Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 20:25 IST
Share News :
തിരുവനന്തപുരം : കേരളത്തിന്റെ പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെകർ തിരുവനന്തപുരത്തെത്തി. വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ വച്ചാണ് നിയുക്ത ഗവർണർക്ക് കേരള സർക്കാർ സ്വീകരണം നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി, മറ്റ് മന്ത്രിമാർ, സർക്കാർ പ്രതിനിധികള്‍, ജില്ലാ കളക്ടർ, മേയർ, സ്പീക്കർ തുടങ്ങിയവർ ചേർന്ന് പുതിയ ഗവർണറെ സ്വീകരിച്ചു. വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് രാജ്ഭവനിലാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ നടക്കുക. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.
ബിഹാർ ഗവർണറായിരുന്ന ആർലെകറിന് കേരളത്തിന്റെ ചുമതല നല്‍കിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞയാഴ്ചയായിരുന്നു രാഷ്‌ട്രപതി ഭവൻ പുറപ്പെടുവിച്ചത്. ഗോവ നിയമസഭാ മുന്‍ സ്പീക്കറായിരുന്നു രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ബിഹാര്‍ ഗവര്‍ണറായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും സ്ഥാനം വഹിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു ആർലേക്കർ. 1980കളില്‍ തന്നെ ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായിരുന്നു. പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
കടലാസ് രഹിത അസംബ്ലിയെന്ന നേട്ടം ഗോവ മന്ത്രിസഭയ്ക്ക് നല്‍കിയത് ആർലേക്കറിന്റെ ഇടപെടലിലൂടെയായിരുന്നു. 2015ല്‍ ഗോവ മന്ത്രിസഭ പുനസംഘടനയില്‍ ആർലേക്കര്‍ വനം വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021ലാണ് ഹിമാചല്‍ പ്രദേശിലെ ഗവര്‍ണറായി നിയമിതനായത്. പിന്നീട് 2023ൽ ബിഹാർ ഗവർണറായി നിയമിതനായി.
Follow us on :
Tags:
More in Related News
Please select your location.