Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിഐടിയുവിന് പുതിയ നേതൃത്വം: ടി പി രാമകൃഷ്ണൻ പ്രസിഡന്റ്; കെ കെ ജയചന്ദ്രൻ ജനറൽ സെക്രട്ടറി, വി ശിവൻകുട്ടി ട്രഷറർ

09 Nov 2026 17:20 IST

CN Remya

Share News :

കോട്ടയം: സിഐടിയു 16–ാം സംസ്ഥാന സമ്മേളനം ടി പി രാമകൃഷ്ണനെ പ്രസിഡന്റായും കെ കെ ജയചന്ദ്രനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. വി ശിവൻകുട്ടിയാണ് ട്രഷറർ. കെ എൻ ​ഗോപിനാഥ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി. 47 അം​ഗ ഭാരവാഹി കമ്മറ്റിയെയും 190 അംഗ സംസ്ഥാന കമ്മറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാർ: എ കെ ബാലൻ, ജെ മേഴ്സികുട്ടിയമ്മ, എം വി ജയരാജൻ, കൂട്ടായിബഷീർ, യു പി ജോസഫ്, വി ശശികുമാർ, സുനിത കുര്യൻ, എം കെ കണ്ണൻ, എസ് ജയമോഹനൻ, നെടുവത്തൂർ സുന്ദരേശൻ, പി ആർ മുരളീധരൻ, എസ് പുഷ്പലത, പി ബി ഹർഷകുമാർ, സി വി ചന്ദ്രബാബു, ടി കെ രാജൻ, ദീപ കെ രാജൻ, കെ കെ പ്രസന്നകുമാർ, ആർ രാമു, എസ് ഹരിലാൽ, എൻ കെ രാമചന്ദ്രൻ, കടകംപള്ളി സു-രേന്ദ്രൻ,വി വി ബേബി.

സെക്രട്ടറിമാർ: കെ എൻ ഗോപിനാഥ്, കെ എസ് സുനിൽ കുമാർ, സി കെ ഹരികൃഷ്ണൻ, പി പി ചിത്തരഞ്ജൻ, അഡ്വ. പി സജി, പി പി പ്രേമ, ധന്യ ആബീദ്, ഒ സിബിന്ദു, പി കെ മുകുന്ദൻ, എം ഹംസ, പി ഗാനകുമാർ, കെ മനോഹരൻ, പി പത്മജ, മീര നിമേഷ്, വി കെ ഷീജ, പി കെ സന്തോഷ്, എം ജി അജി, പി മണിമോഹൻ, കെ അനിൽ കുമാർ, ആർ തിലകൻ, എസ് ബി രാജു, റെജി സഖറിയ.

ക്ഷണിതാക്കൾ: കെ കെ ദിവാകരൻ, എസ് ശർമ്മ, കെ പി മേരി.


ടി പി രാമകൃഷ്ണൻ

അരനൂറ്റാണ്ടിലേറെ പൊതുപ്രവർത്തനത്ത് തുടരുന്ന ടി പി രാമകൃഷ്ണൻ നിലവിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമാണ്. ഒന്നാം പിണറായി മന്ത്രിസഭയിൽ തൊഴിലും നൈപുണ്യവും എക്സൈസ് എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യംചെയ്‌തു.

1970ൽ എസ്എഫ്ഐ കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായി വിദ്യാർഥി സംഘടനാ മുന്നേറ്റത്തിന് നേതൃത്വം നൽകി. തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും മുന്നിലുണ്ടായി. ജനകീയ സമരങ്ങളിൽ ഭാഗമായതിലൂടെ പലതവണ പൊലീസ് മർദനവും അറസ്റ്റും ജയിൽവാസവും അനുഭവിച്ചു. അടിയന്തരാവസ്ഥ സമയത്ത്‌ അറസ്റ്റുചെയ്ത് കക്കയം ക്യാമ്പിൽ ക്രൂരമർദനമുറകൾക്കിരയാക്കി. ചികിത്സപോലും നൽകാതെ 18 ദിവസം പേരാമ്പ്ര പൊലീസ് സ്റ്റേഷൻ ലോക്കപ്പിലും മൂന്നുമാസം ജില്ലാ ജയിലിലും അടച്ചു. ഇ‍ൗ ക്രൂരമർദനം സൃഷ്ടിച്ച ഗുരുതര ആരോഗ്യപ്രശ്നങ്ങൾ തുടർന്നും വേട്ടയാടി.

സിപിഐ എം ബ്രാഞ്ച് സെക്രട്ടറിമുതൽ കേന്ദ്ര കമ്മിറ്റിയംഗംവരെയുള്ള സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 2004മുതൽ 2014വരെ കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയായിരുന്നു. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌, ഹെഡ് ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌, കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ്‌ എന്നീ പദവികളും വഹിക്കുന്നു.

