Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനം നാളെ: ഗവർണറും മുഖ്യമന്ത്രിയും ചേർന്നു സ്വീകരിക്കും; ഗതാഗത നിയന്ത്രണം

09 Aug 2024 09:13 IST

Shafeek cn

Share News :

കൽപറ്റ; വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. വ്യോമസേനയുടെ എയർ ഇന്ത്യ വൺ വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്റ്ററിലാണു വയനാട്ടിലേക്കു പോകുന്നത്.


ഇതിനായി വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ആവശ്യമെങ്കിൽ റോഡ് മാർഗം യാത്ര ചെയ്യാൻ ബുള്ളറ്റ് പ്രൂഫ് കാറും സുരക്ഷാ സന്നാഹങ്ങളും ഇന്നലെ പ്രത്യേക വിമാനത്തിൽ കണ്ണൂരിലെത്തിച്ചു.


പ്രധാനമന്ത്രി സഞ്ചരിക്കേണ്ട എയർ ഇന്ത്യ വൺ വിമാനം ഇന്ന് കണ്ണൂരിലെ റൺവേയിൽ പരീക്ഷണ ലാൻഡിങ് നടത്തും. ഹെലികോപ്റ്ററുകൾ കൽപറ്റയിലെ എസ്കെഎംജെ സ്കൂൾ മൈതാനത്തായിരിക്കും ഇറക്കുക. കൽപറ്റ റെസ്റ്റ് ഹൗസിൽ വിശ്രമിച്ച ശേഷം റോഡ് മാർഗമാകും പ്രധാനമന്ത്രി ദുരന്തമേഖലയിലേക്കു പോകുക. സുരക്ഷയുടെ ഭാഗമായി ഹെലികോപ്റ്ററുകൾ ഇന്നലെ ഈ ഭാഗത്തുകൂടി പറന്നു വ്യോമനിരീക്ഷണം നടത്തി.


കണ്ണൂർ വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിക്കും. ഇരുവരും വയനാട്ടിലേക്കു പ്രധാനമന്ത്രിയെ അനുഗമിക്കും. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനായി വിമാനത്താവളത്തിൽ കലക്ടറുടെ അധ്യക്ഷതയിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.


വയനാട്ടിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകഴിഞ്ഞ് 3.40ന് കണ്ണൂർ വിമാനത്താവളത്തിൽ തിരിച്ചെത്തുന്ന പ്രധാനമന്ത്രി 3.45ന് ഡൽഹിയിലേക്കു മടങ്ങും. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ‍ കൽപറ്റ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.


കൽപറ്റ എസ്കെഎംജെ സ്കൂളിലെ ഹെലിപാഡും പരിസരവും പ്രത്യേക സുരക്ഷാവലയത്തിലാണ്. കൽപറ്റയിൽനിന്ന് മേപ്പാടിയിലേക്കുള്ള റോഡിലെ കുഴികളടയ്ക്കലും തകൃതിയായി നടന്നു. ഡൽഹിയിൽനിന്നുള്ള ഉദ്യോഗസ്ഥ സംഘത്തിലെ ചിലർ ഇന്നു കൽപറ്റയിലെത്തും.

Follow us on :

More in Related News