Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2024 23:23 IST
Share News :
. പി എസ് ശ്രീധരൻ പിള്ള
( ഗോവ ഗവർണർ )
ഒരു വ്യക്തി ജീവിച്ചിരുന്ന കാലഘട്ടത്തിൽ ആ ആൾക്ക് തുല്യനായി മറ്റൊരാൾ ഇല്ലാതിരിക്കുമ്പോൾ ആണ് നാം അയാളെ യുഗപുരുഷൻ എന്ന് പറയുന്നത്.അങ്ങനെ വരുമ്പോൾ മലയാള കലാസാഹിത്യ സാമൂഹ്യസാംസ്കാരികരംഗത്തെ യുഗപുരുഷനാണ് എം ടി
നോവൽ, ചെറുകഥ, യാത്രാവിവരണം,നാടകം, ഉപന്യാസം, ലേഖന സമാഹാരങ്ങൾ, ബാലസാഹിത്യം തുടങ്ങി എഴുത്തിൻ്റെ എല്ലാ ശാഖകളിലും അദ്വിതീയനായി അദ്ദേഹം നിലകൊണ്ടു. ഈ സർവ്വവ്യാപിത്വം തന്നെയാണ് സിനിമാ മേഖലയിലും അദ്ദേഹത്തിനുള്ളത്. കഥയും തിരക്കഥയും സംവിധാനവും തൊട്ട് നിർമ്മാണം വരെയുള്ള രംഗങ്ങളിൽ അദ്ദേഹം തൻ്റെ കൈയൊപ്പ് പതിപ്പിച്ചു. എം ടി യുടെ തിരക്കഥയിൽ ഒരു ചെറിയ വേഷമെങ്കിലും അഭിനയിക്കാൻ കൊതിക്കാത്ത മഹാനടന്മാർ ഇല്ല.ക്രാന്തദർശിയായ ഒരു പത്രാധിപർ എന്ന നിലയിലും ഏറെ പ്രശസ്തനായിരുന്നുഎം ടി വാസുദേവൻ നായർ. അദ്ദേഹം മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപർ ആയിരി ക്കെയാണ് എഴുപതുകളുടെ രണ്ടാം പകുതിയിൽ ഒട്ടേറെ യുവഎഴുത്തുകാർ പ്രശസ്തിയിലേക്കും ലബ്ധപ്രതിഷ്ഠയിലേക്കും കുതിച്ചത്. ഒരർത്ഥത്തിൽ സാഹിത്യത്തിലെ കിങ് മേക്കറായിരുന്നു ഒരു കാലത്ത് എം ടി വാസുദേവൻ നായർ. കഴിവുറ്റ അനേകം എഴുത്തുകാരെ മലയാള സാഹിത്യത്തിൽ കൊണ്ടുവന്നതും വളർത്തി വലുതാക്കിയതും എം ടി യെ ഒരു പത്രാധിപരോട് മലയാള സാഹിത്യം എക്കാലത്തും കടപ്പെട്ടിരിക്കുന്നു. ഇതുപോലെ താൻ തൊട്ടതെല്ലാം പൊന്നാക്കിയ മറ്റൊരാൾ മലയാളത്തിലുണ്ടോ; എൻ്റെ അറിവിൽ ഇല്ല.
എംടി എന്ന പേര് എങ്ങും നിറഞ്ഞ് നിൽക്കുമ്പോളും സാഹിത്യത്തിലും കലയിലും സാമൂഹ്യ ജീവിതത്തിലും വ്യക്തി ജീവിതത്തിലും വാക്കുകളെ ഇത്രയധികം പിശുക്കോടെ ഉപയോഗിച്ച എഴുത്തുകാർ കുറവായിരിക്കും. ഒരേ സമയം എംടിയൻ വാക്കുകളിൽ പദധ്യാനവും സൂക്ഷ്മതയും ലാളിത്യവും നാട്ടുഭാഷയുടെ നൈർമല്യവും ഹൃദ്യതയും ദൃശ്യപരതയും അകൃത്രിമത്വവും ഒക്കെ അതിൻ്റെ മൂർത്തഭാവത്തിൽ സമ്മേളിച്ചു. ഭാഷാപരമായ ഈ സവിശേഷത കൊണ്ടാവണം സമൂഹത്തിൻ്റെ എല്ലാ അടരുകളിലും പെട്ടവർക്ക് അത്രമേൽ പ്രിയപ്പെട്ടതായി തീർന്നതെന്ന് ഞാൻ കരുതുന്നു.