Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിദ്ദീഖിന്റെ ആവശ്യം അംഗീകരിച്ചു; മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നത് മാറ്റി

22 Oct 2024 14:07 IST

Shafeek cn

Share News :

ന്യൂഡല്‍ഹി: സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി സുപ്രീംകോടതി. രണ്ടാഴ്ചത്തേക്കാണ് മാറ്റിയത്. സിദ്ദിഖിന്റെ ആവശ്യപ്രകാരം സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതികരിക്കാന്‍ രണ്ടാഴ്ച സമയം വേണമെന്നായിരുന്നു സിദ്ദിഖിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടത്. ഇതാണ് കോടതി അം?ഗീകരിച്ചത്.


സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു. ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടെ ഹാജരാക്കാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും സിദ്ദിഖ് അലംഭാവം കാണിച്ചുവെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. രണ്ട് തവണ ഇതിന് ശേഷം ഹാജരായിട്ടും സിദ്ദിഖ് തെളിവുകള്‍ സമര്‍പ്പിച്ചില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. തെളിവുകള്‍ നശിപ്പിച്ചെന്ന സംശയമുണ്ടെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.


അതേസമയം അന്വേഷണത്തോട് താന്‍ പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്റെ വാദം. അന്വേഷണ സംഘം ആവശ്യപ്പെട്ട മൊബൈല്‍ ഫോണ്‍ തന്റെ പക്കലില്ലെന്നും മറ്റു രേഖകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സിദ്ദിഖ് കോടതിയെ അറിയിച്ചിരുന്നു. സിദ്ദിഖിനായി മുതിര്‍ന്ന അഭിഭാഷകര്‍ വി ഗിരിയാണ് ഹാജരായത്. കേസില്‍ നേരത്തേ ജഡ്ജിമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരുടെ ബെഞ്ച് സിദ്ദിഖിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞിരുന്നു. കേസ് ഇനി പരിഗണിക്കുന്നത് വരെയായിരുന്നു അറസ്റ്റ് തടഞ്ഞത്. അറസ്റ്റുണ്ടായാല്‍ വിചാരണക്കോടതി നിര്‍ദേശിക്കുന്ന വ്യവസ്ഥകളോടെ ജാമ്യത്തില്‍ വിടണമെന്നും നിര്‍ദേശിച്ചിരുന്നു.


അതേസമയം പരാതി നല്‍കാന്‍ എട്ട് വര്‍ഷം കാത്തിരുന്നത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി നേരത്തെ ചോദിച്ചിരുന്നു. സംഭവം നടക്കുന്ന സമയത്ത് 21 വയസായിരുന്നു യുവതിയുടെ പ്രായമെന്നും സിദ്ദിഖ് അന്ന് സിനിമാ മേഖലയിലെ പ്രമുഖ താരമായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. മീ ടു വാദം ഉയര്‍ന്ന സമയത്ത് യുവതി സംഭവത്തെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നുവെന്നും എന്നാല്‍ കേസായത് ഇപ്പോള്‍ ആണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 2016ല്‍ മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.


Follow us on :

More in Related News