Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 10:19 IST
Share News :
മലപ്പുറം : ഏപ്രിൽ 26ന് നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മലപ്പുറം ജില്ലയിൽ സജ്ജീകരിക്കുന്നത് 2798 പോളിങ് സ്റ്റേഷനുകള്‍. ഓക്സിലറി പോളിങ് സ്റ്റേഷനുകളടക്കമുള്ള കണക്കാണിത്. ഒരു പോളിങ് സ്റ്റേഷനില്‍ പരമാവധി 1575 വോട്ടര്‍മാര്‍ക്കായിരിക്കും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുക. ഇതില്‍ കൂടുതല്‍ പേരുള്ളിടത്താണ് ഓക്സിലറി പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക. 2775 പോളിങ് സ്റ്റേഷനുകളും 23 ഓക്സിലറി പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ആകെയുണ്ടാവുക.
80 മാതൃകാപോളിങ് സ്റ്റേഷനുകള്‍
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 80 മാതൃകാപോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പോളിങ് സ്റ്റേഷനുകളിലാണ് മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കുന്നത്. വോട്ട് ചെയ്യാനെത്തുന്ന വോട്ടര്‍മാര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഇത്തവണ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്.
വെയിലേറ്റ് വരുന്ന വോട്ടര്‍മാര്‍ക്ക് തണലും കുടിവെള്ള സൗകര്യവും ഉറപ്പാക്കും. എല്ലാ പോളിങ് സ്റ്റേഷൻ ലൊക്കേഷനുകളിലും വോട്ടർ അസിസ്റ്റൻസ് ബൂത്ത് സജ്ജീകരിക്കുകയും സമ്മതിദായകരെ സഹായിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കുകയും ചെയ്യും. നാലിൽ കൂടുതൽ പോളിങ് സ്റ്റേഷനുകൾ സ്ഥിതി ചെയ്യുന്ന പോളിങ് ലൊക്കേഷനുകളിൽ വോട്ടർമാരെ അനുഗമിക്കുന്ന കുട്ടികൾക്കായി ക്രഷിനുള്ള ക്രമീകരണം ഏർപ്പെടുത്തും. അംഗപരിമിതര്‍ക്ക് വീല്‍ചെയര്‍, റാംപ്, എന്നിവയും പ്രത്യേകം വാഹനങ്ങളും ലഭ്യമാക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകളുണ്ടാകും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന 80 പോളിങ് സ്റ്റേഷനുകള്‍
ജില്ലയില്‍ സജ്ജീകരിക്കുന്ന 2775 പോളിങ് സ്റ്റേഷനുകളില്‍ 80 ബൂത്തുകള്‍ നിയന്ത്രിക്കുന്നത് വനിതാ ഉദ്യോഗസ്ഥരാണ്. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് വീതം ബൂത്തുകളാണ് വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്നത്. സ്ത്രീ പ്രാതിനിധ്യം കൂടുതലുള്ള പോളിങ് ബൂത്തുകളാണ് വനിതാ സൗഹൃദ പോളിങ് ബൂത്തുകളാക്കുന്നത്. പോളിങ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വനിതകള്‍ ആയിരിക്കും.
രണ്ടു യൂത്ത് ഓറിയന്റഡ് പോളിങ് സ്റ്റേഷനുകള്‍
യുവ ഓഫീസര്‍മാര്‍ നിയന്ത്രിക്കുന്ന (യൂത്ത് ഓറിയന്റഡ്) രണ്ടു പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ സജ്ജീകരിക്കുക. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലാണ് ഇവ രണ്ടും. നിലമ്പൂര്‍ വനത്തിനുള്ളില്‍ താമസിക്കുന്ന ചോലനായ്ക്കര്‍, കാട്ടുനായ്ക്ക, പണിയ വോട്ടര്‍മാര്‍ക്കായാണ് പുഞ്ചക്കൊല്ലി മോഡല്‍ പ്രീ സ്കൂളിലും ഇരുട്ടുകുത്തിയിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലുമായി ഈ പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുക.
പുഞ്ചക്കൊല്ലി, അളക്കല്‍ ട്രൈബല്‍ കോളനികളിലെ വോട്ടര്‍മാര്‍ക്ക് പുഞ്ചക്കൊല്ലി മോഡല്‍ പ്രീസ്കൂളും കുമ്പളപ്പാറ, വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി കോളനികളിലെ വോട്ടര്‍മാര്‍ക്ക് ഇരുട്ടുകുത്തിയിലെ വാണിയമ്പുഴ ഫോറസ്റ്റ് സ്റ്റേഷനുമാണ് പോളിങ് സ്റ്റേഷനുകള്‍. പുഞ്ചക്കൊല്ലി പോളിങ് സ്റ്റേഷനില്‍ 238 വോട്ടര്‍മാരും വാണിയമ്പുഴയില്‍ 258 വോട്ടര്‍മാരുമാണുള്ളത്. വഴിക്കടവ് ടൗണില്‍ നിന്നും 23 കി.മീറ്റര്‍ അകലെ വനത്തിലുള്ളിലാണ് പുഞ്ചക്കൊല്ലി, അളക്കല്‍ ട്രൈബല്‍ കോളനികള്‍ സ്ഥിതി ചെയ്യുന്നത്. ചാലിയാര്‍ മുറിച്ചു കടന്ന് വനത്തിലൂടെ അഞ്ചു കിലോമീറ്റര്‍ സഞ്ചരിച്ചാണ് കുമ്പളപ്പാറ, വാണിയമ്പുഴ, ഇരുട്ടുകുത്തി, തരിപ്പപ്പൊട്ടി കോളനികളിലെത്താനാവുക.
92 പോളിങ് സ്റ്റേഷനുകള്‍ പ്രശ്ന ബാധിതം
ജില്ലയില്‍ 92 ബൂത്തുകളാണ് പൊലീസ് പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ളത്. നിലമ്പൂര്‍, പൂക്കോട്ടുംപാടം, വഴിക്കടവ്, കാളികാവ്, കരുവാരക്കുണ്ട്, പോത്തുകല്ല്, എടക്കര, അരീക്കോട് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മാവോയിസ്റ്റ് ബാധിത മേഖലകളിലായി 82 ക്രിട്ടിക്കല്‍ പോളിങ് സ്റ്റേഷനുകളും തീരദേശ മേഖലയില്‍ താനൂര്‍, പരപ്പനങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധികളിലായി 10 വള്‍നറബിള്‍ പോളിങ് സ്റ്റേഷനുകളുമാണ് പ്രശ്നബാധിതമായി കണ്ടെത്തിയിട്ടുള്ളത്.
അംഗപരിമിതര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകള്‍
അംഗപരിമിതര്‍ നിയന്ത്രിക്കുന്ന രണ്ട് പോളിങ് സ്റ്റേഷനുകളും ജില്ലയില്‍ സജ്ജീകരിക്കും. പൊന്നാനി, മലപ്പുറം ലോക്‍സഭാ മണ്ഡലങ്ങളില്‍ ഓരോ പോളിങ് സ്റ്റേഷനുകള്‍ വീതമാണ് ഇത്തരത്തില്‍ ഉണ്ടാവുക.
Follow us on :
Tags:
More in Related News
Please select your location.