Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി; ഏഴിന് തുടക്കം

03 Jul 2024 19:25 IST

Jithu Vijay

Share News :

തിരൂരങ്ങാടി : പതിനെട്ടാം നൂറ്റാണ്ടിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 186-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ ആയിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് ഏഴിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  


മഖാം ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 26-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.

ഏഴിന് ഞായറാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന 186-ാമത് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമാവും.

മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടുപ്രാര്‍ഥനക്കും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും രാത്രി നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി ആമുഖഭാഷണം നിര്‍വഹിക്കും.

ജൂലൈ 8, 9, 10, 12 തിയ്യതികളില്‍ രാത്രി ഏഴരക്ക് മതപ്രഭാഷണങ്ങള്‍ നടക്കും. 8 ന് തിങ്കളാഴ്ച പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്ഥഫാ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. 9 ന് പാണക്കാട് സയ്യിദ് റശീദ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അന്‍വറലി ഹുദവി പുളിയക്കോട് പ്രഭാഷണവും നടത്തും. 10 ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന സദസ്സില്‍ അഹ്‌മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രസംഗിക്കും. 12 ന് പാണക്കാട് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണവും നിര്‍വഹിക്കും. 11 ന് വ്യാഴാഴ്ച രാത്രി മഖാമില്‍ നടക്കുന്ന മമ്പുറം സ്വലാത്തിന് പാണക്കാട് സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കുന്നതാണ്.  


13 ന് ശനി രാവിലെ 'മമ്പുറം തങ്ങളുടെ ലോകം' എന്ന ശീര്‍ഷകത്തില്‍ സെമിനാര്‍ നടക്കും. രാത്രി നടക്കുന്ന മമ്പുറം തങ്ങള്‍ അനുസ്മരണവും ഹിഫ്ള് സനദ് ദാനവും പ്രാര്‍ത്ഥനാ സദസ്സും സമസ്ത കേന്ദ്ര മുശാവറ അംഗം എം.പി മുസ്ഥഫാ ഫൈസി തിരൂര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അലവി മൗലദ്ദവീല ഹിഫ്ളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിളീങ്ങള്‍ക്കുള്ള സനദ് ദാനം സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ നിര്‍വഹിക്കും. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിക്കും. പ്രാര്‍ഥനാ സദസ്സിന് സമസ്ത കേന്ദ്ര മുശാവറ അംഗം സൈദാലിക്കുട്ടി ഫൈസി കോറാട് നേതൃത്വം നല്‍കും.


സമാപന ദിവസമായ 14ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ അന്നദാനം നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ ജിഫ്രി തങ്ങള്‍ കോഴിക്കോട് അധ്യക്ഷനാവും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, മമ്പുറം സയ്യിദ് അഹ്്മദ് ജിഫ്രി തങ്ങള്‍, എ.പി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് 1:30 ന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന മമ്പുറം ആണ്ടുനേര്‍ച്ചക്ക് പരിസമാപ്തിയാവും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് നേതൃത്വം നല്‍കുക.


വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, മുഹമ്മദ് കബീര്‍ ഹാജി ഓമച്ചപ്പുഴ, ഹംസ ഹാജി മൂന്നിയൂര്‍ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News