എഴുത്തുകാർ എന്നും സുവർണ പ്രതിപക്ഷമായിരിക്കണം എന്നൊരു സങ്കല്പനമുണ്ട്. ഭരണപക്ഷത്തിൻ്റെ അഥവാ അധികാരത്തിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ തിരുത്തൽശക്തികളായി എഴുത്തുകാർ നിലകൊള്ളണം എന്ന കാഴ്ചപ്പാടിലാണ് അത് പറയുന്നത്. എഴുത്തുകാരുടെ വാക്കുകൾക്ക് സമൂഹം ചെവി കൂർപ്പിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ മലയാള സാഹിത്യത്തിലും കലയിലുമെല്ലാം തൊണ്ണൂറുകളുടെ തുടക്കം മുതൽ കക്ഷി രാഷ്ട്രീയം അമിതമായി സ്വാധീനം ചെലുത്തിയതോടെ എഴുത്തുകാരിലും കലാകാരന്മാരിലും പെട്ട വലിയൊരു വിഭാഗം ആളുകൾ ഈ സ്വാധീനശക്തികൾക്ക് മുന്നിൽ വിനീതവിധേയരായി. ഭൗതികനേട്ടങ്ങൾക്ക് വേണ്ടി വളരെ ചെറിയൊരു ശതമാനം മാത്രമാണ് മാറിയതെങ്കിൽ മിക്കവരും വിധേയപ്പെട്ടത് തങ്ങളുടെ കഴിവുകളുടെ ആവിഷ്ക്കരണ സാധ്യത നഷ്ടപ്പെട്ട് തമസ്ക്കരണത്തിൻ്റെ ചവറ്റുകൊട്ടയിൽ തള്ളപ്പെടും എന്ന പരിഭ്രാന്തി മൂലമാണ്. എന്നാൽ നിലപാടിലെ ഊറ്റം കൊണ്ട് ഒരു കക്ഷിരാഷ്ട്രീയ സ്വാധീനത്തിനും വിധേയപ്പെടാതെ നിർഭയം സംസാരിക്കുന്ന വ്യക്തിത്വമായിരുന്നു എംടിയുടേത്. എംടി യോടും ടി പത്മനാഭനോടുമൊക്കെ ഏറെ ഇഷ്ടം തോന്നുന്നത് അവരുടെ നിലപാടുകളിലെ ഈ കാർക്കശ്യം കൊണ്ടു കൂടിയാണ്.
കോഴിക്കോട് എന്ന സാഹിത്യനഗരത്തിൽ കഴിഞ്ഞ അര നൂറ്റാണ്ടായി താമസിക്കുന്നയാളായതിനാൽ കുട്ടിക്കാലത്ത് ഏറെ ആരാധനയോടെ കണ്ടിരുന്ന ഒരുപാട് എഴുത്തുകാരെയും സാംസ്ക്കാരിക നായകരെയും അടുത്ത് കാണാനും സംസാരിക്കാനും അവരിൽ ചിലരുടെയൊക്കെ അടുപ്പക്കാരനാകാനും ഭാഗ്യം സിദ്ധിച്ചയാളാണ് ഞാൻ.എഴുത്തിലും വായനയിലും താൽപര്യമുള്ളയാളും കുറെ പുസ്തകങ്ങൾ എഴുതിയ ആളുമാണെങ്കിലും ഈ ആരാധനാപാത്രങ്ങൾക്ക് മുൻപിൽ ഒരു എഴുത്തുകാരനായി പ്രത്യക്ഷപ്പെടാൻ കഴിയാറില്ല. ഈ മഹാരഥന്മാർക്ക് പലർക്കും എന്നോട് സ്നേഹവാൽസല്യ ങ്ങൾ ഏറെയുണ്ടെങ്കിലും ഇന്നും ഒരു കഥയോ കവിതയോ എം ടിയ്ക്കോ പപ്പേട്ടനോ ( ടി പത്മനാഭൻ) വായിക്കാൻ നൽകുമ്പോൾ എന്നിൽ പരിഭ്രാന്തി നിറയാറുണ്ട്. 2004 ൽ എൻ്റെ ആദ്യ കവിതാ സമാഹാരമായ ' കാലദാനം' പുറത്തിറങ്ങിയപ്പോൾ അതിന് അവതാരിക എഴുതിയത് എം ടി യാണ്. പിന്നീട് ലിപി ബുക്സ് പ്രസിദ്ധീകരിച്ച ' വിളക്കുകാലുകൾ എവിടെ 'എന്ന ലേഖന സമാഹാരം പ്രകാശനം ചെയ്തതും എംടിയാണ്. അന്ന് പ്രകാശന വേളയിലെ പ്രസംഗത്തിൽ താനെഴുതാൻ ആഗ്രഹിക്കുന്നതാണ് ശ്രീധരൻപിള്ള എഴുതിയത് എന്ന് പറഞ്ഞതിനെ ഏറ്റവും വലിയ പുരസ്ക്കാരമായി ഞാൻ കരുതുന്നു.l
Foto Cuption:
പി.എസ് ശ്രീധരൻ പിള്ള എം.ടിയുടെ മൃതദേഹത്തിൽ ആദാരാജ്ഞലി അർപ്പിക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.