Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 17:49 IST
Share News :
ദോഹ: മാമ്പഴ വൈവിധ്യമെല്ലാം ഒരു കുടക്കീഴിൽ ചേർത്തുവെച്ച് ഖത്തറിലെ സൂഖ് വാഖിഫിൽ ഇന്ത്യൻ മാമ്പഴ മേളക്ക് തുടക്കമായി. വ്യാഴാഴ്ച വൈകീട്ട് നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ വിപുൽ, പി.ഇ.ഒ മാനേജിങ് ഡയറക്ടർ നാസർ റാഷിദ് അൽ നഈമി എന്നിവർ ചേർന്ന് മേള ഉദ്ഘാടനം ചെയ്തു. വിദേശകാര്യ മന്ത്രാലയം പ്രോട്ടോകോൾ വിഭാഗം ഡയറക്ടർ ഇബ്രാഹിം ഫഖ്റു, അൽജീരിയ, സ്വീഡൻ, സിംഗപ്പൂർ, കിർഗിസ്താൻ, തുർക്മെനിസ്താൻ, ഗിനിയ, ഇന്തോനേഷ്യ, ഉസ്ബകിസ്താൻ, ദക്ഷിണ സുഡാൻ, നൈജർ, പെറു തുടങ്ങിയ രാജ്യങ്ങളിലെ അംബാസഡർമാരും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നും വിപണി കീഴടക്കി, മാമ്പഴ പ്രേമികളുടെ ഇഷ്ടമായി മാറിയ ഡസൻ കണക്കിന് മാങ്ങകളാണ് മേളയിൽ അണിനിരത്തിയത്. അൽഫോൺസ, കേസർ, ബംഗനപ്പള്ളി, തോട്ടാപുരി, നീലം, മല്ലിക, മൽഗോവ, ലൻഗഡ തുടങ്ങിയ മാങ്ങകളാണ് സന്ദർശകരെ ആകർഷിക്കുന്നത്. മാമ്പഴങ്ങൾക്ക് പുറമെ, മാങ്ങയിൽ നിന്നുള്ള അനുബന്ധ ഉൽപന്നങ്ങളും മേളയുടെ ഭാഗമായുണ്ട്. ഖത്തറിലെ വിവിധ ഫാമുകളിൽ തയാറാക്കിയതും ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്തതുമായ മാവിൻതൈകളും മേളയുടെ ഭാഗമായുണ്ട്. ജൂൺ എട്ടുവരെ നീണ്ടുനിൽക്കുന്ന മേളയിലേക്ക് ദിവസവും വൈകുന്നേരം നാല് മുതൽ ഒമ്പത് വരെ പ്രവേശനം അനുവദിക്കും. ഇന്ത്യൻ എംബസിയും ഐ.ബി.പി.സിയും സംയുക്തമായി സൂഖ് വാഖിഫിനു കീഴിൽ നടത്തുന്ന ‘ഇന്ത്യൻ ഹംബ’ മാമ്പഴ മേളയിലേക്ക് ആദ്യദിനം തന്നെ മാമ്പഴ പ്രേമികളുടെ ഒഴുക്കിനും തുടക്കമായി.
Follow us on :
Tags:
More in Related News
Please select your location.