Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം പരാമർശം സഭയിൽ; അടിയന്തരപ്രമേയത്തിൽ മുഖ്യമന്ത്രി മറുപടി പറയില്ല

08 Oct 2024 13:26 IST

Shafeek cn

Share News :

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പി ആർ ഇടപെടൽ എന്നീ വിഷയങ്ങളിൽ നിയമസഭയിൽ അടിയന്തിര പ്രമേയചർച്ച. സഭയിൽ ചർച്ച നടക്കുമ്പോൾ മുഖ്യമന്ത്രി സഭയിൽ ഇല്ല. മുഖ്യമന്ത്രി രാവിലെ സഭയിലെത്തിയിരുന്നെങ്കിലും അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്ത് മറുപടി പറയില്ല. തൊണ്ട വേദനയായതിനാൽ മുഖ്യമന്ത്രിക്ക് വോയിസ് റെസ്റ്റാണെന്ന് സ്പീക്കർ എ എൻ ഷംസീർ സഭയെ അറിയിച്ചു.


എൻ ഷംസുദ്ദീൻ എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. സ്പീക്കർ അനുമതി നൽകിയതോടെ എൻ ഷംസുദ്ദീനാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചത്. ദ ഹിന്ദു ദിനപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അഭിമുഖത്തിൽ ഉൾപ്പെട്ട വിവാദ പരാമർശമാണ് പ്രമേയത്തിന്റെ ആദാരം. ഒപ്പം എഡിജിപി വിഷയം, പിആർ ഇടപെടൽ എന്നിവയും പ്രമേയത്തിൽ ഷംസുദ്ദീൻ അവതരിപ്പിച്ചു.


എഡിജിപി അജിത്കുമാർ രണ്ട് തവണ റാം മാധവുമായി ചർച്ച നടത്തി. എഡിജിപി എന്തിനാണ് ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയതെന്ന് ചോദിച്ചില്ല. മുഖ്യമന്ത്രിയുടെ ദൂതനായി പോകുമ്പോൾ എങ്ങനെ ചോദിക്കാൻ കഴിയും? വയനാട്ടിൽ വത്സൻ തില്ലങ്കേരിയുമായുള്ള കൂടിക്കാഴ്ചയിൽ ഫലമുണ്ടായി. വയനാട്ടിൽ എഡിജിപിയുടെ നിർദ്ദേശപ്രകാരം വൈറ്റ് ഗാർഡിന്റെ ഭക്ഷണ വിതരണം നിർത്തിവെച്ചു. ഈ കാര്യം സിപിഐ ജില്ലാ സെക്രട്ടറിയാണ് പറഞ്ഞത്.


മലപ്പുറത്ത് ദേശവിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്ത് ദേശവിരുദ്ധ പ്രവർത്തനമാണ് മലപ്പുറത്ത് നടന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിമാനത്താവളത്തിൽ സ്വർണ്ണം കടത്തുന്നത് തടയേണ്ടത് കേന്ദ്ര സംസ്ഥാന സർക്കാരുകളാണ്. അതിന് കഴിയുന്നില്ലെങ്കിൽ രാജിവച്ച് പുറത്തു പോകണം. മലപ്പുറത്തെ പാവപ്പെട്ട ജനതയെ ക്രൂശിക്കുന്നു. മലപ്പുറത്തെക്കുറിച്ച് എഴുതിച്ചേർക്കാൻ നിർദ്ദേശം നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്.


സുജിത്ത് ദാസ് ഇല്ലാത്ത കേസുകൾ പെരുപ്പിച്ചു കാണിച്ചു. എഡിജിപിയുടെ സന്തത സഹചാരിയാണ് സുജിത്ത് ദാസ്. സംഘപരിവാർ അജണ്ടയ്ക്ക് മുഖ്യമന്ത്രി വളം വയ്ക്കുന്നു. ദി ഹിന്ദുവിന് അഭിമുഖം നൽകിയത് ആരെ പ്രീണിപ്പിക്കാൻ ആണെന്ന് അറിയാം. മുസ്ലിം ന്യൂനപക്ഷങ്ങളെ ക്രൂശിക്കുന്ന സമീപനമാണ്. ഇനി ന്യൂനപക്ഷ പ്രീണനമല്ല, അടുത്ത തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പ്രീണനമാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്.


കുഴൽപ്പണക്കേസിൽ കെ സുരേന്ദ്രന് രക്ഷപ്പെടാൻ അവസരം ഒരുക്കി. ബിജെപിയുമായുള്ള അന്തർധാര വ്യക്തമാണ്. കൊടകര കേസ് ആവിയായി പോയി. അജിത്ത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. അജിത് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അജിത് കുമാറിന് പ്രമോഷനാണ് സർക്കാർ കൊടുത്തത്. അജിത് കുമാറിനെതിരായ അന്വേഷണം പ്രഹസനമാക്കി മാറ്റിയെന്നും അടിയന്തരപ്രമേയത്തിൽ എൻ ഷംസുദ്ദീൻ എംഎൽഎ ആരോപിച്ചു

Follow us on :

More in Related News