Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പിണറായിയിലെ പാറപ്പുറത്ത് നിന്ന് തുടങ്ങിയ പ്രസ്ഥാനം പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോകുന്നു: കെ കെ രമ

21 Oct 2024 10:16 IST

Shafeek cn

Share News :

തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് പിണറായി വിജയന്‍ സംസ്ഥാനത്തെ മാറ്റിയെന്ന് കെ.കെ രമ. കേരളത്തിലെ ഭരണം മാഫിയ പ്രവര്‍ത്തനമായി മാറിയിട്ട് നാളുകളേറെയായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിണറായി വിജയന്‍ സിപിഎം എന്ന പ്രസ്ഥാനത്തിന്റെ അന്ത്യം കുറിച്ച് കൊണ്ടിരിക്കുകയാണ്. പിണറായിയിലെ പാറപ്പുറത്ത് നിന്ന് തുടങ്ങിയ പ്രസ്ഥാനം പിണറായിയില്‍ തന്നെ അവസാനിക്കാന്‍ പോവുകയാണെന്നും കെ.കെ രമ പറഞ്ഞു.


ലോക്കല്‍ സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെ അധികാരത്തിന്റെ ധാര്‍ഷ്ട്യത്തിലാണ് ജനങ്ങളോട് ഇടപെട്ടു കൊണ്ടിരിക്കുന്നത്. തങ്ങളുടെ താല്പര്യത്തിന് വഴങ്ങാത്തതിനാണ് നവീന്‍ ബാബു എന്ന എഡിഎമ്മിനെ പൊതു ജനത്തിന് മുന്നില്‍ പരസ്യമായി വിചാരണ ചെയ്ത് അപമാനിക്കുകയും അദ്ദേഹത്തിന്റെ ആത്മഹത്യയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തത്. ദാരുണമായ ഈ സംഭവം നടന്നിട്ടും രാജിക്കത്തില്‍ ദിവ്യ എഴുതിയത് അഴിമതിക്കെതിരെയുള്ള സദുദ്ദേശപരമായ വിമര്‍ശനമാണ് നടത്തിയത് എന്നാണ്.


കണ്ണൂരില്‍ ഉണ്ടായ ഒരുപാട് ദുരൂഹ മരണങ്ങള്‍ തെളിയാതെ കിടക്കുന്ന സാഹചര്യത്തില്‍ നവീന്‍ ബാബുവിന്റെ മരണം കൊലപാതകമല്ലെന്ന് പറയാനുള്ള എന്ത് തെളിവാണ് ഉള്ളതെന്നും അവര്‍ ചോദിച്ചു. നവീന്‍ ബാബുവിനെ അപമാനിച്ച സംഭവത്തില്‍ ദിവ്യ ഒറ്റക്കാണെന്ന് വിചാരിക്കുന്നില്ലെന്നും ഇതിനൊക്കെ പിന്നില്‍ വലിയ ലോബി ഉണ്ടാകുമെന്നും കെ കെ രമ പറഞ്ഞു.


ടിപിയുടെ ചോര പിണറിയായിയുടെ കുഴിമാടം വരെ പിന്തുടരുമെന്ന് ഞങ്ങള്‍ അന്നേ പറഞ്ഞിരുന്നു. അതിപ്പോള്‍ കണ്ടു കൊണ്ടിരിക്കുകയാണ്. സമാധാനത്തോടെ സംസ്ഥാനം ഭരിക്കാന്‍ ഒരു ദിവസം പോലും പിണറായിക്ക് കഴിയുന്നില്ല. സകല മേഖലയിലും വിമര്‍ശനങ്ങളാണ്. പാലക്കാട് മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടിയില്‍ നിന്ന് നിര്‍ത്താന്‍ പോലും സിപിഎമ്മിന് കിട്ടിയില്ല. ഇന്നലെ വരെ വിമര്‍ശിച്ച ഒരാളെയാണ് പെട്ടന്ന് അണികളുടെ വികാരം മാനിക്കാതെ സ്ഥാനാര്‍ഥിയാക്കിയത്.


വടകര മണ്ഡലത്തിലെ വികസന പ്രവര്‍ത്തനത്തെ കുറിച്ചും കെ കെ രമ വിശദീകരിച്ചു. കഴിഞ്ഞ കാലങ്ങളിലെ ജനപ്രധിനികളുടെ പിടിപ്പുകേട് കൊണ്ട് പല ഫണ്ടുകളും ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. തനിക്ക് കഴിയാവുന്ന വിധത്തില്‍ മണ്ഡലത്തിലേക്ക് വികസനമെത്തിക്കാന്‍ ഈ കാലയളവില്‍ ശ്രമിച്ചിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു.


Follow us on :

More in Related News