Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂരിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി; സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

31 Oct 2024 08:09 IST

Shafeek cn

Share News :

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ബിജെപി നേതാവ് സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാല്‍ നിര്‍ദേശം. തൃശൂരിലെ എഐവൈഎഫ് നേതാവിന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു. എ.ഐ.വൈ.എഫ് നേതാവ് എസ്.എസ്. ബിനോയിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയക്കുകയായിരുന്നു. സുരേഷ് ഗോപി ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് ഹര്‍ജി. 


ശ്രീരാമ ഭഗവാന്റെ പേരില്‍ സുരേഷ് ഗോപിക്കുവേണ്ടി ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായ എ.പി. അബ്ദുള്ളകുട്ടി വോട്ടുചോദിച്ചു. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു. സുഹൃത്തുവഴി സുരേഷ് ഗോപി പെന്‍ഷന്‍ വാഗ്ദാനം ചെയ്തുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. രാജ്യസഭാ എം.പിയെന്ന നിലയില്‍ ലഭിക്കുന്ന പെന്‍ഷന്‍ തുകയില്‍നിന്ന് ചിലര്‍ക്ക് പണം കൈമാറിയെന്നും ഹര്‍ജിയില്‍ പറയുന്നു. സാമൂഹികമാധ്യമ പോസ്റ്റുകളും ദൃശ്യങ്ങളും ഉള്‍പ്പെടെ രേഖകള്‍ ഹര്‍ജിയുടെ ഭാഗമായി സമര്‍പ്പിച്ചു.


 അട്ടിമറി വിജയമാണ് തൃശൂരില്‍ സുരേഷ് ഗോപി നേടിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെ മുരളീധരനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. വിഎസ് സുനില്‍ കുമാറുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. കേരളത്തിലെ ഏക ബിജെപി എംപിയായി തൃശൂരില്‍ സുരേഷ് ഗോപി ജയിച്ചതോടെ കേന്ദ്ര മന്ത്രി സ്ഥാനവും ലഭിച്ചു. മൂന്നാം മോദി മന്ത്രി സഭയില്‍ സഹമന്ത്രിമാരായി സുരേഷ് ഗോപിയും ജോര്‍ജ്ജ് കുര്യനുമാണ് സ്ഥാനമേറ്റത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.


തൃശൂര്‍ 'എടുത്തത്' മുതല്‍ ഉറപ്പിച്ചതായിരുന്നു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം. എന്നാല്‍ പലതരം അഭ്യൂഹങ്ങളും സംശയങ്ങളും ഉയര്‍ന്നിരുന്നു. ഇതോടെ സിനിമ ചെയ്യാനായി തല്‍ക്കാലം ക്യാബിനറ്റ് പദവി വേണ്ടെന്ന നിലപാടിലായിരുന്നു സുരേഷ് ?ഗോപി. ഒടുവില്‍ ദില്ലിയില്‍ നിന്നും നേരിട്ട് മോദിയുടെ വിളിയെത്തിയതോടെ സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുകയായിരുന്നു. 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം. 

Follow us on :

More in Related News