജീദ്, പി അബ്ദുൽ ഹമീദ്, മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ , മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു.
അബൂബക്കറിൻ്റ ഖബറടക്കം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടന്നു.
ഭാര്യ : ഖൈറുന്നീസ.
മക്കൾ : ഫായിസ് സഖാഫി, സുഹൈൽ ബാഖവി, സാലിം, സുമയ്യ, ആദില, ഹഫീഫ . സഹോദരങ്ങൾ : മുഹമ്മദ്, മൊയ്തീൻ കുട്ടി (പരേതർ), സൈതലവി, അബ്ദുറഹ്മാൻ കുട്ടി .
Follow us on :
Tags:
More in Related News
Please select your location.