Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2025 23:41 IST
Share News :
താനൂർ : നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടതുപക്ഷമെന്നും മുസ്ലിംലീഗ് വര്‍ഗീയ ശക്തികളോട് കീഴ്‌പ്പെടുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും യുഡിഎഫിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഈ സംഘടനകളോടു മുസ്ലിം ലീഗിനു വല്ലാത്ത പ്രതിപത്തിയാണ്. ഇതു അപകടമാണെന്നു ലീഗ് മനസ്സിലാക്കിയില്ലെങ്കില്‍ വല്ലാത്ത ദുരന്തമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം താനൂര്‍ കടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഭരണഘടനാ ശില്‍പിയായ ഡോ.ബി ആര്‍ അംബേദ്കറോട് പുച്ഛമാണ് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് എതിരായ ജനവികാരം തിരിച്ചു വിടാന്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘപരിവാര്‍ അക്രമങ്ങളില്‍ മുസ്ലീം വിഭാഗങ്ങളാണ് ഏറ്റവുമധികം ഇരകളായത്. ക്രൈസ്തവരുടെ സ്ഥിതിയും വ്യത്യസ്തമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ വിട്ടുവീഴ്ചയില്ലാതെ വര്‍ഗീയതയെ നേരിടുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്ന് അവര്‍ക്ക് പറയാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.
വയനാട് ദുരന്തത്തില്‍ കൃത്യസമയത്ത് കേന്ദ്ര സഹായം ലഭിച്ചില്ലെന്നും എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് കൃത്യ സമയത്ത് സഹായം ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തോട് ഈ നിലപാട് സ്വീകരിക്കാന്‍ എന്താണ് കാരണം എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പി പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളില്‍ ഇത്തരം സമയത്ത് സര്‍ക്കാരിനോട് യോജിച്ച് സഹായം ലഭ്യമാക്കാറുണ്ട് എന്നും എന്നാല്‍ കേരളത്തിലെ ബിജെപിക്ക് എന്താണ് അത് ചെയ്യാന്‍ സാധിക്കാത്തത് എന്നും മുഖ്യമന്ത്രി ആരാഞ്ഞു.
എന്തിനാണ് ഇവിടുത്തെ ജനങ്ങളോട് പക എന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസ് തുടങ്ങി വെച്ച നയങ്ങളുടെ മൂര്‍ധന്യാവസ്ഥയാണ് ഇപ്പോള്‍ അധികാരത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഉദാരവത്കരണം ഉള്‍പ്പടെയുള്ള നയം കൊണ്ടുവന്നത് തെറ്റായെന്ന് കോണ്‍ഗ്രസിന് തോന്നുന്നുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സാമ്പത്തിക നയമാണ് എന്നും പിണറായി കുറ്റപ്പെടുത്തി.
താനൂർ കടപ്പുറത്തേക്ക് റെഡ് വളന്‍റിയർ മാർച്ചിനൊപ്പം പതിനായിരങ്ങളാണ് സമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയത്. മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ സെക്രട്ടറി വിപി അനില്‍ അധ്യക്ഷത വഹിച്ചു. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം, മന്ത്രി വി. അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.