Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലത്തിൻ്റെ ഉയരക്കുറവ്; പ്രതിപക്ഷനേതാവ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു

05 May 2024 10:26 IST

Anvar Kaitharam

Share News :

പാലത്തിൻ്റെ ഉയരക്കുറവ്; പ്രതിപക്ഷനേതാവ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു



പറവൂർ: നാഷണല്‍ ഹൈവെ 66ന്റെ ഭാഗമായി പറവൂര്‍ പുഴയ്ക്ക് കുറുകെയുള്ള പാലം നിര്‍മ്മാണത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി സ്ഥലം എം.എല്‍.എയും പ്രതിപക്ഷ നേതാവുമായ വി.ഡി സതീശന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ക്കരിക്ക് കത്തയച്ചു. പാലം നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതില്‍ കേന്ദ്ര മന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് കത്ത്. 


രണ്ട് പില്ലറുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗര്‍ഡര്‍ സ്ഥാപിച്ചപ്പോള്‍ പാലത്തിന്റെ ഉയരം കുറഞ്ഞത് മുസിരിസ് ടൂറിസത്തിന്റെ ഭാഗമായ ബോട്ട് സര്‍വീസുകളെ പ്രതികൂലമായി ബാധിക്കും. ഇക്കാര്യം ജില്ലാ കളക്ടറുടെ ശ്രദ്ധയിപ്പെടുത്തുകയും ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി കളക്ടര്‍ സ്ഥലപരിശോധന നടത്തുകയും ചെയ്തു. തുടർന്ന് ഇന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ കൂടിയ ഉദ്യോഗസ്ഥതല മീറ്റിംഗിൽ നിയമങ്ങൾ ലംഘിച്ചുകൊണ്ട് നടത്തിവരുന്ന പാലത്തിൻ്റെ നിർമ്മാണം അടിയന്തിരമായി നിർത്തിവക്കുവാൻ തീരുമാനം എടുത്തതായി കളക്ടറുടെ ആഫീസിൽ നിന്നും അറിയിച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു. നിലവില്‍ ഇവിടെ രണ്ട് പാലങ്ങളുണ്ട്. രാജഭരണ കാലത്ത് നിര്‍മ്മിച്ച മരപ്പാലത്തിന് ജലനിരപ്പില്‍ നിന്നും 5.00 മീറ്റര്‍ ഉയരവും 50 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച നിലവിൽ ഉപയോഗിക്കുന്നതുമായ പാലത്തിന് ജലനിരപ്പില്‍ നിന്നും 7.00 മീറ്റര്‍ ഉയരവുമുണ്ട്. എന്നാല്‍ എന്‍.എച്ച് 66 നു വേണ്ടി നിര്‍മ്മിക്കുന്ന പുതിയ പാലത്തിന് ജലനിരപ്പില്‍ നിന്നും പാലത്തിന്റെ 2.75 മീറ്റര്‍ ഉയരം മാത്രമാണുള്ളത്. ഇത് മുസിരിസ് ടൂറിസത്തേയും വരാന്‍ പോകുന്ന ജല മെട്രോയെയും പ്രതികൂലമായി ബാധിക്കും. ഇറിഗേഷന്‍ വകുപ്പിന്റെ അനുവാദമോ നിലവിലെ നിയമങ്ങള്‍ പാലിച്ചു കൊണ്ടോ അല്ല പാലം നിര്‍മ്മിച്ചതെന്നാണ് ഇറിഗേഷന്‍ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. 2018 ലെ പ്രളയത്തില്‍ ഈ പ്രദേശത്ത് ആറ് മുതല്‍ ഏഴ് മീറ്റര്‍ വരെ വെള്ളം പൊങ്ങിയിരുന്നു. പ്രളയ ബാധിത പ്രദേശമായതിനാല്‍ പ്രളയം സംബന്ധിച്ച മുന്‍കരുതലുകളും അത്യാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി.


മുസിരിസ് ടൂറിസത്തിനും ജല മെട്രോക്കും തടസമില്ലാതെ ഇറിഗേഷന്‍ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പാലം ഉയര്‍ത്തി നിര്‍മ്മിക്കുന്നതിന് കേന്ദ്ര മന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് പ്രതിപക്ഷ നേതാവ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Follow us on :

Tags:

More in Related News