Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിന്തറ്റിക് ലഹരി വേണ്ട, സിന്തറ്റിക് ട്രാക്ക് ആണ് ലഹരി. നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേട്ടവുമായി കെ.ടി വിനോദ്.

30 Apr 2025 22:43 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : സിന്തറ്റിക് ലഹരി വേണ്ട, സിന്തറ്റിക് ട്രാക്ക് ആണ് ലഹരി. നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേട്ടവുമായി കെ.ടി വിനോദ്. എറണാകുളം മഹാരാജാസ് കോളേജിൻ്റെ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് മാസ്റ്റേഴ്സ് അത്‌ലറ്റ്സ് കൊച്ചി സംഘടിപ്പിച്ച നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടവുമായി പരപ്പനങ്ങാടി സ്വദേശി കെ ടി വിനോദ്. 35- വയസ്സിനും 40 വയസിനും ഇടയിൽ പ്രായമുള്ള പുരുഷവിഭാഗത്തിൽ 800 മീറ്റർ, 1500 മീറ്റർ , 4x400 മീറ്ററിൽ ഗോൾഡ് മെഡലും , 4X100 മീറ്ററിൽ ബ്രോൺസ് മെഡലും നേടിയാണ് നാടിനഭിമാനമായത്. 


പാലത്തിങ്ങൽ കൊട്ടംതല സ്വദേശിയും ഇപ്പോൾ സഹകരണ വകുപ്പിലെ സീനിയർ ഇൻസ്പെക്ടറുമാണ് ഈ മുൻ കേരള പോലീസ് ഫുട്ബോൾ താരം. കളിയോടൊപ്പം പഠനത്തിലും നേട്ടങ്ങൾ കൈവരിച്ച് പുതുതലമുറക്ക് മാതൃകയാണ് ഈ കായികതാരം. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ കായികമാണ് ലഹരി എന്ന ആപ്തവാക്യം ഉൾക്കൊണ്ടുകൊണ്ട് ഈ കഴിഞ്ഞ ദിവസം ബി. ടീം ലഹരിക്കെതിരെ ആയിരത്തോളം ആളുകളെ പങ്കെടുപ്പിച്ച് നടത്തിയ മാരത്തോണിന്റെ കൺവീനർ കൂടിയായിരുന്നു.


വളർന്നുവരുന്ന താരങ്ങൾക്ക് ഒഴിവുസമയങ്ങളിൽ സൗജന്യ പരിശീലനം നൽകുന്നതിനായി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബ് എന്ന സംഘടന രൂപീകരിച്ചിട്ടുണ്ട്. ഫുട്ബോളിനെ പോലെ തന്നെ അത്‌ലറ്റിക്സിനെയും ഒരുപോലെ കൊണ്ടുപോകുന്ന ഈ താരത്തിന്റെ റോൾ മോഡൽ ഇന്ത്യൻ ഫുട്ബോൾ താരം പത്മശ്രീ ഐ എം വിജയൻ ആണ്. ഗ്രാമീണ മേഖലയിലെ കുട്ടികളെ കണ്ടെത്തി തൻ്റെ ഒഴിവുസമയങ്ങളിൽ സൗജന്യ പരിശീലനം നൽകി ജോലിയുൾപ്പെടെയുള്ള വിവിധ മേഖലകളിലേക്ക് എത്തിക്കാൻ ഈ താരത്തിന് കഴിഞ്ഞിട്ടുണ്ട്.


പരിചയപ്പെടാം കെ.ടി വിനോദിനെ...


ഹൃദയം കൊണ്ട് പന്ത് തട്ടി, ഹൃദയംകൊണ്ട് ഫുട്ബോളിനെ സ്നേഹിച്ച് ജീവിത ലക്ഷ്യങ്ങൾ നിറവേറ്റിയ മലപ്പുറത്തുകാരൻ. 

