Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിദ്ദിഖ് ഒളിവിൽ: ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു

24 Sep 2024 12:57 IST

Shafeek cn

Share News :

കൊച്ചി: ലൈംഗികാതിക്രമ കേസിലെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി നടന്‍ സിദ്ദിഖ്. നിയമവൃത്തങ്ങളുമായി കൂടിയാലോചന നടത്തുന്നുവെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. വിധിന്യായത്തിന്റെ പകര്‍പ്പ് ലഭിക്കുന്ന മുറയ്ക്ക് നാളെ തന്നെ സുപ്രീം കോടതിയെ സമീപിക്കാനാണ് നടന്റെ നീക്കമെന്നും വിവരമുണ്ട്.


അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സിദ്ദിഖ് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും മാധ്യമങ്ങള്‍ക്കു മുന്നില്‍വരാതെ മാറിയതും. നിലവില്‍ കൊച്ചിയിലെ വീട്ടില്‍ നടന്‍ ഇല്ലെന്നാണ് വിവരം. വിമാനത്താവളങ്ങളില്‍ സിദ്ദിഖിനെതിരെ ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കുന്നത് തടാനാണ് പൊലീസിന്റെ നീക്കം.


തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സിദ്ദിഖ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ ഏക പ്രതിയാണ് സിദ്ദിഖ്. ഓണാവധിക്ക് മുമ്പായിരുന്നു ഹൈക്കോടതി സിദ്ദിഖിന്റെ വാദം വിശദമായി കേട്ടത്. തുടര്‍ന്ന് ഇന്ന് വിധി പറയുകയായിരുന്നു. ജസ്റ്റിസ് സിഎസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.2017ല്‍ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് വേണ്ടി ഹാജരായ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍പിള്ളയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് സിദ്ദിഖിന് വേണ്ടി ഹാജരായത്.


പ്രോസിക്യൂഷന് വേണ്ടി ഹാജരായത് പി നാരായണനാണ്. നേരത്തെ പത്തോളം തെളിവുകള്‍ സീല്‍ വെച്ച കവറുകളില്‍ പല ഘട്ടങ്ങളിലായി നാരായണന്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിച്ചിരുന്നു. പരാതി നല്‍കാന്‍ വൈകുന്നത് ജാമ്യം നല്‍കാനുള്ള കാരണമല്ലെന്നും സിദ്ദിഖിനെതിരായ പരാതി ഗൗരവതരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വെളിപ്പെടുത്തല്‍ പുറത്തുവന്നത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിയുടെ മൊഴിയെ അവിശ്വസിക്കേണ്ടതില്ലെന്നും ഹൈക്കോടതി നിരീക്ഷിക്കുകയായിരുന്നു.അതേസമയം സിദ്ദിഖ് ഒളിവിലാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തന രഹിതമാണ്. പടമുകളിലെ വീട്ടിലും ആരും ഇല്ല, വാഹനവും ഇല്ല. കഴിഞ്ഞ ദിവസം വരെ സിദ്ദിഖ് വീട്ടിലുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്.


Follow us on :

More in Related News