Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് സോണിയാ ഗാന്ധിയോട് മാപ്പ് പറയണം. സോണിയ ഗാന്ധിയെ കുറിച്ചുള്ള ആരോപണം; കങ്കണയ്‌ക്കെതിരെ നിയമ നടപടിക്ക് കോണ്‍ഗ്രസ്

24 Sep 2024 10:27 IST

- Shafeek cn

Share News :

സോണിയ ഗാന്ധിയെ കുറിച്ചുള്ള നടിയും ബിജെപി എംപിയുമായ കങ്കണ റണൌട്ടിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ്. ഒന്നുകില്‍ കങ്കണ ആരോപണം തെളിയിക്കണം, അല്ലെങ്കില്‍ നിയമ നടപടി നേരിടാന്‍ തയ്യാറായിക്കോ എന്നാണ് ഹിമാലചല്‍ പ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിംഗ് പ്രതികരിച്ചത്. ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ദുരന്തനിവാരണ ഫണ്ട് സോണിയ ഗാന്ധിക്ക് വകമാറ്റി നല്‍കുന്നു എന്നായിരുന്നു കങ്കണയുടെ ആരോപണം.


കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ടോ സംസ്ഥാനത്തിന്റെ വികസനത്തിനുള്ള ഫണ്ടോ സോണിയാ ഗാന്ധിക്ക് നല്‍കുന്നു എന്ന് പറയുന്നതിലും വലിയ വിഡ്ഢിത്തം വേറെയില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു രൂപയെങ്കിലും ഇത്തരത്തില്‍ വകമാറ്റിയതായി തെളിയിക്കാന്‍ കങ്കണയെ പരസ്യമായി വെല്ലുവിളിക്കുന്നു. അല്ലെങ്കില്‍ ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്ക് സോണിയാ ഗാന്ധിയോട് മാപ്പ് പറയണമെന്നും വിക്രമാദിത്യ സിംഗ് ആവശ്യപ്പെട്ടു. കങ്കണ പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും. എന്തടിസ്ഥാനത്തിലാണ് അവര്‍ ഇത്തരമൊരു പ്രസ്താവന സോണിയാ ഗാന്ധിയെ പോലുള്ള ഒരു നേതാവിനെതിരെ നടത്തിയതെന്നും മന്ത്രി ചോദിക്കുന്നു. കര്‍ഷക സമരത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ കഴിഞ്ഞ മാസം കങ്കണയെ ബിജെപി ശാസിച്ചതും വിക്രമാദിത്യ സിംഗ് ചൂണ്ടിക്കാട്ടി. ബൗദ്ധിക പാപ്പരത്തമാണ് കങ്കണയ്‌ക്കെന്നും മന്ത്രി വിമര്‍ശിച്ചു.


ഞായറാഴ്ച തന്റെ മണ്ഡലത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയിനിടെയാണ് കങ്കണ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിംഗിനെ കടന്നാക്രമിച്ചത്. ദുരന്തങ്ങളും കോണ്‍ഗ്രസും സംസ്ഥാനത്തെ പതിറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയി. ഈ സര്‍ക്കാരിനെ വേരോടെ പിഴുതെറിയാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ദുരിതാശ്വാസ ഫണ്ട് നല്‍കിയാല്‍ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് പോകേണ്ടത്. എന്നാല്‍ അത് 'സോണിയാ ദുരിതാശ്വാസ നിധി'യിലേക്കാണ് പോകുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് കങ്കണ ആരോപിച്ചത്.


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാണ്ഡി ലോക്സഭാ സീറ്റില്‍ എതിരാളിയായിരുന്ന വിക്രമാദിത്യ സിംഗിനെയും കങ്കണ പരിഹസിച്ചു. റോഡുകളിലെ കുഴികള്‍ കാരണം ജനങ്ങള്‍ മടുത്തു. തന്റെ മണ്ഡലത്തില്‍ സാധ്യമായതില്‍ കൂടുതല്‍ താന്‍ ചെയ്യും, പക്ഷേ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും എന്തെങ്കിലും ചെയ്യണം എന്നാണ് വിക്രമാദിത്യ സിംഗിനെ കുറിച്ച് കങ്കണ പറഞ്ഞത്.


കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഉണ്ടായ മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം, കനത്ത മഴ എന്നിവയാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് ഹിമാചല്‍ പ്രദേശ്. മുഖ്യമന്ത്രിയും മന്ത്രിമാരും രണ്ട് മാസത്തെ ശമ്പളം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു. എല്ലാ മന്ത്രിമാരും രണ്ട് മാസത്തേക്ക് ശമ്പളമോ ടിഎയോ ഡിഎയോ എടുക്കില്ല. ഇത് ഒരു ചെറിയ തുക മാത്രമാണ്. പക്ഷേ ഇത് പ്രതീകാത്മകമാണ്. എല്ലാ എംഎല്‍എമാരോടും ഈ വഴി പിന്തുടരാന്‍ അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.


Follow us on :

More in Related News