1986 ലോകോത്തര ഫുട്ബോൾ ടീമായ അർജന്റീന, നമ്മളെല്ലാം ആരാധിക്കുന്ന സാക്ഷാൽ ഡിയാഗോ മറഡോണ എന്ന അത്ഭുത പ്രതിഭയുടെ മിന്നും പ്രകടനത്തിലൂടെ ലോകകപ്പ് സ്വന്തമാക്കിയ വർഷം, അതേ വർഷത്തിൽ പാലത്തിങ്ങൽ കൊട്ടംന്തലയിലെ കൂലിപ്പണിക്കാരനായ കുളത്തിൽ തറമ്മൽ വേലായുധന്റെയും ലക്ഷ്മിയുടെയും രണ്ടാമത്തെ മകനായിട്ടായിരുന്നു, വിനോദിന്റെ ജനനം. 


 കൊട്ടംതല എ.എം.യു.പി സ്കൂൾ, ടൗൺ ജി എം.യു.പി സ്കൂൾ, ബി.എം.എച്ച്.എസ് പരപ്പനങ്ങാടി എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചെറുപ്പം മുതലേ കായിക വിനോദത്തിൽ ആയിരുന്നു കൂടുതൽ താല്പര്യം, കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിയിലൂടെയാണ് സ്പോർട്സിലേക്കുള്ള ആദ്യ ചുവടുവെപ്പ്, കാരണം എന്തെന്ന് വെച്ചാൽ അന്നത്തെ കാലത്ത് ഫുട്ബോൾ കിട്ടണമെങ്കിൽ സുഹൃത്തുക്കളുടെ അച്ഛൻ മാരോ ബന്ധുക്കളോ ഗൾഫിൽ നിന്ന് കൊണ്ടുവരേണ്ട അവസ്ഥയായിരുന്നു. അദ്ദേഹത്തിന്റെ പ്രദേശത്തെ സംബന്ധിച്ചിടത്തോളം ഹീറോ ക്ലബ്ബ്, ഫെയ്മസ്,വിന്നേഴ്സ്,തുടങ്ങിയ ക്ലബ്ബുകളെല്ലാം ക്രിക്കറ്റിനായിരുന്നു പ്രാധാന്യം നൽകിയിരുന്നത്, അദ്ദേഹത്തിന്റെ ആദ്യ ക്ലബ്ബ് ഹീറോ ക്ലബ് കൊട്ടംതല ആയിരുന്നു.


എട്ടാം ക്ലാസ് മുതലാണ് ഫുട്ബോളിലേക്ക് ആദ്യമായി കടന്നുവരുന്നത്, ആദ്യകാലത്ത് സ്വന്തമായി ബൂട്ട് വാങ്ങാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് തന്നെ നാട്ടിലെ മുതിർന്ന കളിക്കാരുടെ പഴയ ബൂട്ടുകൾ തുന്നിപ്പിടിപ്പിച്ചും വലിപ്പക്കൂടുതൽ ആണെങ്കിൽ ബൂട്ടിനുള്ളിൽ കടലാസ് നിറച്ചും ആണ് അദ്ദേഹം കളിച്ചിരുന്നത്. സ്വന്തമായൊരു ബൂട്ട് എന്ന സ്വപ്നം സാക്ഷാത്കരിച്ചത് രണ്ടായിരത്തിൽ പരപ്പനങ്ങാടി ബി.എം ഹൈസ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് അന്നത്തെ ഹെഡ്മാസ്റ്റർ സനൽ സാറിന്റെ പ്രത്യേക താല്പര്യത്തിൽ ആയിരുന്നു സ്കൂളിൽ അദ്ദേഹത്തിന്റെ പ്രിയ കായിക അധ്യാപകൻ ബിജു മാഷിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടീം ഉണ്ടാക്കി. കോഴിക്കോടിന്റെ മുൻ താരം റഹീം, സാറായിരുന്നു ചുടലപ്പറമ്പ് മൈതാനിയിൽ കോച്ചിംഗ് ക്യാമ്പ് നടത്തിയിരുന്നത് വിനോദിൻ്റെ ജീവിതത്തിൽ ഒരു വലിയ വഴിത്തിരിവായതും അതു തന്നെയാണെന്ന് നിസ്സംശയം പറയാം. 


