Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2024 07:08 IST
Share News :
മുട്ടം: പ്രകൃതിഭംഗി കൊണ്ട് കേരളത്തിലെ ഏത് ടൂറിസ്റ്റ് കേന്ദ്രത്തോടും കിട പിടിക്കുമെങ്കിലും കാര്യമായി വികസനം വന്നിട്ടില്ലാത്ത വിനോദസഞ്ചാര കേന്ദ്രമാണ് കോട്ടയം, ഇടുക്കി ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറ. സമുദ്ര നിരപ്പില്‍ നിന്ന് 3200 അടി ഉയരത്തിലാണ് ഈ സ്ഥലം. ഇവിടെ നിന്ന് നോക്കിയാൽ ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, തൃശൂര്‍ എന്നീ ആറു ജില്ലകള്‍ കാണാനാകും. മരങ്ങള്‍ ഇല്ലാത്തതിനാല്‍ ഇവിടെ ഇലകള്‍ വീഴാറില്ല. ഇതാണത്രെ ‘ഇലവീഴാപൂഞ്ചിറ’ എന്ന പേരു പതിയാൻ കാരണം. ‘ഇലവീഴാപൂഞ്ചിറ’ എന്ന സിനിമ ഹിറ്റായ ശേഷം ഈ സ്ഥലം തേടിവരുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. എപ്പോഴും നൂലുപോലെ മഴപെയ്തു നില്ക്കുന്ന പൂഞ്ചിറയുടെ താഴ്വരയെ കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് എന്നീ മലകള്‍ ചുറ്റി നില്ക്കുന്നു. മലയുടെ ഒരു വശത്ത് ഗുഹയുമുണ്ട്. ഡി.ടി.പി.സിയുടെ ചെറിയ റിസോര്‍ട്ടും പൂഞ്ചിറയിലുണ്ട്. മലമുകളിലെ ഈ റിസോര്‍ട്ടിലിരുന്നുള്ള താഴ്വര കാഴ്ചകൾ വിവരണാതീതം. തണുത്ത കാറ്റും വര്‍ഷത്തില്‍ ഏറിയ പങ്കും ഈ മലനിരകളെ പുതപ്പണിയിക്കാറുള്ള കോടമഞ്ഞുമൊക്കെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സുഖകരമായ അനുഭൂതി സമ്മാനിക്കുന്നു. മലമുകളിൽ നിന്നുള്ള സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും കാഴ്ചകൾ വിസ്മയകരമാണ്.
ഇലവീഴാപൂഞ്ചിറയിലെ ട്രക്കിങ്ങും ആനന്ദകരമായ അനുഭവമാണ്. അധികം വിനോദസഞ്ചാരികൾ എത്താത്തതിനാൽ ശാന്തമായ അന്തരീക്ഷമാണ് പൂഞ്ചിറയിൽ. തൊടുപുഴയില്‍ നിന്ന് മുട്ടം മേലുകാവ് വഴി 20 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇവിടെയെത്താം. കൂടാതെ കാഞ്ഞാറിൽ നിന്നും കൂവപ്പള്ളി ചക്കിക്കാവ് വഴി ഒമ്പത് കിലോമീറ്റർ സഞ്ചരിച്ചും എത്താം. കോട്ടയം ജില്ലയില്‍ നിന്ന് 55 കിലോമീറ്റര്‍ താണ്ടി വേണം ഇലവീഴാപൂഞ്ചിറയിൽ എത്താൻ.
ഇതിഹാസത്തിലെ പൂഞ്ചിറ
ഇലവീഴാപൂഞ്ചിറ എന്ന പേരിന് മഹാഭാരതകഥയുമായി ബന്ധമുണ്ട്. പാണ്ഡവർ വനവാസകാലത്ത് ഇവിടെ വസിച്ചതായാണ് ഐതിഹ്യം. ഭീമൻ പാഞ്ചാലിക്കായി നിർമിച്ച കുളത്തിൽ സ്ഥിരമായി നീരാടാൻ എത്തിയിരുന്നുപോലും. പാഞ്ചാലിയുടെ നീരാട്ട് കണ്ട ചില ദേവന്മാരുടെ മനസ്സ് ഇളകി. ഇത് മനസ്സിലാക്കിയ ദേവൻമാരുടെ രാജാവായ ഇന്ദ്രൻ തടാകത്തിന് മറയായി നിർമിച്ചതാണ് കുടയത്തൂര്‍, തോണിപ്പാറ, മാങ്കുന്ന് മലകൾ എന്നാണ് ഐതിഹ്യം.
അസൗകര്യങ്ങളിൽ വലഞ്ഞ്സഞ്ചാരികൾ
ദിനംപ്രതി നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന ഇലവീഴാപൂഞ്ചിറ അസൗകര്യങ്ങളുടെ നടുവിലാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരം കവലയിൽ നിന്നും ആധുനികരീതിയിൽ ടാറിങ് പൂർത്തിയായതോടെ നിരവധി വിനോദസഞ്ചാരികൾ അതുവഴി എത്തുന്നു. കാഞ്ഞാറിൽ നിന്നുള്ള റോഡും ടാറിങ് പൂർത്തിയായിട്ടുണ്ട്. ചക്കിക്കാവിൽ നിന്നും ഇലവീഴാപൂഞ്ചിറ വരെയുള്ള ഭാഗം ടാറിങ് നടത്താതെ ദീർഘകാലം കിടന്നിരുന്നു. നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് ശേഷമാണ് ആഭാഗം ടാറിങ് പൂർത്തിയാക്കിയത്. സഞ്ചാരികൾക്ക് പ്രാഥമിക ആവശ്യം നിർവഹിക്കാനുള്ള സൗകര്യം പോലുമില്ല. ഇലവീഴാപൂഞ്ചിറ വ്യൂ പോയന്റിന്റെ 800 മീറ്റർ താഴെ വരെ നല്ല റോഡുണ്ട്. അവിടെ നിന്നും വിനോദസഞ്ചാരികളെ ട്രിപ്പ് ജീപ്പിലാണ് മുകളിലെത്തിക്കുന്നത്. ഈ 800 മീറ്റർ ഭാഗം പൊട്ടി പ്പൊളിഞ്ഞ് ഗർത്തങ്ങളായാണ് കിടക്കുന്നത്. ജീപ്പ് കടന്നുപോകുമ്പോൾ പ്രദേശമാകെപൊടി നിറയും.
കടപ്പാട് Haris Mdm
Follow us on :
More in Related News
Please select your location.