Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫൈസലിന്റെ ഭാര്യ ജസ്നയുടെ പരാതി...കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നിലപാടറിയിച്ച് സര്‍ക്കാര്‍

08 Oct 2024 10:58 IST

- Shafeek cn

Share News :

തിരൂര്‍; കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോഴിക്കോട് സ്വദേശിയുമായ അഡ്വ. കുമാരന്‍കുട്ടിയെ നിയമിക്കുന്നതിന് എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സര്‍ക്കാരിന്റെ തീരുമാനം അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. ഫൈസലിന്റെ ഭാര്യ ജസ്നയുടെ പരാതി പരിഗണിക്കവേയാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്.


ഫൈസല്‍ വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന അപേക്ഷ നല്‍കി മാസങ്ങളായിട്ടും പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് ജസ്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. മാസങ്ങള്‍ക്ക് ശേഷം അഡ്വ. പി ജി മാത്യുവിനെ നിയമിച്ചെങ്കിലും അടുത്ത ദിവസം തന്നെ അദ്ദേഹം രാജിവെക്കുകയായിരുന്നു. പിന്നാലെയാണ് അഡ്വ. കുമാരന്‍കുട്ടിയെ തന്നെ വേണമെന്ന് ജസ്ന ആവശ്യപ്പെട്ടത്. ഈ ആവശ്യവുമായി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന റാലിയും പ്രതിഷേധ സംഗമവും നടന്നിരുന്നു.


നേരത്തെ അഡ്വ. പി കുമാരന്‍ കുട്ടിയെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാനാവില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കുടുംബം രംഗത്തെത്തിയിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കെതിരെയുള്ള ഇടപെടലാണ് പി കുമാരന്‍കുട്ടിയെ സര്‍ക്കാര്‍ നിയമിക്കാത്തതിന് കാരണമെന്നാണ് കുടുംബം ആരോപിച്ചത്.


2016 നവംബര്‍ 19നാണ് മലപ്പുറം കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. മതം മാറിയതിന്റെ പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഫൈസലിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളായ 16 പേര്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചിരുന്നു. നേരത്തെ അനില്‍കുമാര്‍ ആയിരുന്ന ഫൈസല്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഭാര്യയും മൂന്നു മക്കളും മതം മാറിയിരുന്നു. മറ്റു കുടുംബാംഗങ്ങള്‍കൂടി മതം മാറാനുള്ള സാധ്യതയെ തുടര്‍ന്നുള്ള വൈരാഗ്യത്തിലാണ് ആര്‍എസ്എസ്, വിഎച്ച്പി പ്രവര്‍ത്തകരായ പ്രതികള്‍ കൃത്യം നടത്തിയതെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്.




Follow us on :

More in Related News