Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലാ വികസന സമിതിയോഗം ചേര്‍ന്നു

02 Mar 2026 19:28 IST

Jithu Vijay

Share News :

മലപ്പുറം : ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ജില്ലാവികസന സമിതി യോഗം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു. എ.ഡി.എം. കെ.ദേവകി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.വി.ഷാജു, എം.എല്‍.എ.മാരായ കുറുക്കോളി മൊയ്തീന്‍, പി.ഉബൈദുള്ള എന്നിവരുടെയും ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി.യുടെയും പ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിച്ചു. 


സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സറിനെതിരായ എച്ച്.പി.വി. വാക്‌സിന്‍ (ഹ്യൂമന്‍ പാപ്പിലോമ വൈറസ്) ക്യാംപയിന്‍ ജില്ലയില്‍ ഇന്ന് (ശനി) ആരംഭിക്കുമെന്നും ആദ്യഘട്ടത്തില്‍ 14 വയസു പൂര്‍ത്തിയായതും എന്നാല്‍ 15 കവിയാവത്തവരുമായ പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു. ഈ വാക്‌സിന്‍ പിന്നീട് നിര്‍ബന്ധിത വാക്‌സിന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തുമെന്നും ഡി.എം.ഒ. പറഞ്ഞു. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണെന്നും വാക്‌സിന്‍ എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യു-വിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് എടുക്കാവുന്നതാണെന്നും ഡി.എം.ഒ.പറഞ്ഞു. 


ജപ്പാന്‍ മസ്തിഷ്‌കജ്വരത്തിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയില്‍ ജനുവരി 12 മുതല്‍ ആരംഭിച്ച വാക്‌സിനേഷന്‍ ക്യാംപയിനില്‍ ഒന്നു മുതല്‍ 15 വയസു വരെയുള്ള 12,10996 കുട്ടികള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാനുണ്ടായിരുന്നത്. ഇതില്‍ 1,23494 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചത്. ശേഷിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ സമ്മതപത്രം നല്‍കാത്തതിനാലാണ് ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ വൈകുന്നതെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി ഡി.എം.ഒ.പറഞ്ഞു. വാക്‌സിന്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി പ്രത്യേക യോഗം ചേരുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.


അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാര വിതരണം ചെയ്ത വകയില്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ, അരീക്കോട് അഡീഷണല്‍ പ്രൊജക്ട് ഓഫീസുകള്‍ക്ക് കീഴിലുള്ള കുടുംബശ്രീ ന്യൂട്രിമിക്‌സ് യൂണിറ്റുകള്‍ക്ക് നല്‍കാനുള്ള 14,89,298 രൂപയുടെ കുടിശ്ശിക മാര്‍ച്ച് അഞ്ചിനകം ലഭ്യമാക്കുമെന്ന് ടി.വി. ഇബ്രാഹിം എം.എല്‍.എ.യുടെ ചോദ്യത്തിന് മറുപടിയായി കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍, ജില്ലാ വനിതാശിശു വികസന ഓഫീസര്‍ എന്നിവര്‍ അറിയിച്ചു.

Follow us on :

More in Related News