Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുമ്പടപ്പ് ചെറവല്ലൂര്‍ ബണ്ട് റോഡ് പ്രവൃത്തി ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു

05 Feb 2025 09:37 IST

Jithu Vijay

Share News :

എടപ്പാൾ : പെരുമ്പടപ്പ് നിവാസികളുടെ സ്വപ്നമായ ചെറവല്ലൂര്‍ ബണ്ട് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. പശ്ചാത്തല വികസന മേഖലയില്‍ കേരളം സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ടുപോവുകയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പാത വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ തുടങ്ങിയ പദ്ധതികളിലൂടെ കേരളം വലിയ മുന്നേറ്റം സാധ്യമാക്കുകയാണ്. സംസ്ഥാനത്തെ പകുതിയിലധികം റോഡുകളും ബിഎം ബിസി റോഡുകളായി മാറി. ഇവ ദീര്‍ഘകാലം നിലനില്‍ക്കുന്ന രീതിയിലാണ് നിര്‍മിച്ചിട്ടുള്ളത്. പുതിയ ബണ്ട് റോഡ് പൊന്നാനിയുടെ വികസനത്തിന് ഉതകുന്ന ഒന്നായി മാറുമെന്നും മന്ത്രി പറഞ്ഞു. പി നന്ദകുമാര്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. 


ചങ്ങരംകുളം ചെറവല്ലൂരിനെയും പെരുമ്പടപ്പിനെയും ബന്ധിപ്പിക്കുന്ന നെല്‍വയലിലൂടെയുള്ള, നിലവില്‍ വളരെ ഇടുങ്ങിയ വീതി കുറഞ്ഞ മണ്ണ് റോഡാണിത്. കോള്‍പാടത്തിന്റെ ഭംഗി കളയാതെ നിലവിലുള്ള റോഡിനോട് ചേര്‍ന്ന് എട്ട് കോടി ചെലവിലാണ് പുതിയ റോഡ് നിര്‍മിക്കുന്നത്. കായലിന്റെ കുറുകെ നിര്‍മ്മിച്ചിട്ടുള്ള പ്രസ്തുത ബണ്ട് റോഡിന്റെ ഒരു ഭാഗത്ത് കോള്‍ പാടവും മറുഭാഗത്ത് നെല്‍പ്പാടവുമാണുള്ളത്. നിലവില്‍ ബണ്ട് റോഡിന് മൂന്ന് മീറ്റര്‍ വീതി മാത്രമാണുള്ളത്. 650 മീറ്റര്‍ നീളമുള്ള ഈ റോഡ്, ഫുട്പാത്ത് ഉള്‍പ്പെടുത്തി ഒമ്പത് മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കുന്നത്. നിലവിലെ റോഡില്‍ കേരള ലാന്‍ഡ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎല്‍ഡിസി) നിര്‍മിച്ച പാലത്തിന് സമാന്തരമായി 20 മീറ്റര്‍ നീളത്തില്‍ പുതിയ പാലവും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.


പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു, പെരുമ്പടപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി നിസാര്‍, സ്ഥിരം സമിതി അധ്യക്ഷരായ മുഹമ്മദ് അഷ്റഫ് മുക്കണ്ടത്ത്, നിഷാദത്ത് ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആരിഫ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി റംഷാദ്, പൊതുമരാമത്ത് എക്സി. എഞ്ചിനിയര്‍ സിഎച്ച് അബ്ദുല്‍ ഗഫൂര്‍, അസി. എക്സിക്യൂട്ടൂവ് എഞ്ചിനിയര്‍ എം.കെ സിമി, അസി. എഞ്ചിനിയര്‍ ഷജില്‍, രാഷട്രീയ പാര്‍ട്ടി പ്രതിനിധികളായ സിപി മുഹമ്മദ് കുഞ്ഞി, ഒ എം ജയപ്രകാശ്, വി കെ അനസ് മാസ്റ്റര്‍ തുടങ്ങിയവർ പങ്കെടുത്തു.

Follow us on :

More in Related News