 അന്നാദ്യമായാണ് വിനോദ് സുബ്രതോമുഖർജി കപ്പിനെ കുറിച്ച് കേൾക്കുന്നത് അന്നത്തെ സ്കൂളിലെ ടീമിലെ കളിക്കാർ ആയിരുന്ന മുത്തു, ഷാനിബ് എന്നിവരുടെ കൂടെ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ടീമിനെ മുന്നിൽ നിന്ന് പടനയിച്ച് ക്യാപ്റ്റൻ സ്ഥാനത്തു നിന്നുകൊണ്ട് ആദ്യമായി പച്ചപ്പുള്ള ഗ്രൗണ്ടിൽ വെച്ച് പന്തുതട്ടിയത് തന്റെ ടീമിന്റെ കോർട്ടർ ഫൈനൽ വരെയുള്ള തേരോട്ടത്തിൽ നിർണായക പങ്കു വഹിച്ച വ്യക്തി കൂടിയാണ് വിനോദ്.


 ജീവിതത്തിൽ നല്ലൊരു ഫുട്ബോൾ താരം ആകണമെങ്കിൽ കളിയോടൊപ്പം പഠനവും കൊണ്ടുപോകണമെന്ന് വിനോദിനെ പഠിപ്പിച്ചത് അദ്ദേഹത്തിന്റെ ചെറിയച്ചൻ എ.സുബ്രമഹ്ണ്യൻ ആയിരുന്നു, അതിനായി അദ്ദേഹം വിനോദിന് നൽകിയ സമ്മാനം ഇന്ത്യൻ ഫുട്ബോളിലെ കറുത്ത മുത്ത് എന്ന് അറിയപ്പെടുന്ന സാക്ഷാൽ ഐ എം വിജയന്റെ ജീവിതചരിത്രം എഴുതിയ ഒരു പുസ്തകമായിരുന്നു. ഐ എം വിജയന്റെ ജീവചരിത്രം വായിച്ചിട്ടാണ് വിനോദിൻ്റെ ജീവിതത്തിൽ നല്ല നാളുകൾ പിറന്നത്.


 2001ൽ ഹീറോ ക്ലബ്ബ് കൊട്ടം തലക്ക് വേണ്ടി ആദ്യമായി ലോക്കൽ സെവൻസിൽ അരങ്ങേറ്റം കുറിച്ചു, എസ്.എസ്.എൽ.സി വിജയത്തിനുശേഷം തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിൽ അഡ്മിഷൻ ലഭിക്കുകയും സ്കൂൾ ടീമിന് വേണ്ടി മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് മുന്നേറിയ താരം പിന്നീട് ഉപരിപഠനത്തിനായി പി.എസ്.എം.ഒ കോളേജിൽ ബി.കോമിന് അഡ്മിഷൻ എടുക്കുകയും കോളേജ് ടീമിനുവേണ്ടി കളിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് മുജീബ് റഹ്മാൻ എന്ന ഡി.ഡി ബാബുവിന്റെ ക്ഷണത്തോടെ പാലത്തിങ്ങലിൽ വളർന്നുവരുന്ന ഫുട്ബോൾ കളിക്കാർക്ക് എന്നും ഒരു കൈത്താങ്ങായ ഡി.ഡി ഗ്രൂപ്പ്‌ പാലത്തിങ്ങൽ, ക്ലബ്ബിൽ അദ്ദേഹത്തിന് കളിക്കാൻ അവസരം ലഭിക്കുകയും,  കുഞ്ഞാക്കയുടെ ശിക്ഷണത്തിൽ ഫുട്ബോളിലെ എല്ലാ അടവുകളും പയറ്റി തെളിഞ്ഞ് മുന്നിട്ടുനിന്ന താരം. 

