Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ ജനത 54-ാം ദേശീയദിനം പ്രൗഢമായി ആഘോഷിച്ചു; സന്തോഷത്തില്‍ പങ്കുചേര്‍ന്ന് മലയാളികളും

19 Nov 2024 20:41 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാൻ ജനത 54-ാം ദേശീയദിനം പ്രൗഢമായി ആഘോഷിച്ചു. സ്വദേശികൾക്കൊപ്പം വിദേശികളും ദേശീയദിനത്തെ ആവേശത്തോടെ വരവേറ്റു. സഊദ് ക്യാമ്പിൽ മിലിട്ടറി പരേഡിൽ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സല്യൂട്ട് സ്വീകരിച്ചു. 

ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും ആഘോഷങ്ങൾ തുടരുകയാണ്. രാജ്യത്ത് രണ്ടിടങ്ങളിലായി നടന്ന കരിമരുന്നു പ്രയോഗം കാണാൻ സ്വദേശികളും പ്രവാസികളും ഇരച്ചെത്തി. മസ്‌കറ്റിലെ അൽ ഖൂദിലും സലാലയിലെ ഇത്തിനിലും ആണ് കരിമരുന്നു പ്രയോഗം നടന്നത്. നവംബർ 21 വ്യാഴാഴ്ച ഖസബിലെ ദബ്ദബയിലും രാത്രി 8 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും. 

പ്രവൃത്തി ദിനമായതിനാൽ രാവിലെ മുതൽ ഓഫിസുകളിലും തൊഴിലിടങ്ങളിലും ആഘോഷ പരിപാടികൾ ആരംഭിച്ചു. ജോലി സമയത്തിന് ശേഷവും ആഘോഷങ്ങൾ സജീവമായി. വിവിധ മേഖലകളിൽ സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ വ്യത്യസ്‌തങ്ങളായ ആഘോഷ പരിപാടികളാണ് നടന്നത്. സ്വദേശികളുടെയും വിദേശികളുടെയും നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ മധുര വിതരണം നടന്നു. 

ഒമാനിലെ ഒട്ടു മിക്ക കമ്പനികളും സംഘടനകളും ദേശീയ ദിനം വർണാഭമായി ആഘോഷിച്ചു. ഹഡ്‌കോ പെട്രോളിയം, ബദ്ർ അൽ സമ ആശുപത്രി, പുരുഷോത്തം കഞ്ചി എക്സ്ചേഞ്ച്, ഹോട്ടൽ ഷെറാട്ടൺ, അൽ ഫാർസി മെഡിക്കൽ സപ്ലയേഴ്സ് തുടങ്ങിയ കമ്പനികളും നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, മൊട്ട ഗ്ലോബൽ ഫൗണ്ടേഷൻ ഒമാൻ ചാപ്റ്റർ, റൂവി മലയാളി അസോസിയേഷൻ, മസ്കറ്റ് കെഎംസിസി കോർണിഷ് ഏരിയാ കമ്മറ്റി, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ ഒമാൻ ചാപ്റ്റർ, പവാസി കൗൺസിൽ കേരള സലാല തുടങ്ങിയ സംഘടനകളും ദേശീയ ദിനം വർണാഭമായി ആഘോഷിച്ചു.

പാതയോരങ്ങളും കെട്ടിടങ്ങളും ദേശീയ പതാകകൾ കൊണ്ടും പതാക വർണങ്ങൾ കൊണ്ടും ശോഭനീയമാക്കിയിരുന്നു. വൈകുന്നേരം വാഹനങ്ങളുമായി സ്വദേശികൾ നിരത്തിൽ ഇറങ്ങിയുള്ള ആഹ്ലാദ പ്രകടനത്തിൽ ആയിരങ്ങളാണ് ഓരോ നഗരങ്ങളിലും അണിനിരന്നത്. ലോക രാഷ്ട്രങ്ങളും ഭരണാധികാരികളുമടക്കം നിരവധി പേരാണ് ദേശീയദിനം ആഘോഷിക്കുന്ന രാജ്യത്തിന് ആശംസകൾ നേർന്നത്.

ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന് ഏറെ കാലം രാജ്യത്തെ നയിക്കാൻ ആയുരാരോഗ്യമുണ്ടാകട്ടെയെന്ന് നേതാക്കൾ ആശംസിച്ചു. അന്നം തരുന്ന നാടിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് മലയാളികളും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിവിധ ഭാഗങ്ങളിൽ മലയാളികൾ ദേശീയദിനാഘോഷം വർണാഭമാക്കി.

സുൽത്താനേറ്റിൻ്റെ ദേശീയദിന ആഘോഷത്തിൽ ഗൂഗിളും പങ്കുചേർന്നു. രാജ്യാന്തര ഡിജിറ്റൽ നെറ്റ്‌വർക്ക് ആയ ഗുഗിൾ തിങ്കളാഴ്‌ച മുതലാണ് ഹോം പേജിൽ പ്രത്യേക ഡൂഡിൽ ഒരുക്കിയത്. ഒമാന്റെ ദേശീയ പതാകയും ഹോം പേജിൽ ചേർത്തിരുന്നു. കഴിഞ്ഞ വർഷവും സുൽത്താനേറ്റിന്റെ ദേശീയദിനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൂഡിൽ ഡിസൈൻ മാറ്റിയിരുന്നു.

ദേശീയ ദിനം ആഘോഷിക്കുന്ന സുൽത്താനേറ്റിന് മസ്‌കത്ത് ഇന്ത്യൻ എംബസി ആശംസകൾ നേർന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കറും ആശംസകൾ നേർന്നു. ഒമാൻ വിദേശകാര്യ മന്ത്രി ബദർ അൽ ബുസൈദിക്ക് വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്‌ശങ്കർ ആശംസകൾ നേർന്നുള്ള സന്ദേശം കൈമാറി.

 ദേശീയ ദിനത്തോടനുബന്ധിച്ച് പൊതു സ്വകാര്യ മേഖലക്ക് നാളെ മുതലാണ് അവധി ലഭിക്കുന്നത് .വാരാന്ത്യ അവധി കൂടെ ചേർത്ത് തുടർച്ചയായ നാല് ദിവസം അവധി ലഭിക്കും. 



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News