Sat May 31, 2025 7:26 PM 1ST

Location  

Sign In

തെരുവുനായ വന്യമൃഗ ആക്രമണം: ജനരക്ഷയ്ക്കായി പ്രധാനമന്ത്രിക്ക് 50 ലക്ഷം പേരുടെ ഭീമഹർജി.

16 Dec 2024 18:27 IST

Ajmal Kambayi

Share News :

ആലുവ :തെരുവുനായകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭീമ ഹർജി സമർപ്പിക്കുന്നു. ഭീമ ഹർജിയിലേക്കുള്ള ഒപ്പുശേഖരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലുവയിലെ സെൻ്റ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിൽ വച്ച് പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് നിർവഹിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ നേതൃത്വത്തിലാണ് ഒപ്പുശേഖരണ യജ്ഞം സംഘടിപ്പിച്ചത്. തായ്ക്കാട്ടുകര സെൻ്റ് പീറ്റർ ആൻ്റ് പോൾ ഇടവക കൂട്ടായ്മ ഒന്നടങ്കം ഈ ഒപ്പുശേഖരണ യജ്ഞത്തിൽ അണിചേർന്നു. വികാരി ഫാ. ജെയിംസ് തൊട്ടിയിലിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനസേവ തെരുവുനായ വിമുക്ത കേരളസംഘം ചെയർമാൻ ജോസ് മാവേലി ആമുഖ പ്രഭാഷണം നടത്തി. കേരളമാകെ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാവുകയാണ്. ദിനംപ്രതി സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ വഴിയാത്രക്കാരായ സാധാരണക്കാർക്ക് തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. കേരളത്തിലെ വനയോര മേഖലകളിൽ വന്യമൃഗങ്ങൾ ഇറങ്ങി ജനങ്ങളെ ആക്രമിക്കുന്നതും കൃഷി നശിപ്പിക്കുന്നതും ദിനംപ്രതി വർധിച്ചുവരികയാണ് ഇക്കാര്യത്തിൽ പ്രധാനമന്ത്രിയുടെ അടിയന്തര ശ്രദ്ധ പതിയണമെന്നും ജനങ്ങളുടെ സ്വൈര്യജീവിതം ഉറപ്പുവരുത്തണമെന്നും ഡോ. ടോണി ഫെർണാണ്ടസ് ആവശ്യപ്പെട്ടു. മനുഷ്യജീവന് വില കൽപ്പിച്ചുകൊണ്ട് തെരുവ് നായ്ക്കളെ ഷെൽട്ടറുകളിൽ അടയ്ക്കണമെന്നും വന്യമൃഗങ്ങളുടെ നാട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിക്കണമെന്നും ഫാദർ ജെയിംസ് തൊട്ടിയിൽ അഭിപ്രായപ്പെട്ടു. വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ തലങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തി 50 ലക്ഷം പേരുടെ ഒപ്പ് സമാഹരിച്ച് ഭീമ ഹർജ്ജിയാക്കി പ്രധാനമന്ത്രിക്ക് സമർപ്പിക്കാനാണ് പദ്ധതിയെന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാ പള്ളികളും മറ്റ് മതസ്ഥാപനങ്ങളും ഈ മഹായജ്ഞത്തിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ജോസ് മാവേലി പറഞ്ഞു. പള്ളി ട്രസ്റ്റിമാരായ എബി പാറയ്ക്കൽ, ജയേഷ് ജോസഫ്, പാരീഷ് കൗൺസിൽ വൈസ് ചെയർമാൻ ജോർജ് വാഴപ്പിള്ളി, വിമൻ വെൽഫെയർ പ്രസിഡൻറ് ഗ്രേസി മത്തായി, സിസ്റ്റർ എൽസ, സി. ഫ്ലോറി, സി. എഡിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


ഫോട്ടോയുടെ അടിക്കുറിപ്പ്:


തെരുവുനായകളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് സമർപ്പിക്കന്ന 50 ലക്ഷം പേരുടെ ഭീമഹർജിയിലെ ഒപ്പ് ശേഖരണയജ്ഞം ആലുവ സെൻറ് പീറ്റർ ആൻഡ് പോൾ ദേവാലയാങ്കണത്തിൽ പത്മശ്രീ ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്യുന്നു. ഇടവക വികാരി ഫാ. ജയിംസ് തൊട്ടിയിൽ, ജോസ് മാവേലി, എബി പാറക്കൽ, ജയേഷ് ജോസഫ്, ജോർജ് വാഴപ്പള്ളി, ഗ്രേസി മത്തായി, സി. എൽസ, സി. ഫ്ലോറി, സി. എഡിത്ത്, തുടങ്ങിയവർ സമീപം.

Follow us on :

More in Related News