Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 May 2024 17:45 IST
Share News :
ഷാർജ: മാസിന്റെ സ്ഥാപക നേതാവും ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ദീർഘകാലത്തെ മാനേജിംഗ് കമ്മിറ്റി അംഗവുമായിരുന്ന മാധവൻ പാടിയുടെ സ്മരണാർഥം മാസ് ഷാർജ ഏർപ്പെടുത്തിയ ഈ വർഷത്തെ മാധവൻ പാടി പുരസ്കാരം ഒമാൻ കേന്ദ്രമായുള്ള ജീവകാരുണ്യ, സാമൂഹ്യ,സാംസ്കാരിക പ്രവർത്തകനും, കേരള സർക്കാരിന്റെ പ്രവാസി കമ്മീഷൻ അംഗവുമായ പിഎം ജാബിറിന്. പ്രവാസ മേഖലയിൽ ജീവകാരുണ്യ, സാമൂഹ്യ രംഗങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളെ മുൻ നിർത്തിയാണ് പുരസ്കാരം. മാസ് നാല്പതാം വാർഷികാഘോഷ സമാപന സമ്മേളനത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിൽ മാസ് പ്രസിഡന്റ് വാഹിദ് നാട്ടികയാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്.
ഷാർജ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന മാധവൻ പാടി യുഎഇയിലെ ജീവകാരുണ്യ സാമൂഹ്യ സേവന രംഗങ്ങളിൽ അറിയപ്പെടുന്ന വ്യക്തിത്വമായിരുന്നു. പ്രവാസികളുടെ വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിന് നേതൃത്വം നൽകിയിരുന്ന അദ്ദേഹം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ദീർഘകാലം തെരഞ്ഞെടുക്കപ്പെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടവർ, രോഗികൾ, വിസിറ്റ് വിസയിൽ എത്തി കുടുങ്ങിയവർ, നിരാശ്രയരായ ഇന്ത്യക്കാർ എന്നിവർക്ക് ഇന്ത്യൻ അസോസിയേഷൻ വഴിയും, മറ്റ് ഫോറങ്ങൾ വഴിയും സഹായങ്ങളെത്തിച്ച വ്യക്തിയായിരുന്നു.
1982-ൽ ഒമാൻ കേന്ദ്രമാക്കി സാമൂഹ്യ സേവനം ആരംഭിച്ച ജാബിർ, പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് നാലു പതിറ്റാണ്ടായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഒമാനിലെ കൈരളിയുടെ ജനറൽ സെക്രട്ടറി, ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിന്റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ജാബിർ കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടർ ബോർഡിലെ അംഗവും ഇപ്പോൾ കേരളാ എൻആർഐ കമ്മീഷൻ അംഗവുമാണ്.
വിദേശത്ത് സന്നദ്ധ സേവനം നടത്തുന്നവർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമായി കണക്കാക്കപ്പെടുന്ന ടൈംസ് നൗ/ ഐ സി ഐ സി യുടെ 2016ലെ എൻ ആർ ഐ ഓഫ് ദി ഇയർ അവാർഡ് ജാബിറിനായിരുന്നു. ഇതിനു പുറമേ പ്രിയദർശിനി അവാർഡ്, ഷിഫ അൽ ജസീറ അവാർഡ്, മീഡിയ വണ്ണിന്റെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ്, കുവൈത്ത് കേന്ദ്രമായുള്ള കേരള ആർട്‌സ് ലവേഴ്‌സ് അസോസിയേഷന്റെ രമേശ് സ്മാരക അവാർഡ്, ഒമാനിലെ തെലുഗു കമ്മ്യൂണിറ്റി അവാർഡ്, ഗോവൻ കമ്മ്യൂണിറ്റി ആദരം, ചെറുതുരുത്തി ബി.പി.മണി ട്രസ്റ്റ് അവാർഡ്, ഒമാൻ ടാലെന്റ്റ് ഹണ്ടേഴ്സ് ഔട്ട്‍സ്റ്റാന്റിംഗ് ഇന്ത്യൻ അവാർഡ്, ഗൾഫിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള 2019 ലെ കൈരളി ചാനൽ ആദരം എന്നിവ ലഭിച്ചു. ഒമാന്റെ അമ്പതാം ദേശീയ ദിനത്തിൽ ഒമാനിലെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ അറേബ്യൻ സ്റ്റോറീസ് തിരഞ്ഞെടുത്ത, രാജകുടുംബാംഗങ്ങളും മന്ത്രിമാരും ലോക നേതാക്കന്മാരും ഉൾപ്പെട്ട അമ്പത് വിശിഷ്ട വ്യക്തികളിൽ അറേബ്യൻ സ്റ്റോറീസ് ഐക്കൺ ആയി ജാബിറിനെ തിരഞ്ഞെടുത്തിരുന്നു. കാസർക്കോടെ കുന്നിൽ അബ്ദുള്ള കുഞ്ഞിയുടെയും തലശ്ശേരിയിലെ പ്രശസ്തമായ മാളിയക്കൽ തറവാട്ടിലെ നഫീസയുടെയും മകനാണ് പി.എം ജാബിർ. ഭാര്യ ഷഹനാസ്. മക്കൾ: വൈലാന, ജൂലിയാന,
മാസ് മുൻ പ്രസിഡന്റ് ഇബ്രാഹിം അംബിക്കാന ചെയർമാനും മാസ് സെക്രട്ടറി സമീന്ദ്രൻ, അനിൽ അമ്പാട്ട് എന്നിവർ അംഗങ്ങളുമായ അവാർഡ് നിർണയ കമ്മിറ്റിയാണ് വിവിധ വ്യക്തിത്വ നോമിനേഷനിൽ നിന്ന് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. അവാർഡ് ദാനം വിപുലമായ പരിപാടികളോടെ പിന്നീട് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
+96895210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.