Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2024 12:41 IST
Share News :
മഞ്ചേരി: കിഴിശ്ശേരിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് ബിഹാര്‍ ഈസ്റ്റ് ചമ്പാരന്‍ ജില്ലയിലെ മാധവ്പൂര്‍ കേഷോ സ്വദേശി രാജേഷ് മാഞ്ചി (36) മരിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. ആദ്യദിവസം തന്നെ കേസിലെ മൂന്നാം സാക്ഷി കൂറുമാറി. തവനൂര്‍ ഒന്നാം മൈല്‍ സ്വദേശിയായ കുഴിക്കാട്ട്തൊടിക കെ.വി. ജലീലാണ് കൂറുമാറിയത്. ഒന്നും മൂന്നും സാക്ഷികളെയാണ് ആദ്യദിനം വിസ്തരിച്ചത്. രാജേഷ് മാഞ്ചിയെ പ്രതികളുടെ വീട്ടുമുറ്റത്ത് കണ്ടത് മുതല്‍ സംഭവം അവസാനിക്കുന്നത് വരെ ഉള്ള സംഭവങ്ങള്‍ കണ്ട സാക്ഷിയായിരുന്നു ജലീല്‍.
സംഭവത്തെക്കുറിച്ച് മജിസ്ട്രേറ്റ് മുമ്പാകെ ജലീല്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പൊലീസിന് കൊടുത്ത മൊഴിയും മജിസ്ട്രേറ്റിന് കൊടുത്ത മൊഴിയും ജലീല്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞു. പൊലീസ് ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മജിസ്ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയതെന്ന് കോടതിയെ ബോധിപ്പിച്ചു. ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ എന്തുകൊണ്ട് പൊലീസിന് പരാതി നല്‍കിയില്ലെന്ന പ്രോസിക്യൂഷന്റെ ചോദ്യത്തിന് ജലീല്‍ മറുപടി നല്‍കിയില്ല. മൊഴിമാറ്റിയ ഇയാള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.കെ. സമദ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. ഇത് കോടതി ഫയലില്‍ സ്വീകരിച്ചു. ഒന്നാം സാക്ഷി മുതുവല്ലൂര്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് അംഗം എന്‍.സി. അഷ്റഫിനെയും വിസ്തരിച്ചു. ഇയാള്‍ മജിസ്ട്രേറ്റിന് നല്‍കിയ മൊഴി ആവര്‍ത്തിച്ചു.
മറ്റു സാക്ഷികളായ കെ.പി. അഖില്‍, കെ.പി. ജിതിന്‍, ദേവദാസ് എന്ന സുര എന്നിവരെ ചൊവ്വാഴ്ച വിസ്തരിക്കും. കേസില്‍ 123 സാക്ഷികളാണുള്ളത്. വരുവള്ളിപിലാക്കല്‍ മുഹമ്മദ് അഫ്‌സല്‍ (34), വരുവള്ളിപിലാക്കല്‍ ഫാസില്‍ (37), വരുവള്ളിപിലാക്കല്‍ ഷറഫുദ്ദീന്‍ (43), തേര്‍ത്തൊടി മെഹബൂബ് (32), മനയില്‍ അബ്ദുസമദ് (34), പേങ്ങാട്ടില്‍ വീട്ടില്‍ നാസര്‍ (41), ചെവിട്ടാണിപ്പറമ്പ് ഹബീബ് (36), കടുങ്ങല്ലൂര്‍ ചെമ്രക്കാട്ടൂര്‍ പാലത്തിങ്ങല്‍ അയ്യൂബ് (40), തവനൂര്‍ ഒന്നാംമൈല്‍ വിളങ്ങോട്ട് സൈനുല്‍ ആബിദ് (29) എന്നിവരാണ് കേസിലെ പ്രതികള്‍. ഒമ്പത് പ്രതികളില്‍ ഏഴ് പേര്‍ ഇപ്പോഴും ജാമ്യം ലഭിക്കാതെ ജയിലിലാണ്. മെഹബൂബിനും സൈനുല്‍ ആബിദിനും മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. എട്ടാം പ്രതി നാസര്‍ ഹൈകോടതി മുമ്പാകെ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വിചാരണ നടപടി തുടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ച കോടതി നാല് മാസത്തിനകം വിചാരണ പൂര്‍ത്തീകരിക്കണമെന്ന് ഉത്തരവിട്ടു. ഇതോടെയാണ് വിചാരണ നടപടികള്‍ വേഗത്തിലായത്.
Follow us on :
Tags:
More in Related News
Please select your location.