Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 21:42 IST
Share News :
വൈക്കം: ജസ്റ്റിസ് ഫോർ നിതിൻരാജ് ആക്ഷൻ കൗൺസിലും ദലിത് ആദിവാസി സംഘടനകളുടെയും നേതൃത്വത്തിൽ സംസ്‌ഥാന വ്യാപകമായി നടന്ന ഹർത്താൽ വൈക്കത്ത് പൂർണ്ണം, സമാധാനപരം. സമരാനുകൂലികൾ രാവിലെ ആറു മുതൽ തന്നെ നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. വൈക്കത്ത് വലിയ കവലയിലും കെഎസ്‌ആർടിസി ഡിപ്പോയ്ക്കു മുന്നിലും വാഹനങ്ങൾ തടഞ്ഞ സമരാനുകൂലികളെ പോലീസ് എത്തി ബലം പ്രയോഗിച്ച് നീക്കം ചെയ്തു. വലിയ കവലയിൽ പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായി. തലയോലപ്പറമ്പ് പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ കെ.എസ്.ആർ.ടി.സി ബസുകൾ തടഞ്ഞു.പ്രധാന ജംഗ്ഷനുകളിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ രാവിലെ തടഞ്ഞു.ഏറെ നേരം തടഞ്ഞിട്ട ശേഷമാണ് വാഹനങ്ങൾ പറഞ്ഞുവിട്ടത്. രാവിലെ തുടങ്ങിയ വഴി തടയൽ വൈകുന്നേരം വരെ നീണ്ടു. തലയോലപ്പറമ്പിൽ വൈകിട്ട് പ്രകടനത്തോടെയാണ് സമരം അവസാനിപ്പിച്ചത്. വൈക്കം കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് 43സർവീസുകൾ നടത്തി. വൈക്കം-തവണക്കടവ് റൂട്ടിൽ ജലഗതാഗത വകുപ്പിന്റെ സർവീസ് മുടക്കമില്ലാതെ നടന്നു. രണ്ട് ബോട്ടുകളാണ് സർവീസ് നടത്തിയത്. യാത്രക്കാർ കുറവായിരുന്നു. വൈക്കത്ത് ജങ്കാർ സർവീസ് നടത്തിയില്ല. വൈക്കം നഗരത്തിലും ഉൾപ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സർക്കാർ ഓഫീസുകളും ബാങ്കുകൾ ഉൾപ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളും രാവിലെ എത്തി തുറന്നെങ്കിലും സമരാനുകൂലികൾ എത്തി ഇവ അടപ്പിച്ചു. വാഹനങ്ങൾ തടഞ്ഞതോടെ പല ഇടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും പ്രവർത്തിച്ചു. പെട്രോൾ പമ്പുകൾ അടഞ്ഞ് കിടന്നു. ദീർഘദൂര യാത്രക്കാർ കടകൾ ഇല്ലാത്തതിനാൽ വലഞ്ഞു. വൈക്കം, പൂത്തോട്ട, വെച്ചൂർ, ബണ്ട് റോഡ്, ഇടയാഴം, തലയോലപ്പറമ്പ്, വടകര, തലപ്പാറ, പള്ളിക്കവല എന്നിവിടങ്ങളിൽ വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞിട്ടു. ഉൾപ്രദേശങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. എങ്ങും അനിഷ്ട സംഭവങ്ങൾ ഒന്നും തന്നെ നടന്നില്ല. സമരക്കാർ വിവിധ കേന്ദ്രങ്ങളിൽ രാവിലെയും വൈകിട്ടും പ്രകടനവും യോഗവും നടത്തി.
Follow us on :
Tags:
More in Related News
Please select your location.