Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Aug 2024 10:54 IST
Share News :
കല്പറ്റ : വയനാട്ടിൽ ഉരുപൊട്ടലുണ്ടായ സ്ഥലങ്ങളിൽ വീടും തൊഴിൽ മാർഗ്ഗങ്ങളും നഷ്ടപ്പെട്ടവർക്ക് പുനരധിവാസപദ്ധതി നടപ്പിലാക്കലാണ് ഏറ്റവും അത്യാവശ്യമെന്ന് കേരള നദ് വതുൽ മുജാഹിദീൻ ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു. ഇതിന്നായി കെ. എൻ. എം പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഉടൻ ആവശ്യമായ അടിയന്തിര സഹായങ്ങളെല്ലാം സർക്കാറും സന്നദ്ധ സംഘങ്ങളും ചെയ്ത് വരുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിനുണ്ടെന്ന് ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.
ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനങ്ങളിൽ സേവനം ചെയ്യുന്ന ഐ. എസ്.എം ഈലാഫ് പ്രവർത്തകരും വയനാട്ടിലെ കെ .എൻ . എം ഭാരവാഹികളുമായി ഡോ. മടവൂർ ചർച്ച നടത്തി. ഈലാഫ് ആംബുലൻസുകൾ രാപ്പകൾ സർവ്വീസ് നടത്തുന്നുണ്ട്.
ജില്ലാ കെ.എൻ. എം നേതാക്കളായ കെ.എം. കെ ദേവർഷോല , സി.കെ.ഉമ്മർ പിണങ്ങോട് , സയ്യിദ് അലി സലാഹി കല്പറ്റ , ഉമ്മർ ഹാജി ബത്തേരി, ഖത്തർ ഇബ്റാഹിം മേപ്പാടി, അശ്റഫ് വെള്ളമുണ്ട, യൂനുസ് ഉമരി , ഹുസൈൻ മൗലവി തുടങ്ങിയവരോടൊപ്പം അദ്ദേഹം ദുരിതാശ്വാസ കേമ്പുകൾ സന്ദർശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, അംഗങ്ങൾ, ഉദ്യോഗസ്ഥന്മാർ തുടങ്ങിയവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ദുരന്തത്തിൽ മരണപ്പെട്ട പള്ളി ഇമാം ശിഹാബ് ഫൈസിയുടെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തു. സ്ഥലം സന്ദർശിക്കാനെത്തിയ കോഴിക്കോട് രൂപതാ ബിഷപ്പ് റവ.ഡോ. വർഗീസ് ചക്കാലക്കലിനെ പനമരം ജുമാമസ്ജിദ് ഇമാം മുസ്തഫ ഫൈസിയും ഭാരവാഹികളും സ്വീകരിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഡോ. ഹുസൈൻ മടവൂർ, മുൻ എം.എൽ.എ സി മമ്മുട്ടി തുടങ്ങിയവരുമായി ബിഷപ്പ് ചർച്ച നടത്തി. ദുരിതാശ്വാസ,പുനരധിവാസപ്രവർത്തനങ്ങളിൽ ഒരു വ്യത്യാസവും നോക്കാതെ മനുഷ്യരൊന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡോ. യൂനുസ് സലിം, അബ്ദുൽ ഗഫൂർ ഫാറൂഖി, മൂസക്കോയ പരപ്പിൽ, മുസ്തഫ നുസരി എന്നിവർ ഹുസൈൻ മടവൂരിനെ അനുഗമിച്ചു.
Follow us on :
Tags:
More in Related News
Please select your location.