അന്നത്തെ ഡി.ഡി യിലെ പ്രിയപ്പെട്ട താരങ്ങളായ രാജൻ, റിയാസ്, ഷാജഹാൻ, സുരേഷ്, നൗഷാദ്, നിസാർ, അഷ്റഫ് കുന്നുമ്മൽ, ഉണ്ണി എന്നിവരുടെ സപ്പോർട്ട് ഫുട്ബാൾ രംഗത്ത് അദ്ദേഹത്തിന് വലിയ മുതൽക്കൂട്ട് തന്നെയായിരുന്നു.


 ബിരുദ കാലത്ത് വിനോദിന് വേണ്ട എല്ലാ സഹായങ്ങളും നിർദേശങ്ങളും നൽകിയിരുന്നത് അദ്ദേഹത്തിന്റെ കായിക വിഭാഗം മേധാവി ആയിരുന്ന സെയ്ഫുദ്ദീൻ സാർ ആയിരുന്നു, അദ്ദേഹമാണ് വിനോദിനെ പഠിപ്പിച്ചത് “എഡുക്കേഷൻ ഉണ്ടെങ്കിലേ ജീവിതത്തിലും കായിക ത്തിലും എന്തെങ്കിലും നേടാൻ സാധിക്കു”

ആ വാക്കുകൾ അക്ഷരംപ്രതി നടപ്പിലാക്കാൻ തീരുമാനിച്ചുറപ്പിച്ച് അദ്ദേഹത്തിന്റെ കഠിനപ്രയത്നം കൊണ്ട് 2006 ൽ സ്പോർട്സ് കൗൺസിൽ കോച്ച് ബീരാൻകുട്ടി സാറിന്റെയും വിട്ടു പിരിഞ്ഞുപോയ പ്രദീപ് (എടരിക്കോട്) സാറിന്റെയും കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും ആ വർഷം കോഴിച്ചെനയിൽ വെച്ച് നടന്ന എച്ച് എം സി നടത്തിയ ടൂർണമെന്റിൽ ഹാട്രിക് ഗോളിന്റെ മികവിൽ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കുകയും ചെയ്തു.


 അതേവർഷം തന്നെ പി.എസ്.എം.ഒ കോളേജിന്റെ ബെസ്റ്റ് സ്പോർട്സ് മാൻ ഓഫ് ദി ഇയർ അവാർഡ് കൂടി വിനോദിനെ തേടിയെത്തി. തുടർന്ന് വിനോദ്  മനസ്സുകൊണ്ട് വളരെയധികം ആരാധിക്കുന്ന അകാലത്തിൽ പൊലിഞ്ഞുപോയ മുൻ കേരള പോലീസ് താരവും മലപ്പുറം അരീക്കോട്ടെ  എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായ ജാബിർ, ക്യാപ്റ്റനായ മലപ്പുറം ജില്ലാ ടീമിൽ റിസർവ്വായി ഇടം ലഭിക്കുകയും ചെയ്തു. ജാബിർ വിനോദിന് ജഴ്സിയും ഷോട്സും ഒരു ജോഡി സ്റ്റോക്കിൻസും വാങ്ങി കൊടുത്തിട്ട് ജാബിർ ഇക്ക പറഞ്ഞ വാക്കുകൾ ഇപ്പോഴും അദ്ദേഹം ഓർക്കുന്നു “ഈ ടീമിൽ ചിലപ്പോൾ നിനക്ക് ഇടം ലഭിക്കില്ലായിരിക്കും എങ്കിലും നീ പ്രാക്ടീസ് നിർത്തരുത് അതിനുവേണ്ടിയാണ് എന്റെ ഈ സമ്മാനം” അന്നത്തെ ജില്ലാ ടീമിൽ ആസിഫ് സഹീർ, ഷബീറലി,നൗഷാദ് പാരി, ഫിറോസ് എന്നീ മുൻനിര താരങ്ങൾ അണിനിരന്ന മഞ്ചേരിയിൽ വച്ച് നടന്ന ടൂർണമെന്റിൽ മലപ്പുറം ജില്ല ജേതാക്കളാകുകയും  ചെയ്തു.  ബിനോയ് സാർ ആയിരുന്നു അന്നത്തെ ടീം കോച്ച്.


