Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jun 2026 21:58 IST
Share News :
തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് അനുമതി. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി നൽകി ഉത്തരവിറക്കിയത്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെ വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങാം എന്ന് ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നതിനിടെയാണ് കെഎസ്ഇബിയുടെ അപേക്ഷ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചത്.
കെഎസ്ഇബി പവർ എക്സ്ചേഞ്ചിൽ നിന്ന് അടക്കം വാങ്ങിയ വൈദ്യുതിയുടെ വിവരങ്ങൾ നൽകിയില്ലെന്ന് റെഗുലേറ്ററി കമ്മീഷൻ വിമര്‍ശനം ഉയർത്തി.
അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ്ങിനെതിരെ വ്യാപക വിമർശമുള്ളതായും കമ്മീഷൻ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ലോഡ് ഷെഡ്ഡിങ്ങിനെ കുറിച്ച് ഒരു മണിക്കൂർ മുമ്പെങ്കിലും ഉപഭോക്താക്കളെ അറിയിക്കണമെന്നാണ് റെഗുലേറ്ററി കമ്മീഷന്‍റെ നിര്‍ദേശനം. മൺസൂൺ ശക്തിപ്പെടുമ്പോൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന്‍റെ ബാധ്യത കുറയ്ക്കാൻ കെഎസ്ഇബി ശ്രമിക്കണമെന്നും റെഗുലേറ്ററി കമ്മീഷൻ ഉത്തരവില്‍ പറയുന്നുണ്ട്.
നിലവില്‍ ജൂൺ 30 വരെയാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മൺസൂൺ വേണ്ടത്ര ശക്തി പ്രാപിക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിയ്ക്ക് പ്രധാന കാരണം.മുൻവർഷങ്ങളിലെ ജൂൺ മാസങ്ങളെ അപേക്ഷിച്ച് ഈ വർഷം ദൈനംദിന വൈദ്യുതി ഉപഭോഗത്തിലും പീക്ക് ആവശ്യകതയിലും ഗണ്യമായ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
കാലവർഷത്തിൽ ഉണ്ടായ ഗണ്യമായ കുറവ് മൂലം നിലവിൽ കെ.എസ്.ഇ.ബി.യുടെ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 20.89 ശതമാനം മാത്രം ജലമാണ് ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ജലസംഭരണികളിൽ 58.58 % വെള്ളം ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ഗണ്യമായ കുറവാണ്. ജൂൺ മാസത്തിൽ ഇതുവരെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് പ്രതീക്ഷിച്ചതിന്റെ 58% മാത്രമാണ് ലഭിച്ചത്. ജൂൺ മാസത്തിൽ പ്രതീക്ഷിച്ച അളവിൽ മഴ ലഭിക്കാതിരുന്നതാണ് നിലവിലെ ഈ സാഹചര്യം രൂപപ്പെടാൻ പ്രധാന കാരണം. അതേസമയം, എൽ നിനോ പ്രതിഭാസത്തിന്‍റെ സ്വാധീനത്തെത്തുടർന്ന് രാജ്യത്താകെ അന്തരീക്ഷ താപനില ഉയർന്നതിനാൽ വൈദ്യുതി ആവശ്യകത ഗണ്യമായി വർധിക്കുകയും വൈദ്യുതി ലഭ്യതയിൽ കുറവ് അനുഭവപ്പെടുകയും ചെയ്യുന്നത് നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.