Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡ് തുറന്നു കൊടുക്കാൻ നടപടികൾ ആരംഭിച്ചു.

31 Jul 2024 16:14 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി:കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ റോഡ് തുറന്നു കൊടുക്കാൻ നടപടികൾ ആരംഭിച്ചു. അടിസ്ഥാന നിർമ്മാണത്തിനായി റോഡ് കുഴിച്ച ഭാഗം നികത്തിത്തുടങ്ങി. ഒരാഴ്ചയ്ക്കകം ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലെ അടിപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ഇതുവഴിയുള്ള ഗതാഗതം മാർച്ച് മാസത്തിൽ തിരിച്ചു വിടുകയും ആശുപത്രിക്ക് മുന്നിലെ റോഡ് അടയ്ക്കുകയും ചെയ്തത്. ഇതെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിലൂടെയാണ് കടത്തിവിട്ടിരുന്നത്. ഇത് ഈ ഭാഗത്ത് വലിയ യാത്രക്ലേശം സൃഷ്ടിച്ചിരുന്നു. അതേസമയം അടിപ്പാതയുടെ നിർമ്മാണം സമയബന്ധിതമായി തന്നെ പൂർത്തിയായി കൊണ്ടിരിക്കുകയാണ്. അടിപ്പാതയുടെ കോൺക്രീറ്റിംഗ് വർക്കുകളും ബസ്റ്റാൻഡ് ഭാഗത്തുനിന്നുള്ള പ്രവേശന കവാടത്തിന്റെ മേൽക്കൂര നിർമ്മാണവും അടക്കം പൂർത്തീകരിച്ചു. അടിപ്പാതയ്ക്ക് ഉള്ളിൽ ലൈറ്റുകൾ സ്ഥാപിക്കലും ടൈലുകൾ പാകുന്ന ജോലികളും മറ്റുമാണ് ഇനി പൂർത്തിയാകാൻ ഉള്ളത്. അടിപ്പാതയുടെ മുകൾഭാഗത്തെയും പുറമേയുമുള്ള നിർമ്മാണ ജോലികൾ പൂർത്തീകരിച്ചതിനെ തുടർന്ന് ഇവിടെ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുക്കുവാൻ നടപടികൾ ആരംഭിച്ചു. അടിപ്പാതയുടെ ഇരുവശങ്ങളിലെയും കുഴികൾ മണ്ണിട്ട് നികത്തി മുകളിൽ മെറ്റിൽ നിരത്തി ഉറപ്പിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മൂന്നു നാല് ദിവസങ്ങൾക്കുള്ളിൽ ഈ ജോലികൾ പൂർത്തീകരിച്ച് ഇവിടം വാഹന ഗതാഗതത്തിന് അനുയോജ്യമാക്കും. അടുത്തയാഴ്ച ആദ്യം തന്നെ റോഡ് ഗതാഗതത്തിനായി തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഓണത്തിന് മുമ്പായി അടിപ്പാത തുറക്കുമെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചിരുന്നു. കഴിഞ്ഞദിവസം കളക്ട്രേറ്റിൽ നടന്ന മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭൂഗർഭ പാതയ്ക്കുള്ളിൽ ലൈറ്റുകൾ അടക്കം സജ്ജീകരിച്ച് മനോഹരമായാണു നിർമാണം പൂർത്തിയാക്കുന്നത്.

ഭൂഗർഭപാതയിലൂടെയെത്തുന്നവർക്കു ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ സൗകര്യപ്രദമായി എത്തുന്നതിന് മെഡിക്കൽ കോളജ് വികസന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് മേൽക്കൂര നിർമ്മിക്കും. ഭൂഗർഭപാതയിൽ 24 മണിക്കൂറും സുരക്ഷാജീവനക്കാരെ നിയോഗിക്കുന്നതിനുള്ള സംവിധാനവും ആശുപത്രി വികസന സമിതി ഒരുക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിരുന്നു.

Follow us on :

More in Related News