Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Apr 2024 18:18 IST
Share News :
യുവാവിൻ്റെ മരണം അന്വേഷിക്കണമെന്ന് മതാപിതാക്കളുടെ പരാതി
പറവൂർ: ആലങ്ങാട് തിരുവാല്ലൂർ പാലക്കപറമ്പിൽ സുനിലിൻ്റേയും മിനിയുടേയും മകൻ അഭിജിത്ത് (20) അത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിജിത്തിൻ്റെ മാതാവ് മിനി മുഖ്യമന്ത്രിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ഇക്കഴിഞ്ഞ 16 നാണ് അഭിജിത്തിനെ വീടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പ്രാദേശിക ബിജെപി നേതാവിൻ്റെ ഭീഷണിയെ തുടർന്നാണ് അഭിജിത്ത് ആത്മഹത്യ ചെയ്തതെന്ന ആരോപണം അന്നേ കുടുംബം ഉന്നയിച്ചിരുന്നു. 12 ന് തിരുവാല്ലൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള പ്രശ്നങ്ങളാണ് അഭിജിത്തിനെ മരണത്തിലേക്ക് തള്ളിവിട്ടത്. തിരുവാല്ലൂർ കളളിക്കാട്ട് പറമ്പിൽ കുഞ്ഞയ്യപ്പൻ മകൻ സുരേഷ്, വേലായുധൻ മകൻ സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കമ്പിവടി കൊണ്ട് അഭിജിത്തിനെ മർദിച്ചെന്നും, പരിക്കേറ്റതിനെ തുടർന്ന് ആലുവ ജില്ലാ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ചികിത്സ തേടിയതായും പരാതിയിലുണ്ട്. ബിജെപി നേതാവും ആലങ്ങാട് മുൻ പഞ്ചായത്തംഗവുമാണ് സുരേഷ്. സുരേഷിൻ്റെ ഭാര്യ വിജി നിലവിൽ ബിജെപിയുടെ പഞ്ചായത്തംഗമാണ്. ജനമധ്യത്തിൽ വച്ച് അപമാനിക്കപ്പെട്ടതിൽ ഏറെ ദുഖമുണ്ടെന്ന് മരിക്കുന്നതിൻ്റെ തലേന്ന് അഭിജിത്ത് അമ്മ മിനിയോട് പറഞ്ഞിരുന്നു. തിരുവാല്ലൂർ സ്വദേശികളായ അമൽ കൃഷ്ണ, കിരൺ, രാഹുൽ വിജയൻ, വൈശാഖ്, രാഹുൽ എന്നിവരും മർദ്ദിച്ച സംഘത്തിലുണ്ടായെന്നും അഭിജിത്ത് പറഞ്ഞതായി മിനി നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ആലുവ വെസ്റ്റ് പൊലീസിൽ അഭിജിത്ത് പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല.എന്നാൽ അഭിജിത്തിനെതിരെ, സജിത്ത് എന്നയാൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തതായും പരാതിയിലുണ്ട്. അഭിജിത്തിൻ്റെ കാര്യം ഇനി ഞങ്ങൾ നോക്കിക്കൊള്ളാമെന്ന് സുരേഷ് പറഞ്ഞെന്നും സംഭവ ശേഷം പലവട്ടം ഇവർ അഭിജിത്തിനെ ഭീഷണിപ്പെടുത്തിയതായും മിനി നൽകിയ പരാതിയിലുണ്ട്. ഇതിനു ശേഷമുള്ള ദിവസങ്ങളിൽ മകൻ ഏറെ അസ്വസ്ഥനായിരുന്നെന്നും, ഇവരുടെ പ്രവർത്തികളും, ഭീഷണികളും മൂലം മറ്റ് വഴിയില്ലാതെ മകൻ ആത്മഹത്യ ചെയ്തതാണെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഉചിതമായ അന്വേഷണം നടത്തി പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കണമെന്ന് മിനി ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.