ആദ്യമായി അഖിലേന്ത്യാ സെവൻസിൽ  സബാൻ കോട്ടക്കൽ ടീമിന് വേണ്ടി ബൂട്ട് അണിഞ്ഞ് വരവറിയിച്ച ശേഷം ഫിഫ മഞ്ചേരി,ബെയ്സ് പെരുമ്പാവൂർ, എഫ്സി തൃക്കരിപ്പൂർ, Ayc ഉച്ചാരക്കടവ്, തൃപ്പനച്ചി, തുടങ്ങിയ ജില്ലയിലെ മികച്ച ടീമുകൾക്ക് വേണ്ടി കളിച്ച താരമാണ് വിനോദ്. 

 2008 ജില്ലാ എ ഡിവിഷനിൽ തിരൂർ ബ്രദേഴ്സ് ക്ലബ്ബിനു വേണ്ടി കളിക്കുമ്പോഴാണ് കാൽമുട്ടിന് പരിക്ക് വില്ലനായി എത്തിയത്. 

 

2008 ൽ തിരൂർ സഹകരണ പരിശീലന നിന്ന് എച്ച്.ഡി.സി ബിരുദം പാസായി 2009 കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.പി.എഡ് ബിരുദവും പാസായി. 2010 ൽ നാട്ടുകാരുടെയും സുഹൃത്തുക്കളായ രതീഷിന്റെയും സുധീഷിന്റെയും ക്ലബ്ബിന്റെയും സഹായത്തോടെ കാൽമുട്ട് ശസ്ത്രക്രിയ ചെയ്തു. 


അതേവർഷം തന്നെ തർത്തീൽ സെൻട്രൽ സ്കൂൾ കോട്ടക്കൽ, കോട്ടക്കൽ വിദ്യാഭവൻ സഫ കോളേജ്/സ്കൂൾ പൂക്കാട്ടിരി എന്നീ സ്ഥാപനങ്ങളിൽ കായിക അധ്യാപകനായി ജോലി ചെയ്തു, 2011 സെപ്റ്റംബർ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമന ഉത്തരവിലൂടെ കേരള പോലീസിൽ ജോലി ലഭിക്കുകയും ചെയ്തു, 

 അന്ന് എം.എസ്.പി കമാൻഡന്റായ ഇന്ത്യൻ ഫുട്ബോൾ താരം യു.ഷറഫലിയുടെ ടീമിൽ കളിക്കാൻ ഇടം ലഭിക്കുകയും, അത് വീണ്ടും അദ്ദേഹത്തിന്റെ ഫുട്ബോൾ കരിയറിൽ ഒരു വഴിത്തിരിവായി.

 

 2012ലെ സംസ്ഥാന പോലീസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ എം.എസ്.പി.യിൽ വച്ച് നടന്നപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ ഐ.എം വിജയന്റെ കൂടെ കളിക്കാനുള്ള മോഹം പൂവണിഞ്ഞു, അതേവർഷം എം.എസ്.പി ചാമ്പ്യന്മാരായപ്പോൾ ടൂർണമെന്റിലെ മികച്ച താരം അദ്ദേഹം തന്നെയായിരുന്നു. 

