Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി പി വധക്കേസ് പ്രതികളെ വിട്ടയക്കുന്നത് ആഭ്യന്തര മന്ത്രിയുടെ അറിവോടെ, ഗവർണറെ കാണും: കെ കെ രമ

22 Jun 2024 13:20 IST

Shafeek cn

Share News :


കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാനുള്ള നീക്കത്തിനെതിരെ കെ കെ രമ എംഎല്‍എ. കൊലചെയ്ത അന്ന് മുതല്‍ പ്രതികള്‍ക്കുള്ള സിപിഐഎം ബന്ധത്തെക്കുറിച്ച് നിരന്തരം പറയുന്നുണ്ട്. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച വിചാരണകോടതി വിധി ശരിവെച്ച ഹൈക്കോടതിയെ വെല്ലുവിളിക്കുകയാണ് സര്‍ക്കാര്‍. കോടതിക്ക് പുല്ലുവിലയാണെന്ന് പരോക്ഷമായി പറയുകയാണ്. ടി പി കേസ് പ്രതികള്‍ക്കൊപ്പം ഞങ്ങളുണ്ടെന്ന് പറയുകയാണ് സര്‍ക്കാര്‍. നിയമപരമായി നീങ്ങും. തൊട്ടടുത്ത ദിവസം ഗവര്‍ണറെ സമീപക്കുമെന്നും കെകെ രമ പറഞ്ഞു.


 പല സമയങ്ങളിലായി വഴി വിട്ട സഹായങ്ങളാണ് പ്രതികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്. ടി പി കേസിലെ പ്രതികളുടെ സുഖവാസ കേന്ദ്രങ്ങളാണ് ജയില്‍. ജയില്‍സുപ്രണ്ട് സ്വമേധയാ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തില്ല. ആഭ്യന്തര മന്ത്രിയുടെ അറിവില്ലാതെ പട്ടികയില്‍ ടി പി വധക്കേസ് പ്രതികളെ ഉള്‍പ്പെടുത്തില്ലെന്നും കെ കെ രമ പറഞ്ഞു. ഹൈക്കോടതി വിധി മറികടന്ന് ടി പി വധക്കേസിലെ രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വിട്ടയക്കേണ്ട പ്രതികളുടെ പട്ടിക ജയില്‍ ഉപദേശകസമിതി തയ്യാറാക്കിയപ്പോള്‍ ടി പി കേസിലെ മൂന്ന് പ്രതികളെ ഉള്‍പ്പെടുത്തുകയായിരുന്നു. 


പൊലീസിന്റെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ സര്‍ക്കാരിന് ഉത്തരവിറക്കാനാകും. അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതോടെയാണ് പ്രതികള്‍ക്ക് പുറത്തിറക്കാനാവുക. ജൂണ്‍ മാസത്തിലാണ് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തിയത്. ജൂണ്‍ 13 നാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ടില്‍ നിന്നും സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കത്തയച്ചത്. സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം തടവുകാര്‍ക്ക് സ്‌പെഷ്യല്‍ റിമിഷന്‍ നല്‍കി വിട്ടയക്കാന്‍ വേണ്ടി തീരുമാനിച്ചെന്നും പ്രതികളുടെ പ്രൊബേഷന്‍ റിപ്പോര്‍ട്ട് സഹിതം ഫയലുകള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നുമായിരുന്നു കത്തില്‍. പട്ടികയില്‍ സൂചിപ്പിക്കുന്ന പ്രതികളുടെ റിമിഷനായി പ്രതികളുടെ ബന്ധുക്കളുടേത് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിലേക്ക് അയക്കണമെന്നും നിര്‍ദേശമുണ്ട്.


Follow us on :

More in Related News