Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ വിവിധ വിഷയങ്ങൾ ഉന്നയിച്ച്‌ ബോർഡ് ചെയർമാന് നിവേദനം നൽകി

04 Sep 2024 18:58 IST

- MOHAMED YASEEN

Share News :

മസ്‌ക്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്കൂൾ രക്ഷിതാക്കളുടെ കൂട്ടായ്മ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്‌ ചെയർമാനുമായി വീണ്ടും ചർച്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു. 

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പൊതുവിലും, ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ (ISM ) പ്രത്യേകമായും നേരിടുന്ന അക്കാദമികവും മറ്റനുബന്ധ വിഷയങ്ങളും ചർച്ചയിൽ രക്ഷിതാക്കൾ ഉന്നയിച്ചു. 

സ്കൂൾ അധ്യയന വർഷം പകുതി ആയിട്ടും ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽ പാഠപുസ്തക വിതരണരം ഇതുവരെ പൂർത്തിയായിട്ടില്ല. സമാന വിഷയം ഉന്നയിച്ചുകൊണ്ട് രക്ഷിതാക്കൾ നേരത്തെ ഒമാനിലെ ഇന്ത്യൻ അംബാസ്സഡറെയും, സ്കൂൾ ഡയറക്ടർ ബോർഡിനെയും പല തവണ സമീപിച്ചിരുന്നു. എന്നാൽ അധ്യയന വർഷം തുടങ്ങി മാസങ്ങൾ പിന്നിട്ടും പാഠപുസ്തകങ്ങളുടെ വിതരണത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ഇത് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. പാഠപുസ്തക വിതരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് രക്ഷിതാക്കൾ ചർച്ചയിൽ ചെയർമാനോട് ആവശ്യപ്പെട്ടു. അതോടൊപ്പം പുസ്തക വിതരണത്തിനായി ചുമതലപ്പെടുത്തിയ ഏജൻസിയുടെ  കുറ്റകരമായ വീഴ്ചക്കെതിരെ സ്കൂൾ ഡയറക്ടർ ബോർഡ് എന്ത് നിയപനടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്നും രക്ഷിതാക്കൾ നിവേദനത്തിൽ ആവശ്യപ്പെട്ടു.  

വിദ്യാർത്ഥികൾക്ക് ആവശ്യമായ പാഠപുസ്തകങ്ങളും മറ്റു അനുബന്ധ സാമഗ്രികളും സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ സ്കൂൾ ഡയറക്ടർ ബോർഡും മാനേജ്മെൻറും കാര്യക്ഷമമായി പ്രവർത്തിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. 

ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ (ISM ) സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റിയുടെ (എസ് എം സി ) പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കൺവീനർ സ്ഥാനങ്ങൾ മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. സ്കൂളിന്റെ നയപരവും, സാമ്പത്തികവും, ഭരണപരവുമായ കാര്യങ്ങളിൽ സുപ്രധാന തീരുമാനം എടുക്കാൻ ചുമതലപ്പെട്ട എസ് എം സി യുടെ നേതൃസ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കുന്നത് സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും, വിദ്യാർത്ഥികളുടെ ഭാവിയെയും സാരമായി ബാധിക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞു.

വിദ്യാർത്ഥികളിൽ നിന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് ഇടക്കുന്നതിനെതിരെയും രക്ഷിതാക്കൾ പരാതി ഉന്നയിച്ചു. ഇൻഫ്രാസ്ട്രക്ചർ ഫീസ് നിർബന്ധിത പിരിവാകില്ലെന്ന് ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ (ISM) വെച്ച് മുൻപ് നടന്ന ഓപ്പൺ ഫോറത്തിൽ ബോർഡ് ചെയർമാൻ രക്ഷിക്കൾക്ക് ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഈ ഉറപ്പു ലംഘിക്കപ്പെട്ടിരിക്കുകയാണെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ നിർബന്ധപൂർവം ഇൻഫ്രാസ്ട്രക്ചർ ഫീസ് പിരിക്കുന്നതും, ഫീസ് നൽകാത്ത രക്ഷിതാക്കളുടെ കോഷൻ ഡെപോസിറ്റിൽ നിന്നും ഇൻഫ്രാസ്ട്രക്ചർ ഫീസ് തിരിച്ചു പിടിക്കുന്നതായുമുള്ള  വ്യാപകമായ പരാതികൾ രക്ഷിതാക്കളുടെ ഇടയിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഓപ്പൺ ഫോറത്തിൽ വെച്ച് രക്ഷിതാക്കൾക്ക് നൽകിയ ഉറപ്പിനെ കാറ്റിൽ പറത്തി തികച്ചും വിദ്യാർത്ഥി വിരുദ്ധ നടപടിയുമായി മുൻപോട്ടു പോകുന്ന സ്കൂൾ മാനേജ്‌മന്റ് നടപടി അംഗീകരിക്കാനാവില്ലെന്ന് വിദ്യാർത്ഥികൾ ചെയർമാനെ അറിയിച്ചു.  