ആ ടൂർണമെന്റിലെ മാസ്മരിക പ്രകടനത്തെ തുടർന്ന് കേരള പോലീസ് ഫുട്ബോൾ ടീമിന്റെ വാതിൽ അദ്ദേഹത്തിനു മുന്നിൽ തുറക്കപ്പെടുകയുണ്ടായി, 20 വർഷങ്ങൾക്കു ശേഷം ഓൾ ഇന്ത്യ പോലീസ് ട്രോഫി ടൂർണ്ണമെന്റിൽ കേരള പോലീസ് ചാമ്പ്യന്മാർ ആയപ്പോൾ ടീമിൽ ഇടം നേടിയ വ്യക്തി കൂടിയാണ് വിനോദ് എന്ന മിന്നും താരം, തുടർന്ന് കണ്ണൂരിൽ വച്ച് നടന്ന ഐ ജി കപ്പ് കളിച്ചു അതുപോലെ പാലക്കാട് ജില്ലയിൽ വെച്ച് റഫറി ടെസ്റ്റ് പാസായി 2014 ൽ പാലക്കാട് ജില്ലയ്ക്ക് വേണ്ടി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. 2016 ൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ബൂട്ട് അണിഞ്ഞു.

 

 ജോലിക്കും പ്രാക്ടീസിനും ഇടയിൽ പി എസ് സി പഠനം തുടർന്നത് കൊണ്ട് ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആയി നിയമനം ലഭിക്കുകയുണ്ടായി 2016 മെയ് 19ന് പോലീസിൽ നിന്ന് റിലീവ് ചെയ്തു തിരൂരങ്ങാടി അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിൽ ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ആയി ജോലിയിൽ പ്രവേശിച്ചു.

 

 2016 ,2017, 2018 , 2021, 2023, 2024 മലപ്പുറം ജില്ല വനിതാ ടീമിന്റെ കോച്ച് ആയി പ്രവർത്തിച്ചു. 2023-ൽ ഡെറാഡൂൺ മാസ്റ്റേഴ്സ് മീറ്റിൽ ഗോൾഡ് മെഡൽ, 2023-ൽ ദുബായിൽ വച്ച് നടന്ന ഇൻ്റർ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ 3 ഗോൾഡ് മെഡലും 1 സിൽവർ മെഡലുമടക്കം 4 മെഡലുകൾ നേടി. 2024-ൽ ഉഡുപ്പിയിൽ വെച്ച് നടന്ന സൗത്ത് ഇന്ത്യൻ മാസ്റ്റേഴ്സ് മീറ്റിൽ ഗോൾ 

ഡ് മെഡൽ നേടി , 2025 ജനുവരിയിൽ മംഗലാപുരത്ത് വെച്ച് നടന്ന സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ 2 ഗോൾഡ് മെഡലും 2 സിൽവർ മെഡലും നേടി. ഇപ്പോൾ 7 വർഷമായി മലപ്പുറം ജില്ലാ സിവിൽ സർവ്വീസ് ടീമിന് വേണ്ടി കളിക്കുന്ന ഫുട്ബോൾ അദ്ദേഹത്തിന് ഒരുപാട് സുഹൃത്തുക്കളെയും, ജോലിയും, നല്ല ജീവിതവും നൽകി... “കളിയോടൊപ്പം അല്പം കാര്യം കൂടിയായാൽ എല്ലാവർക്കും ജീവിതത്തിൽ വിജയം ഉണ്ടാകുമെന്നും വിനോദ് പറഞ്ഞു.

 

 പുതു തലമുറയിലെയും പഴയ തലമുറയുടെയും കളിക്കാരുടെ കൂടെ കളിക്കാൻ അവസരം ലഭിച്ച താരം ഇപ്പോൾ തിരൂരങ്ങാടി സഹകരണ അസിസ്റ്റൻറ് രജിസ്ട്രാർ ഓഫീസിലെ സീനിയർ കോപ്പറേറ്റീവ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നു. കൂടെ മികച്ച പിന്തുണയുമായി സഹോദരൻ വിജീഷും വിനീതയുമുണ്ട്.

ജീവിതസാഹചര്യങ്ങളെ കാൽപന്ത് കൊണ്ട് പൊരുതി വിജയിച്ച വിനോദ് ഭാര്യ ശ്രേയയ്ക്കും മകൾ സാൻവിയക്കും, മകൻ അൽവാരോ ജൂലിയോ സാൽവിനുമൊപ്പം ജീവിതം നയിക്കുന്നു.

Follow us on :

More in Related News