ടെക്സ്ഫെഡ് ചെയർമാൻ, പ്ലാന്റേഷൻ കോർപറേഷൻ ഡയറക്ടർ, കള്ള് ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, കേരള ടോഡി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗം, കലിക്കറ്റ് സർവകലാശാലാ സെനറ്റ്‌ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കീഴരിയൂർ പഞ്ചായത്തിലെ നമ്പ്രത്തുകര ഉണിച്ചിരാം വീട്ടിൽ ശങ്കരന്റെയും മാണിക്യത്തിന്റെയും മകനാണ്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ എം കെ നളിനിയാണ് ഭാര്യ. രജുലാൽ, രഞ്ജിനി എന്നിവർ മക്കൾ. നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരിലാണ് താമസം.


കെ കെ ജയചന്ദ്രൻ

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗമാണ് കെ കെ ജയചന്ദ്രൻ. കുന്നത്ത് കൃഷ്ണൻ- ജാനകി ദമ്പതികളുടെ മകനായി 1951 ഡിസംബർ 20നാണ് ജനിച്ചത്. കെഎസ്‍വൈഎഫിലൂടെ പൊതുരംഗത്ത് സജിവമായ കെ കെ ജയചന്ദ്രൻ, ദേവികുളം താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1970ൽ സിപിഐ എം പാർടി അംഗമായി. നിരവധി കർഷകതോട്ടം തൊഴിലാളി സമരങ്ങളിലും ഭൂസമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 72ലും 78ലും കൊടിയ മർദനമേറ്റു. സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്നു. 1995 മുതൽ മൂന്നുവർഷം സിപിഐ എം ജില്ലാ സെക്രട്ടറിയായിരുന്നു. പിന്നീട് 2012ൽ ജില്ലാ സെക്രട്ടറി എം എം മണിയെ കള്ളക്കേസിൽപ്പെടുത്തി യുഡിഎഫ് സർക്കാർ അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ആക്ടിങ് സെക്രട്ടറിയായി. 2015 ൽ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഭാര്യ: ശ്രീദേവി. മക്കൾ നീതു, അനന്ത്, അഭിലാ ഷ്. മരുമക്കൾ: ഗിരീഷ്,നബിത, ശ്രുതി.


വി ശിവൻകുട്ടി

സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അം​ഗമായ വി ശിവൻകുട്ടി രണ്ടാം പിണറായി മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസ തൊഴിൽ മന്ത്രിയായിരുന്നു. എം വാസുദേവൻ പിള്ളയുടെയും പി കൃഷ്ണമ്മയുടെയും മകനായി 1954 നവംബർ 10ന് ചെറുവ ക്കലിൽ ജനനം. ബിരുദധാരി. എൽഎൽബി പൂർത്തിയാക്കി. 1995-2000 കാലയളവിൽ തിരുവനന്തപുരം മേയർ. 1988-93ൽ ഉള്ളൂർ പഞ്ചായത്ത് പ്രസിഡന്റായി. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡൻ്റ്, അഖിലേ ന്ത്യ ജോയിന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ചെമ്പഴന്തി എസ്‌എൻ കോളേജ് വിദ്യാർഥി ആയിരിക്കേ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് ജയിൽവാസം അനുഭവിച്ചു.

ഒട്ടേറെ ട്രേഡ് യൂണിയനുകളുടെയും കായിക സംഘടന കളുടെയും ഭാരവാഹിയായി. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെൻ്റ് ചെയർ മാൻ, ട്രാവൻകൂർ ടൈറ്റാനിയം ഡയറക്ടർ, തിരുവനന്തപുരം എയർപോർട്ട് ടാക്‌സി വെൽഫെയർ അസോ. പ്രസിഡന്റ്, ഗവ. പ്രസ് യൂണിയൻ (സിഐടിയു) ജനറൽ സെക്രട്ടറി, ടൈറ്റാനിയം ലേബർയൂണിയൻ പ്രസിഡൻ്റ്, കേരള സർവകലാശാല സെനറ്റ് അംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മേയർ ആയിരിക്കെ ഓൾ ഇന്ത്യ മേയേഴ്‌സ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിയായി. മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി ഗോവിന്ദപിള്ളയുടെ മകളും മാധ്യമ പ്രവർത്തകയുമായ ആർ പാർവതീദേവിയാണ് ഭാര്യ. മകൻ: ഗോവിന്ദ് ശിവൻ. മരുമകൾ: എലീന ജോർജ്.

Follow us on :

More in Related News