Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടകര കുഴല്‍പ്പണക്കേസ്. തിരൂര്‍ സതീശിന് ഭീഷണി; വീടിന് കാവലൊരുക്കി പോലീസ്

02 Nov 2024 09:06 IST

Shafeek cn

Share News :

കൊടകര കുഴല്‍പ്പണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന് ഭീഷണി. ഭീഷണി സന്ദേശത്തെ തുടര്‍ന്ന് തിരൂര്‍ സതീശിന്റെ വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസമാണ് തീരൂര്‍ സതീശന് ഭീഷണി കോളുകള്‍ എത്തിയത്. തുടര്‍ന്നാണ് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. കൊടകര കുഴല്‍പ്പണ കേസിലെ വെളിപ്പെടുത്തലിന് പിന്നാലെ രഹസ്യാന്വേഷണ വിഭാഗം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി സന്ദേശങ്ങള്‍ സതീശന് ലഭിച്ചത് ഇന്നലെ ഉച്ച മുതലാണ് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വെളിപ്പെടുത്തലിന് പിന്നാലെ സതീശനെതിരെ ബിജെപി നേതാക്കള്‍ക്കിടയിലും പ്രവര്‍ത്തകര്‍ക്കുമിടയിലും വലിയ അമര്‍ഷം നിലനില്‍ക്കുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 


അതേസമയം കേസില്‍ സതീശന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴിയുടെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി തേടിയശേഷമാകും തുടരന്വേഷണം. അന്വേഷണം വരുമെങ്കില്‍ എല്ലാ കാര്യങ്ങളും പറയുമെന്ന് വെളിപ്പെടുത്തല്‍ നടത്തിയ തിരൂര്‍ സതീശ് വ്യക്തമാക്കിയിരുന്നു. തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍ വിചാരണ കോടതിയെ അറിയിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു കൊടകര കുഴല്‍പ്പണകേസിന് തുടക്കമിട്ട കവര്‍ച്ചാസംഭവം. പൊലീസ് അന്വേഷണത്തില്‍ കുഴല്‍പ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചെങ്കിലും കേസ് പാതിവഴിയില്‍ നിലച്ചമട്ടായിരുന്നു.


നിലവില്‍ കവര്‍ച്ച സംബന്ധിച്ച അന്വേഷണമാണ് പൊലീസ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണം പൊലീസിന് സാധ്യമാകില്ല. പബ്ലിക് മണി ലോണ്ടറിങ് ആക്ട് പ്രകാരമാണ് പ്രധാനമായും അന്വേഷണം നടക്കേണ്ടത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് കൊടകര കുഴല്‍പ്പണ കേസില്‍ ഇനി നടക്കേണ്ടത്. കേസ് അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡിക്ക് കൈമാറിയിരുന്നെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായില്ല. ആഭ്യന്തരവകുപ്പിന്റെ ഉത്തരവ് ഇറങ്ങിയാല്‍ കോടതിയെ സമീപിച്ച് തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.


അതേസമയം കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി ആദ്യ കുറ്റപത്രം. കെ സുരേന്ദ്രന്റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്റാണെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തില്‍ തന്നെ പൊലീസ് പറയുന്നു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശിനെ ഉടന്‍ ചോദ്യം ചെയ്യും. അതേസമയം, സതീശിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Follow us on :

More in Related News