Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Jan 2025 08:33 IST
Share News :
വേഗത്തിൽ പണത്തിന് ഒരു ആവശ്യം വന്നാൽ പണ്ടൊക്കെ പലരും ആരോടെങ്കിലും കടം ചോദിക്കാറാണ് പതിവ്. എന്നാൽ ഇന്ന് പല ലോൺ ആപ്പുകളും വന്നപ്പോൾ എല്ലാവരും അതിനെയാണ് ആശ്രയിക്കാറുള്ളത്. നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ഉപഭോക്താക്കൾക്ക് അതിവേഗം ലോണുകൾ നൽകാറുണ്ട്. അതുകൊണ്ട് ഇത്തരം ലോണുകളെ ഈസി ലോൺ എന്ന് പറയാം. എന്നാൽ എല്ലാ ലോണുകളും അത്ര ഈസി അല്ല. ഒന്ന് ശ്രദ്ധിച്ചില്ലെങ്കിൽ പല ലോൺ ആപ്പുകളും ഉപഭോക്താക്കൾക്ക് ഇട്ട് പണിയും കൊടുക്കാറുണ്ട്. പലർക്കും ലോണുകൾക്ക് പിന്നിലെ തട്ടിപ്പുകളെ കുറിച്ചറിയില്ല. പെട്ടെന്ന് ലഭിക്കുന്ന ലോണുകൾക്കെല്ലാം അമിത പലിശ നൽകേണ്ടി വരുമെന്നതാണ് ഇത്തരം ഈസി ലോണുകളുടെ പ്രത്യേകത. പലപ്പോഴും വാർഷിക പലിശയ്ക്ക് പകരം പ്രതിമാസ പലിശയായിരിക്കും പറയുക. അതുപോലെ പലതരം ഹിഡൻ ചാർജുകളും ഇതിനിടിയിലുണ്ടാകും. തിരിച്ചടയ്ക്കാനുള്ള കാലാവധി വളരെ കുറവായിരിക്കും.
ലോൺതിരിച്ചടവ് മുടങ്ങിയാൽ ലോൺ എടുത്തവർക്ക് ഭീഷണി ഉൾപ്പെടെ പലതും നേരിടേണ്ടി വന്നേക്കാം. അതായത് ഈ ലോണുകളുടെ ഏറ്റവും വലിയ പ്രശ്നം എന്തെന്നാൽ പണം തിരിച്ചുപിടിക്കാൻ എന്തുമാർഗങ്ങളും ഇത്തരം പ്ലാറ്റ്ഫോമുകൾ സ്വീകരിക്കും എന്നതാണ്. എന്നാൽ പണിയറിയുന്ന ഉപഭോക്താക്കൾ ലോൺ ആപ്പിനും തിരിച്ച് പണി കൊടുക്കാറുണ്ട്. അതുപോലെ മാർക്കറ്റിങ് തന്ത്രവും പെട്ടെന്ന് ലക്ഷ്യം നേടാനുള്ള ആഗ്രഹവുമൊക്കെ പലരും വായ്പാതട്ടിപ്പിൽ വീഴാനുള്ള കാരണങ്ങളാണ്. ലോണുകൾക്കായി നിങ്ങൾ ഓൺലൈനിൽ തെരയുകയാണെങ്കിൽ ലോണുമായി ബന്ധപ്പെട്ട പരസ്യങ്ങൾ തന്നെ നിങ്ങൾക്ക് വരാൻ തുടങ്ങും.
ചിലപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് പരസ്യങ്ങൾ വരും. ഇവയിൽ അംഗീകൃത ആപ്പുകളും അനധികൃത ആപ്പുകളും ഉണ്ടായിരിക്കും. ഇതിൽ അംഗീകാരമില്ലാത്ത ആപ്പുകൾ തെരഞ്ഞെടുത്താൽ ഭാവിയിൽ നിങ്ങൾക്ക് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. ഭൂരിഭാഗം ലോൺ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യുമ്പോൾ അവർ നിങ്ങളുടെ വിവരങ്ങളെടുക്കാൻ അനുമതി ആവശ്യപ്പെടുന്നു. നിങ്ങളുടെ ഫോൺ നമ്പറുകൾ, ഗാലറി, എസ്‌എംഎസ്, കോൾ റെക്കോർഡ് മുതലായവ ആയിരിക്കും ആവശ്യപ്പെടുക. ഈ വിവരങ്ങൾക്ക് അനുമതി നൽകി കഴിഞ്ഞാൽ നിങ്ങൾക്ക് ലോൺ ലഭിക്കുമ്പോഴേക്കും നിങ്ങളുടെ ഫോൺ വിവരങ്ങളിലേക്ക് ആപ്പിന് ആക്‌സസ് ലഭിക്കും. പണം ഇടപാട് കൃത്യമായി നടന്നില്ലെങ്കിൽ പിന്നീട് അങ്ങോട്ട് ഭീഷണിപ്പെടുത്തലുകളാകും. ലോൺ ആപ്പുകൾ കണ്ടെത്തുന്നതിന് ഇതുവരെ വ്യക്തമായ നടപടിക്രമങ്ങളൊന്നുമില്ല. പരിചിതമല്ലാത്ത ആപ്പുകളിലേക്ക് പോകുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. വായ്‌പ തട്ടിപ്പ് നടത്തുന്ന ഡിജിറ്റൽ ആപ്പുകൾ കണ്ടെത്തുന്നതിന് കേന്ദ്രസർക്കാർ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുണ്ട്. ഇതിനകം തന്നെ ചില ചൈനീസ് ലോൺ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെടാതെ പോകുന്നതിന് ഒട്ടേറെ മുൻകരുതലുകൾ നാം സ്വീകരിക്കേണ്ടതുണ്ട്.
പരിചിതമല്ലാത്ത, ഇൻസ്റ്റന്‍റ് വായ്‌പകൾ വാഗ്‌ദാനം ചെയ്യുന്ന, ഉയർന്ന പലിശ നിരക്കുകൾ ആവശ്യപ്പെടുന്ന ഒരു ആപ്പിൽ നിന്നും ലോൺ എടുക്കരുത്. ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്‌ത ആപ്പ് ആണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ലോണെടുക്കുന്നതിന് മുൻപ് ആപ്പിൻ്റെ നിബന്ധനകളും വ്യവസ്ഥകളും, പലിശ നിരക്കുകളും, തിരിച്ചടവുമായി ബന്ധപ്പെട്ട വിവരങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. പണത്തിന്റെ ആവശ്യം ഓരോരുത്തർക്കും ഏറിയും കുറഞ്ഞും ഉണ്ടാകും. ഓരോരുത്തരുടെയും അത്യാവശ്യവും വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും, പണം ലഭിക്കുവാൻ കണ്ടെത്തുന്ന മാർഗ്ഗങ്ങൾ കുറ്റമറ്റതാണോയെന്ന് മനസ്സിലാക്കി മാത്രം സ്വീകരിക്കുകയാണ് നല്ലത്.
Follow us on :
More in Related News
Please select your location.