Tue Dec 12, 2023 10:56 PM 1ST

Kerala India  

Sign In

നീറ്റ് ചോദ്യച്ചോർച്ച; മുഖ്യ സൂത്രധാരൻ ഝാര്‍ഖണ്ഡില്‍ പിടിയിൽ

03 Jul 2024 22:32 IST

Enlight Media

Share News :

റാഞ്ചി: നീറ്റ് യു.ജി. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ മുഖ്യസൂത്രധാരന്‍ സി.ബി.ഐ. പിടിയില്‍. ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍നിന്നാണ് അമന്‍ സിങ് പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ ഏഴാമത്തെ അറസ്റ്റ് ആണിത്.

ഞായറാഴ്ച ഗുജറാത്തിലെ ഗോധ്രയില്‍നിന്ന് ഒരു സ്വകാര്യ സ്‌കൂള്‍ ഉടമയെ സി.ബി.ഐ. അറസ്റ്റുചെയ്തിരുന്നു. ജയ് ജലറാം സ്‌കൂളുടമ ദീക്ഷിത് പട്ടേലാണ് അറസ്റ്റിലായത്. പരീക്ഷയില്‍ കൃത്രിമം നടത്താന്‍ 27 വിദ്യാര്‍ഥികളില്‍നിന്ന് 10 ലക്ഷംരൂപ ആവശ്യപ്പെട്ടുവെന്നാണ് ഇയാള്‍ക്കെതിരായ കണ്ടെത്തല്‍.

നേരത്തെ അറസ്റ്റിലായവരില്‍ ജയ് ജലറാം സ്‌കൂള്‍ പ്രിസന്‍സിപ്പലും ഫിസിക്‌സ് അധ്യാപകനും ഉള്‍പ്പെടുന്നു. ഹിന്ദി മാധ്യമ സ്ഥാപനത്തിന്റെ മാര്‍ക്കറ്റിങ്‌ വിഭാഗത്തിലെ ജീവനക്കാരന്‍, മറ്റൊരു സ്വകാര്യ സ്‌കൂള്‍ പ്രസിന്‍സിപ്പല്‍, വൈസ് പ്രസിന്‍സിപ്പല്‍ എന്നിവരും ഝാര്‍ഖണ്ഡില്‍ അറസ്റ്റിലായിരുന്നു.

നീറ്റ് പരീക്ഷാക്രമക്കേടിൽ ജൂൺ 23-ന് കേസെടുത്ത സി.ബി.ഐ. 27-നാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഹാർ, മഹാരാഷ്ട്ര, ഹരിയാണ, ഝാർഖണ്ഡ്, ഛത്തീസ്ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അന്വേഷണം.

നീറ്റ് യു.ജി. ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിലാണ് സി.ബി.ഐ. കേസെടുത്ത് അന്വേഷണം നടത്തുന്നത്. വഞ്ചന (ഐ.പി.സി. 420), ക്രിമിനല്‍ ഗൂഢാലോചന (ഐ.പി.സി. 120-ബി) എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അജ്ഞാതരുടെപേരില്‍ കേസെടുത്തത്. പരീക്ഷാ നടത്തിപ്പും ഗൂഢാലോചനയുമായി ബന്ധപ്പെട്ട പൊതുപ്രവര്‍ത്തകരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനും സി.ബി.ഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മേയ് അഞ്ചിന് നടത്തിയ പരീക്ഷയില്‍ വ്യാപക ക്രമക്കേടുണ്ടായെന്ന ആരോപണമുയര്‍ന്നതോടെയാണ് അന്വേഷണത്തിന് നിര്‍ബന്ധിതമായത്. ഇതിന്റെ തുടര്‍ച്ചയായി നീറ്റ് പരീക്ഷാ നടത്തിപ്പ് ഏജന്‍സിയായ എന്‍.ടി.എ. നടത്തുന്ന മറ്റുപരീക്ഷകളും മാറ്റിവെക്കേണ്ടിവന്നിരുന്നു.

Follow us on :

More in Related News