Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളത്തെ അടയാളപ്പെടുത്തി മലയാളം മിഷൻ ഒമാൻ 'അക്ഷരം 2024'

16 Nov 2024 18:13 IST

ENLIGHT MEDIA OMAN

Share News :

മസ്‌ക്കറ്റ്: മലയാളം മിഷൻ ഒമാൻ സംഘടിപ്പിച്ച 'അക്ഷരം 2024' സാംസ്‌കാരിക മഹാമേള നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ നടന്നു. 

മലയാളം മിഷൻ ഒമാൻ ചാപ്റ്ററിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോടെ അക്ഷരോത്സവത്തിന് കൊടിയേറി. തുടർന്ന് നടന്ന സാംസ്ക്കാരിക സമ്മേളനം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി ചെയർമാനും, കേരളത്തിലെ എണ്ണം പറഞ്ഞ ചെണ്ട വാദകനുമായ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ, മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. 

പ്രവാസ ലോകത്തെ കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ നാട്ടിൽ നിന്നെത്തിയ തങ്ങളെ വിസ്മയിപ്പിച്ചുവെന്നും മലയാളം മിഷൻ ഒമാന് എല്ലാ ഭാവുകങ്ങൾ നേരുന്നതായും മന്ത്രി പറഞ്ഞു. എഴുപതു രാജ്യങ്ങളിലായി നൂറ്റിപതിനഞ്ചു ചാപ്റ്ററുകൾ നിലവിൽ മലയാളം മിഷന് കീഴിലുണ്ടെന്നും അതിൽ ഇത്രയും വലിയൊരു മഹാമേള സംഘടിപ്പിക്കുന്ന ആദ്യ ചാപ്റ്റർ ഒമാൻ ആണെന്നും മുഖ്യ പ്രഭാഷണത്തിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പറഞ്ഞു. 

മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ചെയർമാൻ ഡോ. ജെ രത്‌നകുമാർ അധ്യക്ഷനായിരുന്നു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൻ ജോർജ്ജ്, മലയാളം മിഷൻ പ്രസിഡൻറ് കെ സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാരായ അനുപമ സന്തോഷ്, രാജീവ് മഹാദേവൻ എന്നിവർ ആശംസകളും, ട്രഷറർ പി ശ്രീകുമാർ നന്ദിയും പറഞ്ഞു. 

നിയുക്ത ഇന്ത്യ - ജി സി സി കൗൺസിൽ മെമ്പർ സന്തോഷ് ഗീവർ, ഇന്ത്യൻ സ്‌കൂൾ ബി ഓ ഡി ഫിനാൻസ് ഡയറക്ടർ നിധീഷ് കുമാർ, പ്രവാസി ഭാഷാ പുരസ്‌ക്കാര ജേതാവ് പി മണികണ്ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയ പ്രഥമ 'പ്രവാസി ഭാഷാ പുരസ്ക്കാരം 2024' അവാർഡ് ജേതാവ് പി മണികണ്ഠന് ആർ ബിന്ദു ചടങ്ങിൽ സമ്മാനിച്ചു. സംസാകാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വച്ചു നൽകി. 

സാംസ്ക്കാരിക സമ്മേളനത്തിനു ശേഷം മുരുകൻ കാട്ടാക്കട അവതരിപ്പിച്ച കാവ്യ സദസും, അതിനു ശേഷം മട്ടന്നൂർ ശങ്കരൻ കുട്ടിയും, ഹാർമോണിയം വിദഗ്ദ്ധൻ പ്രകാശ് ഉള്ളിയേരിയും ചേർന്നവതരിപ്പിച്ച പരിപാടിയുടെ മുഖ്യ ആകർഷണമായ ഫ്യുഷൻ പ്രോഗ്രാം 'ദ്വയം' അരങ്ങേറി. ഒമാനിലെ പ്രമുഖ വാദ്യോപകരണ വിദഗ്ധരും ദ്വയത്തിൽ അണി നിരന്നു.

കുലവാഴയും, കുരുത്തോലയും, മലയാള ഭാഷാ സാഹിത്യ വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങളും, മലയാള സാഹിത്യ കൃതികളുടെ പുറം ചട്ടകളുടെ മാതൃകകളും കൊണ്ട് അലങ്കരിക്കപ്പെട്ട അക്ഷരനഗരി മേളയുടെ മുഖ്യ ആകർഷണമായിരുന്നു. ഡി സി ബുക്ക്സ്, അൽ ബാജ് ബുക്ക്സ് എന്നിവരുടെ പുസ്തക ശാലകൾ മേളയ്ക്ക് മാറ്റു കൂട്ടി. 

മലയാളം മിഷൻ ഒമാനിലെ മസ്‌ക്കറ്റ്, സീബ്, സോഹാർ, സൂർ, ഇബ്ര, നിസ്‌വ മേഖലകളിൽ നിന്നുള്ള പഠിതാക്കളും, ഭാഷാധ്യാപകരും, ഭാഷാ പ്രവർത്തകരും, പൊതുജനങ്ങളുമടക്കം വലിയൊരു ജനാവലി പരിപാടിയുടെ ഭാഗമായെന്നും, പരിപാടിയുടെ വിജയത്തിനായി സഹകരിച്ച മുഴുവൻ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടുമുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നതായും മലയാളം മിഷൻ ഭാരവാഹികൾ പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisements: +968 95210987 / enlightmediaoman@gmail.com

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News