Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നജീബ് കാന്തപുരത്തിന്‍റെ 'പച്ച ഇലകള്‍' സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രകാശനം ചെയ്തു

09 Jan 2025 12:18 IST

Saifuddin Rocky

Share News :

പെരിന്തല്‍മണ്ണ: സൗഹാര്‍ദ്ദത്തിന്‍റെയും സഹിഷ്ണുതയുടെയും വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്ന വര്‍ത്തമാന കാലത്ത് പരസ്പരം സംസാരിക്കാനും കേൾക്കാനും ആലോചിക്കാനും യോജിക്കാനും വിയോജിക്കാനുമൊക്കെയുള്ള സാഹചര്യമാണ് രാജ്യത്ത് ഉയര്‍ന്നു വരേണ്ടതെന്നും അത്തരത്തിലുള്ള സൗഹാര്‍ദ്ദത്തിന്‍റെയും സംവാദാത്മക ബഹുസ്വരതയുടെയും മാനിഫെസ്റ്റോയാണ് നജീബ് കാന്തപുരത്തിന്‍റെ പച്ച ഇലകള്‍ എന്ന പുസ്തകം തുറന്നു വെക്കുന്നതെന്നും എഴുത്തുകാരനും പ്രഭാഷകനുമായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്ന നജീബ് കാന്തപുരം എഴുതിയ പച്ച ഇലകള്‍ എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


മനുഷ്യർക്ക് എത്രകാലം ആത്മാഭിമാനത്തോടെയും സുരക്ഷിതത്വത്തോടെയും ഈ മണ്ണിൽ കാലമർത്തി ജീവിക്കാന്‍ കഴിയുമെന്നതിന് പൂർണ്ണമായ അർത്ഥത്തിൽ ഉറപ്പ് നൽകാൻ കഴിയാത്ത തരത്തിലുള്ള അവസ്ഥയിലേക്കാണ് നവ ഫാസിസ്റ്റ് രാഷ്ട്രീയസാഹചര്യം കടന്നു പോവുന്നത്. ഇത് ആപത്ക്കരമാണ്. ഇത്തരം സാഹചര്യങ്ങളോട് എതിരിടുന്ന സൗഹാര്‍ദ്ദത്തിന്‍റെ സംവാദമാണ് എങ്ങും ഉയര്‍ന്നു വരേണ്ടത്. ഞാനെന്‍റെ പഠനകാലത്ത് നാട്ടില്‍ എഴുതപ്പെട്ടതും അല്ലാത്തതുമായ പഴഞ്ചൊല്ലുകളെ പരിശോധിക്കാറുണ്ടായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ട പഴഞ്ചൊല്ലുകളില്‍ എന്നെ ആകര്‍ഷിച്ച ഒന്ന് അച്ഛന്‍ ഒരൊച്ച, അമ്മ ഒരു പച്ച എന്നതായിരുന്നു. ഒച്ച ആധിപത്യത്തിന്‍റെയും അധികാരത്തിന്‍റെയും പ്രതീകമാണ്. മനുഷ്യ മനസ്സിലും ശരീരത്തിലും പുരണ്ട ജീര്‍ണ്ണിച്ച ചലമാണ് ഒച്ച. പച്ചയാകട്ടെ സൗഹൃദത്തിന്‍റെയും സാന്ത്വനത്തിന്‍റെയും സ്നേഹ സ്രോതസ്സുമാണ്. അമ്മ നിരുപാധിക സ്നേഹവും അച്ഛന്‍ സോപാധിക സ്നേഹവുമാണ്. പച്ച ഇലകള്‍ എന്ന പുസ്തകം നിരുപാധിക സ്നേഹത്തിന്‍റെ സന്ദേശമാണ് സമൂഹത്തിന് നല്‍കുന്നത്. കാവ്യാത്മക സൗന്ദര്യം ആവോളം വായിക്കാന്‍ കഴിയുന്ന പുസ്തകമാണിതെന്നും ഏതു ഫാസിസ്റ്റ് കൊടും വേനലിലും വാടാത്ത സൗഹൃദത്തെ വാര്‍ത്തെടുക്കാനാണ് ഈ പുസ്തകം ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


പച്ച ഇലകള്‍ എന്ന പുസ്തകം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട, എം.എല്‍.എമാരായ കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്റഫ്, ആന്‍റണി രാജു, നിയമസഭാ സെക്രട്ടറി‍ ഡോ. എന്‍. കൃഷ്ണകുമാര്‍, നജീബ് കാന്തപുരം എന്നിവർ സംസാരിച്ചു. പ്രസാധകരായ പേപ്പര്‍ പബ്ലിക എഡിറ്റര്‍ അന്‍സാര്‍ വര്‍ണന സ്വാഗതവും സുബൈര്‍ വെഴുപ്പൂര്‍ നന്ദിയും പറഞ്ഞു.


ചിത്രം:- നജീബ് കാന്തപുരം എഴുതിയ പച്ച ഇലകള്‍ എന്ന പുസ്തകം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. നജീബ് കാന്തപുരം, എം.എല്‍.എമാരായ കുറുക്കോളി മൊയ്തീന്‍, എ.കെ.എം. അഷ്റഫ്, നിയസഭാ സെക്രട്ടറി ഡോ. എന്‍. കൃഷ്ണകുമാര്‍ തുടങ്ങിയവർ സമീപം

Follow us on :

More in Related News