Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 14:35 IST
Share News :
പാലക്കാട്: കോണ്‍ഗ്രസില്‍ നിന്നും വിടുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ പ്രതികരണവുമായി കെപിസിസി ഡിജിറ്റല്‍ സെല്‍ അധ്യക്ഷന്‍ പി സരിന്‍. പാലക്കാട് സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍ചിന്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്ന് സരിന്‍ പറഞ്ഞു. 'ചില ആളുകളുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി തീരുമാനങ്ങളുടെ ബലാബലത്തില്‍ ജയിച്ച് കയറിയാല്‍ പാര്‍ട്ടി വരുതിയിലായി എന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കില്‍ എട്ടാം തീയതി നടന്ന ഹരിയാന ആവര്‍ത്തിക്കുമോയെന്ന ഉള്‍ഭയമുണ്ട്. എല്ലാവരും പറയുന്നുണ്ട് 2026ന്റെ സെമിഫൈനലാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പെന്ന്. തോറ്റാല്‍ എന്ത് ചെയ്യുമെന്ന് ആരും ആലോചിക്കുന്നില്ല. ഞാന്‍ പറയുന്ന, എന്റേയാള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ബന്ധങ്ങള്‍ വകവെച്ച് കിട്ടുമെന്ന് മുന്‍കാല ബോധ്യങ്ങളില്‍ നിന്ന് ചിലര്‍ക്ക് വന്നെങ്കില്‍ അത് വകവെച്ചാല്‍ വരാന്‍ പോകുന്ന ഭവിഷ്യത്ത് എനിക്ക് കൃത്യമായി മനസിലായി.
സ്വന്തം ആള്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ചിലരുടെ നിര്‍ബന്ധങ്ങളെ വകവെച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് തനിക്ക് കൃത്യമായി മനസിലായെന്നും സരിന്‍ കൂട്ടിച്ചേര്‍ത്തു. യാഥാര്‍ത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആ യാഥാര്‍ത്ഥ്യം മുന്നില്‍ നില്‍ക്കുമ്പോള്‍ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ട് ചില കാര്യങ്ങള്‍ നടത്തിയെടുക്കാമെന്ന് വിചാരിച്ചാല്‍ വില കൊടുക്കേണ്ടത് കോണ്‍ഗ്രസ് പ്രസ്ഥാനമാണെന്ന ബോധ്യത്തില്‍ ആരെങ്കിലും തിരുത്തിയില്ലെങ്കില്‍ നവംബര്‍ 23നുള്ള ഫലം ഒരുപക്ഷേ കയ്യില്‍ നില്‍ക്കില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും ചര്‍ച്ചകളും അതിലെ ഗുണവും ദോഷവും അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞും മനസിലാക്കിയും പാര്‍ട്ടി പണ്ട് തീരുമാനമെടുത്തിരുന്നു. അത് മാറിപ്പോയതായി ഞാന്‍ വൈകി അറിഞ്ഞു. പാര്‍ട്ടിയുടെ മൂല്യങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും രാഹുല്‍ ഗാന്ധിക്കും ഇന്നലെ രാവിലെ രണ്ട് മെയില്‍ അയച്ചു. അതിന് മുമ്പ് സംസ്ഥാനത്തെ ആളുകളോടും സൂചിപ്പിച്ചിരുന്നു. 2021ല്‍ സംഭവിച്ചതെന്താണെന്ന് കത്തില്‍ സൂചിപ്പിച്ചു. ശ്രീധരനോളം വലുപ്പമില്ലെങ്കിലും പകരക്കാരനല്ലെങ്കിലും എന്നെ ഉപയോഗപ്പെടുത്തി പാര്‍ട്ടിക്ക് ഒരു മുഖമുണ്ടാക്കാന്‍ പറ്റുമെങ്കില്‍ ശ്രമിക്കാമെന്ന് പറഞ്ഞു', അദ്ദേഹം പറഞ്ഞു. ചില കാര്യങ്ങളെ മാത്രം അടിസ്ഥാനമാക്കി സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചാലുള്ള അപകടം പറഞ്ഞുവെന്നും സരിന്‍ പറഞ്ഞു. വെള്ളക്കടലാസില്‍ അച്ചടിച്ചു വന്നാല്‍ സ്ഥാനാര്‍ത്ഥിത്വം പൂര്‍ണ്ണമാകില്ലെന്ന് പറഞ്ഞ സരിന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും കൂട്ടിച്ചേര്‍ത്തു. രാഹുലിനെതിരെ രൂക്ഷമായ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. 'ഇനിയും പുനപരിശോധിക്കാന്‍ അവസരമുണ്ട്. പരിശോധിക്കണം. ജയിച്ചേ പറ്റു. അല്ലെങ്കില്‍ തോല്‍ക്കുന്നത് രാഹുല്‍ മാങ്കൂട്ടത്തിലല്ല, രാഹുല്‍ ഗാന്ധിയാണ്.
ഇന്ത്യയില്‍ സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ അതിന്റെ അടിവേര് അറുക്കാന്‍ പുറപ്പെട്ട മനുഷ്യനെ കേരളത്തില്‍ കോണ്‍ഗ്രസ് തോല്‍പ്പിക്കരുത്. ബിജെപിക്ക് വോട്ട് കിട്ടുന്നതും അഡ്രസ് ചെയ്യണം. അത് കോണ്‍ഗ്രസ് അല്ലാതെ വേറെ ആരാണ് അഡ്രസ് ചെയ്യുക. അത് അഡ്രസ് ചെയ്യുന്ന സമയത്ത് തോന്നിവാസം കാണിക്കുക, ആ തോന്നിവാസത്തിനനുസരിച്ച് കയ്യടിക്കാനാളുകളുണ്ടാകുക, അതാണ് തീരുമാനമെന്ന് പറഞ്ഞ് തീരുമാനിക്കുക, നടക്കില്ല. പാര്‍ട്ടി പുനപരിശോധിക്കണം. പുനപരിശോധിച്ച ശേഷം രാഹുല്‍ മാങ്കൂട്ടത്തിലാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് പകുതി ജയിച്ചു. ഈ വോട്ടര്‍മാര്‍ക്ക് വിശ്വാസം നല്‍കണം. സ്ഥാനാര്‍ത്ഥിയെ ആരും കെട്ടിയിറക്കിയതല്ല ഞങ്ങളുടെ കൂട്ടായ തീരുമാനമാണെന്നും ഈ സ്ഥാനാര്‍ത്ഥി ജയിച്ച് വരേണ്ടത് പാലക്കാടിന്റെ ജനാധിപത്യ ബോധ്യത്തിന്റെ ആവശ്യമാണെന്നുമുള്ള വിശ്വാസം നല്‍കണം. അങ്ങനെ പറഞ്ഞിട്ട് സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ പറ്റണം', സരിന്‍ പറഞ്ഞു.
സ്ഥാനാര്‍ത്ഥി ചര്‍ച്ച ഒരു പ്രഹസനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയും റീലുമിട്ടാല്‍ ഹിറ്റായെന്നാണ് വിചാരമെന്നും സമൂഹത്തെ നേര്‍ വഴിക്ക് നയിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ത്യാഗം സഹിക്കാന്‍ അറിയണമെന്നും ജയിലില്‍ കഴിയുന്നതല്ല ത്യാഗമെന്നും സരിന്‍ വിമര്‍ശിച്ചു. പാര്‍ട്ടി ഗ്രൂപ്പുകളില്‍ നിന്നും ലെഫ്റ്റ് അടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Follow us on :
Tags:
Please select your location.