Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിന്തുണച്ചത് രാഹുലിന്റെ രാഷ്ട്രീയത്തെ, പാര്‍ട്ടിയെടുത്തത് ധീരമായ തീരുമാനം- ഷാഫി പറമ്പില്‍

05 Dec 2025 08:29 IST

NewsDelivery

Share News :


കോഴിക്കോട് : രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആക്ഷേപം മാത്രം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ, കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ഒരു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചതെന്ന് ഷാഫി പറമ്പില് എംപി. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയില്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച പശ്ചാത്തലത്തിലാണ് ഷാഫി പറമ്പലിന്റെ പ്രതികരണം. രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. ഒരു ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍, രേഖാമൂലം പരാതി ലഭിക്കുന്നതിന് മുമ്പ് തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും, പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്നും, പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും അദ്ദേഹത്തെ മാറ്റിനിര്‍ത്തുന്ന സമീപനം കോണ്‍ഗ്രസ് സ്വീകരിച്ചുവെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി നേതൃത്വവുമായിട്ടും കെപിസിസി പ്രസിഡന്റുമായിട്ടും ഹൈക്കമാന്‍ഡുമായിട്ടും ആലോചിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനം എടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ പറഞ്ഞു.


ആക്ഷേപം മാത്രം ഉയര്‍ന്ന സാഹചര്യത്തില്‍ തന്നെ, കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും എടുക്കാത്ത ഒരു സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഇതിന് ശേഷമാണ് രേഖാമൂലമുള്ള പരാതി പോലീസിന്റെ നടപടികള്‍ക്കായി സമര്‍പ്പിക്കപ്പെട്ടതും പോലീസ് നടപടികള്‍ ആരംഭിച്ചതും. കോണ്‍ഗ്രസ് എടുത്ത സമീപനം, നിയമപരമായി കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതിന് തടസ്സം നില്‍ക്കാന്‍ പാര്‍ട്ടിയില്ല എന്നതായിരുന്നു. പാര്‍ട്ടിക്ക് ഒരു പരാതി ലഭിച്ച സാഹചര്യത്തില്‍, അത് പാര്‍ട്ടി കമ്മിറ്റി അന്വേഷിക്കാന്‍ തീരുമാനിക്കാതെ തന്നെ, കെപിസിസി പ്രസിഡന്റ് ഡിജിപിക്ക് ഫോര്‍വേര്‍ഡ് ചെയ്തു. ഇതും നിയമപരമായി മുന്നോട്ട് പോകട്ടെ എന്ന നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചതിന്റെ ഭാഗമാണ്. പാര്‍ട്ടി അതിശക്തമായിട്ടുള്ള നടപടിയാണ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.


പാര്‍ട്ടി എടുത്ത നടപടി തനിക്കും ബാധകമാണെന്നും, പൂര്‍ണ്ണമായും പാര്‍ട്ടി നടപടിക്കൊപ്പമാണ് തന്റെ നിലപാട് എന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി. പാര്‍ട്ടി നടപടിയില്‍ നിന്നും തീരുമാനത്തില്‍ നിന്നും ഒറ്റപ്പെട്ട ഒരു നിലപാട് തനിക്കില്ല. വ്യക്തിപരമായി ഉണ്ടായിരുന്ന സൗഹൃദത്തെ പൊളിറ്റിക്‌സിലേക്ക് കൊണ്ടുവന്നതല്ല. കോണ്‍ഗ്രസ് പാര്‍ട്ടി വഴി ഉണ്ടായ ബന്ധം തന്നെയാണ് താനും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ളതെന്ന് ഷാഫി പറഞ്ഞു. ഞങ്ങളെപ്പോലെ ഉള്ള ആളുകള്‍ക്ക് ചെറുപ്പക്കാരായ പുതിയ തലമുറയെ രാഷ്ട്രീയമായി സംഘടനാപരമായി സപ്പോര്‍ട്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഉണ്ട്. എന്നാല്‍, താന്‍ പിന്തുണച്ചിരുന്നത് അദ്ദേഹത്തിന്റെ സംഘടനാപരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തെയാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.


മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും ഇത്തരം ആക്ഷേപങ്ങളുടെ കാര്യത്തില്‍ എടുക്കാത്ത നയവും സമീപനവും തീരുമാനവും അച്ചടക്ക നടപടിയും കോണ്‍ഗ്രസ് പാര്‍ട്ടി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിനെ വിമര്‍ശിക്കാനുള്ള സാഹചര്യം മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും അക്കാര്യത്തില്‍ ഇല്ലെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു. നിയമപരമായ വിഷയങ്ങള്‍ നിയമപരമായി മുന്നോട്ട് പോകട്ടെയെന്ന കാഴ്ചപ്പാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ സംഘടന എന്ന നിലയില്‍ എടുക്കാന്‍ കഴിയാവുന്നതിന്റെ എല്ലാ നടപടികളും ഇക്കാര്യത്തില്‍ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Follow us on :

More in Related News