Thu May 22, 2025 7:19 PM 1ST
Location
Sign In
10 Jan 2025 19:38 IST
Share News :
കോഴിക്കോട് : റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിനെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കെ ചോദ്യം ചെയ്യലിനിടെ കാണാതായ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനായി ഹാജറായ ശേഷം ഇരുവരേയും കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയത്തുടർന്നാണ് പൊലീസ് ഇവർക്കായി തെരച്ചിൽ നടത്തിയത്.
ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷം രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് കാണിച്ച് ജനുവരി ഒൻപതിനാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. നടക്കാവ് പൊലീസ് സംഭവത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ജനുവരി ഏഴിന് അന്വേഷണത്തിന്റെ ഭാഗമായി കോഴിക്കോട് ക്രെെംബ്രാഞ്ച് ഓഫീസിൽ ഹാജരായ ഇരുവരെയും പിന്നീട് കാണാതാവുകയായിരുന്നു. എട്ടാം തീയതി വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ഓഫീസിലും എത്തിയില്ല. ഒൻപതാം തീയതി കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നും ഇവർ ഓട്ടോയിൽ കയറി പോകുന്നതിന്റെ സി.സി.ടി.വി പുറത്ത് വന്നിരുന്നു. ഓട്ടോയിൽ കയറി റെയിൽവെ സ്റ്റേഷനിലേക്ക് പോയ ഇരുവരും അവിടെനിന്നും ഗുരുവായൂർ എത്തി. ഇന്നലെ രാവിലെയോടെ രജിത്തിന്റെയും ഭാര്യയുടെയും ഫോട്ടോകൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഗുരുവായൂർ പൊലീസാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പൊലീസ് ചെയ്യാത്ത കുറ്റത്തിന് തന്നെ പ്രതിയായി കാണുന്നെന്നും കടുത്ത മാനസിക വിഷമം മൂലമാണ് ഇവിടെ നിന്നും മാറി നിന്നതെന്നുമാണ് രജിത്ത് മാധ്യമങ്ങളോട് പറഞ്ഞത്. നടക്കാവ് സ്റ്റേഷനിൽ നിന്നും പൊലീസ് സംഘം ഇവരെ കസ്റ്റഡിയിൽ വാങ്ങാനായി ഗുരുവായൂരിലേക്ക് തിരിച്ചെന്ന് നടക്കാവ് പൊലീസ് ഇൻസ്പെക്ടർ വി.കെ വിനോദ് കുമാർ പറഞ്ഞു.
20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21 ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരിൽ ഒരാളും രജിത്തായിരുന്നു. ലോക്കൽ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും, ഇപ്പോൾ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ചയും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു.
ചോദ്യം ചെയ്യലിനായി വീട്ടിൽനിന്നു പോയ ഇരുവരും കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്റ്റാന്റിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച മുറി വെക്കേറ്റ് ചെയ്ത് ലോഡ്ജിൽനിന്നു പോയെന്നും പിന്നീട് ഇരുവരെക്കുറിച്ചു വിവരവുമില്ലെന്നായിരുന്നു തുഷാരയുടെ സഹോദരൻ പൊലീസിൽ നൽകിയ പരാതി.
Follow us on :
More in Related News
Please select your location.