Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി.

17 Jan 2025 11:44 IST

Jithu Vijay

Share News :

എറണാകുളം : ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. അമ്മാവൻ നിർമലകുമാരൻ കുറ്റക്കാരൻ എന്നും കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജാണ് വിധി പറഞ്ഞത്.

2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച കാമുകൻ ഷാരോൺ രാജ് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു.


ഷാരോണിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊന്നത് പത്ത് മാസത്തെ ആസൂത്രണത്തിന് ശേഷമാണെന്നാണ് പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഗ്രീഷ്മയുടെ അമ്മയ്ക്കും അമ്മാവനും കൊലപാതകത്തില്‍ തുല്യപങ്കുണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നു.

തമിഴ്നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം.

ഷാരാണുമായുള്ള പ്രണയത്തിൽ നിന്നും പിൻമാറുന്നതിനായി ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകളൊക്കെ പറഞ്ഞു നോക്കി. എന്നിട്ടും ഷാരോണ്‍ പ്രണയത്തിൽ നിന്നും പിന്‍മാറിയില്ല. അതോടെയാണ് കൊലപാതകത്തിനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചത്. ആദ്യം അഞ്ച് വധശ്രമങ്ങള്‍ . ആ മാർഗങ്ങൾ എല്ലാം പരാജയപെട്ടതോടെയാണ് ജ്യൂസ് ചലഞ്ച് എന്ന ആയുധം പുറത്തെടുക്കുന്നത്.


ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്. അങ്ങിനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയിരുന്നു. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകം.


ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു. ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളാണ് ഉള്ളത്. കൊലയില്‍ നേരിട്ട് പങ്കില്ലങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെ സകലവിവരങ്ങളിലും അറിവായിരുന്നതിനാല്‍ തുല്യപങ്കെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.


വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഒന്നാം പ്രതി ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായായിരുന്നു പ്രോസിക്യൂഷൻ അന്തിമ വാദം.


ഗ്രീഷ്മയുടെ അമ്മയും രണ്ടാം പ്രതിയുമായ സിന്ധുവും മൂന്നാം പ്രതിയായ നിര്‍മ്മലകുമാരന്‍ നായരും തെളിവു നശിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയിൽ വാദിച്ചു.

കുറ്റം നിഷേധിച്ച പ്രതിഭാഗം, ആത്മഹത്യാ പ്രവണതയുള്ള ഒന്നാംപ്രതി ആത്മഹത്യ ചെയ്യുന്നതിനായാണ് കീടനാശിനികളെക്കുറിച്ച് സെര്‍ച്ച് ചെയ്തതാണെന്ന വാദമാണ് ഉന്നയിച്ചത്.

Follow us on :

More in Related News