Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോദി മണിപ്പൂരിനെ ഒഴിവാക്കുന്നു: ജയറാം രമേശ്

14 Sep 2024 15:22 IST

Shafeek cn

Share News :

ഡല്‍ഹി: രാജ്യത്തിനകത്തും വിദേശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള ആസൂത്രണം പ്രധാനമന്ത്രി നരേന്ദ്ര മോദി തുടരുകയാണെന്നും എന്നാല്‍ ഏറ്റവും പ്രശ്നഭരിതമായ സംസ്ഥാനം സന്ദര്‍ശിക്കുന്നത് ഒഴിവാക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ‘ഇതിനിടെ മണിപ്പൂരിലെ ജനങ്ങളുടെ വേദന അയവില്ലാതെ തുടരുകയാണ്. ഏറ്റവും പ്രശ്നകരമായ ഈ സംസ്ഥാനത്തേക്കുള്ള സന്ദര്‍ശനം ‘പഠനപരമായി’ ഒഴിവാക്കിക്കൊണ്ട് ജീവശാസ്ത്രപരമല്ലാത്ത പ്രധാനമന്ത്രി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വിദേശത്തേക്കും യാത്ര ചെയ്യാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് -രമേശ് എക്‌സിലെ തന്റെ പോസ്റ്റില്‍ വിമര്‍ശിച്ചു.


മണിപ്പൂരില്‍ ഇതുവരെ 220ലധികം പേര്‍ കൊല്ലപ്പെട്ട അക്രമ പരമ്പരകളെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മീഷന് നവംബര്‍ 20 വരെ കേന്ദ്രം സമയം നീട്ടി അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍സ് ഇന്‍-ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയറാം രമേശിന്റെ പരാമര്‍ശം. മണിപ്പൂരിലെ സ്ഥിതിഗതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് 2023 മെയ് 3ന് മണിപ്പൂര്‍ കത്താന്‍ തുടങ്ങിയെന്നും അക്രമത്തിന്റെയും കലാപത്തിന്റെയും കാരണങ്ങളും വ്യാപനവും അന്വേഷിക്കാന്‍ ജൂണ്‍ 4ന് മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്നും ചൂണ്ടിക്കാട്ടി.റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് മാസത്തെ സമയം നല്‍കിയിട്ടും ഇതുവരെ ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടില്ല. എന്നിട്ടിപ്പോള്‍ നവംബര്‍ 24 വരെ കമ്മീഷന് സമയം നല്‍കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


2023 ജൂണ്‍ 4നാണ് ഗുവാഹത്തി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള കമ്മീഷൻ രൂപീകരിച്ചത്. വിരമിച്ച ഐ.എ.എസ് ഓഫീസര്‍ ഹിമാന്‍ഷു ശേഖര്‍ ദാസ്, റിട്ടയേര്‍ഡ് ഐ.പി.എസ് ഓഫിസര്‍ അലോക പ്രഭാകര്‍ എന്നിവരും ഈ സമിതിയിലുണ്ട്. മണിപ്പൂരില്‍ വിവിധ സമുദായങ്ങളില്‍പ്പെട്ടവരെ ലക്ഷ്യമിട്ട് നടന്ന അക്രമങ്ങളുടെയും കലാപങ്ങളുടെയും കാരണങ്ങളും വ്യാപനവും സംബന്ധിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടും ഇതുവരെ റിപ്പോര്‍ട്ട് സമർപ്പിക്കാത്തതും മാസങ്ങള്‍ പിന്നിട്ടിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടം സന്ദര്‍ശിക്കാത്തതും വ്യാപക വിമര്‍ശനത്തിന് വഴിവെക്കുന്നുന്നുണ്ട്.


കഴിഞ്ഞ വര്‍ഷം മെയില്‍ ഇംഫാല്‍ താഴ്വര ആസ്ഥാനമായുള്ള മെയ്തി വിഭാഗക്കാരും സമീപസ്ഥമായ കുന്നുകള്‍ കേന്ദ്രീകരിച്ചുള്ള കുക്കി ഗ്രൂപ്പുകള്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തെ തുടര്‍ന്ന് 220ലധികം ആളുകള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തു.

Follow us on :

More in Related News