അതോടൊപ്പം, ഇന്ത്യൻ സ്കൂൾ മസ്കറ്റിൽ (ISM ) ഓപ്പൺ ഫോറം വിളിച്ചു ചേർക്കാൻ തയ്യാറാകാത്ത സ്കൂൾ മാനേജ്മെന്റിന്റെ നടപടിയേയും രക്ഷിതാക്കൾ വിമർശിച്ചു. സ്കൂൾ നിയമാവലി അനുസരിച്ചു ഓപ്പൺ ഫോറങ്ങൾ പതിവായി വിളിച്ചു ചേർക്കുമെന്ന് രക്ഷിതാക്കൾക്ക് ബോർഡ് ചെയർമാൻ മുൻപ് നടന്ന ചർച്ചയിൽ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ മറ്റു സ്കൂളുകളിൽ ഓപ്പൺ ഫോറം നടന്നിട്ടും ഐ എസ് എം ൽ ഓപ്പൺ ഫോറം വിളിച്ചു ചേർക്കാൻ മാനേജ്‌മന്റ് തയ്യാറായിട്ടില്ല. സ്കൂളിന്റെ പ്രവർത്തങ്ങളെപ്പറ്റി ഗുരുതരമായ ആശങ്കകൾ രക്ഷികളുടെ ഇടയിൽ നിലനിൽക്കുന്ന സാഹചര്യത്തിൽ അവ ഉന്നയിക്കുന്നതിനുള്ള വേദിയായ സ്കൂൾ ഓപ്പൺ ഫോറം വിളിച്ചു ചേർക്കാത്ത സ്കൂൾ മാനേജ്‌മന്റ് നടപടിയെ രക്ഷിതാക്കൾ രൂക്ഷമായാണ് വിമർശിച്ചത്.  

രക്ഷിതാക്കൾ ഉന്നയിച്ച പരാതികളെ അത്യന്തം ഗൗരവമായാണ് കാണുന്നതെന്നും, പ്രശ്ങ്ങൾ പരിഹരിക്കുന്നതിനായി ബോർഡ് അടിയന്തിരമായി ഇടപെടുമെന്നും ചെയർമാൻ ശിവകുമാർ മാണിക്കം രക്ഷിതാക്കൾക്ക് ഉറപ്പു നൽകി. ഇന്ത്യൻ സ്കൂൾ നേരിടുന്ന വിവിധ വിഷയങ്ങളിൽ തങ്ങൾ  നടത്തിവരുന്ന ഇടപെടലുകളുടെ തുടർച്ചയായാണ് ചെയർമാന് വീണ്ടും നിവേദനം നൽകിയതെന്നും പ്രശ്ങ്ങൾക്കു പരിഹാരം ഉണ്ടാകുന്നതുവരെ വിദ്യാർഥിപക്ഷത്തു നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും രക്ഷിതാക്കളുടെ കൂട്ടായ്മക്ക് നേതൃത്വം നൽകിയ ദിനേശ് ബാബു, വരുൺ ഹരിപ്രസാദ്, ഗണേഷ്, സുരേഷ് കുമാർ, ജാൻസ് അലക്സ്, ബിനോജ്, അർനോൾഡ്, പ്രമോദ്, അരുൺ വി എം, നിസാർ, ബിനു കേശവൻ എന്നിവർ പറഞ്ഞു.


ൾഫ് വാർത്തകൾക്കായി:  https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

Follow us on :

More in Related News