Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂവാറ്റുപുഴ-തേനി സംസ്ഥാന പാത: വീണ്ടും സര്‍വേ നടത്താന്‍ തീരുമാനം

17 Oct 2024 13:09 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിലെ കൈയേറ്റമുള്ള ഭാഗം സര്‍വേ നടത്തി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറാന്‍ തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ റവന്യു അധികൃതരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മൂവാറ്റുപുഴ-തേനി ഹൈവേ പുനര്‍നിര്‍മാണ സെന്‍ട്രല്‍ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസ് കിഴക്കേല്‍, വൈസ് ചെയര്‍മാന്‍ എം.ജെ.ജോണ്‍ മാറാടികുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ചിരുന്നെങ്കിലും നടപടികള്‍ ഇഴയുകയായിരുന്നു. ഇതേ തുടര്‍ന്നു ആക്ഷന്‍ കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റോഡ് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ വി.വിഗ്‌നേശ്വരി തൊടുപുഴ ഭൂരേഖ തഹസില്‍ദാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. നിലവില്‍ രണ്ടംഗ സര്‍വേ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വന്നാല്‍ വിട്ടുനല്‍കും. കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം മുതല്‍ കോടിക്കുളം വില്ലേജിലെ മുസ്ലിംപള്ളി കോട്ടക്കവല വരെയുള്ള ഭാഗത്താണ് വീണ്ടും സര്‍വേ നടത്തുന്നത്. ഇവിടുത്തെ പുറമ്പോക്ക് ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്ത് രേഖാമൂലം പൊതുമരാമത്ത് വകുപ്പിനു കൈമാറും. നേരത്തെ റോഡ്പുറമ്പോക്ക് അളന്നുതിട്ടപ്പെടുത്തിയിരുന്നെങ്കിലും പൂര്‍ണമായി ഏറ്റെടുക്കാതിരുന്നതിനാല്‍ വീണ്ടും കൈയേറുകയായിരുന്നു. മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ മൂവാറ്റുപുഴ മുതല്‍ പെരുമാങ്കണ്ടം വരെയുള്ള ഭാഗത്തെ നിര്‍മാണം സമീപനാളില്‍ പൂര്‍ത്തീകരിച്ചിരുന്നു. ജര്‍മന്‍ സാമ്പത്തിക സഹായത്തോടെയാണ് ഉന്നതനിലവാരത്തില്‍ റോഡ് നിര്‍മിച്ചത്.എന്നാല്‍ ശേഷിക്കുന്ന ഭാഗത്തെ നിര്‍മാണത്തിന് തുക അനുവദിക്കുകയോ മറ്റു നടപടികള്‍ പൂര്‍ത്തീകരിക്കുകയോ ചെയ്തിട്ടില്ല.

കരിമണ്ണൂര്‍ പഞ്ചായത്തിലെ കോട്ടപുറമ്പോക്ക് നിവാസികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളും എങ്ങുമെത്തിയിട്ടില്ല. എറണാകുളം, ഇടുക്കി ജില്ലകളിലെ കിഴക്കന്‍ മേഖലകളുടെ വികസനത്തില്‍ വന്‍ കുതിച്ചുചാട്ടത്തിന് വഴിവയ്ക്കുന്ന പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുകയാണ്.


Follow us on :

More in Related News