Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായണ്ണ ജിഎച്ച്എസ്എസ് പഠനം: 62.4% കുടുംബങ്ങളിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ; അലക്ഷ്യമായി വലിച്ചെറിയുന്നത് ഭീഷണി

23 Sep 2026 22:54 IST

NewsDelivery

Share News :

കായണ്ണ ജിഎച്ച്എസ്എസിന്റെ ‘റീ-ലൈഫ്’ പഠനത്തിൽ 250 കുടുംബങ്ങളിൽ നടത്തിയ സർവേയിൽ 62.4% കുടുംബങ്ങളിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകളുണ്ടെന്ന് കണ്ടെത്തി. സുരക്ഷിതമായ മരുന്നു തിരിച്ചെടുക്കൽ സംവിധാനവും ബോധവൽക്കരണവും ശക്തിപ്പെടുത്തണമെന്ന് പഠനം നിർദേശിക്കുന്നു.

കോഴിക്കോട്: വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്നതും കാലാവധി കഴിഞ്ഞതുമായ മരുന്നുകളുടെ സാമ്പത്തിക, ആരോഗ്യ, പരിസ്ഥിതി പ്രത്യാഘാതങ്ങൾ പഠിച്ച് കായണ്ണ ജിഎച്ച്എസ്എസ്. സാമ്പത്തികശാസ്ത്ര വിഭാഗവും ഇക്കണോമിക്സ് ക്ലബ്ബും ചേർന്ന് നടത്തിയ ‘റീ-ലൈഫ് – സുരക്ഷിത ഭാവിക്കായി ഉത്തരവാദിത്വത്തോടെയുള്ള മരുന്നുപയോഗം’ പഠനത്തിന്റെ റിപ്പോർട്ട് കായണ്ണ പഞ്ചായത്തിന് കൈമാറി. മരുന്നുകളുടെ അനാവശ്യ നഷ്ടം കുറയ്ക്കുക, സുരക്ഷിതമായ മരുന്ന് നിർമാർജനത്തെക്കുറിച്ച് ബോധവൽക്കരണം ശക്തിപ്പെടുത്തുക, ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾക്കായി ശാസ്ത്രീയമായ തിരിച്ചെടുക്കൽ സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള സാധ്യതകൾ മുന്നോട്ടുവയ്ക്കുക എന്നിവയാണ് പഠനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. കായണ്ണ പഞ്ചായത്തിലെ 250 കുടുംബങ്ങളെ ഉൾപ്പെടുത്തി 40 വിദ്യാർഥികൾ 20 സംഘങ്ങളായാണ് സർവേ നടത്തിയത്. വീടുകളിൽ ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ, ചികിത്സ പൂർത്തിയാക്കുന്നതിന് മുമ്പ് മരുന്ന് ഉപയോഗം നിർത്തുന്ന പ്രവണത, കാലാവധി കഴിഞ്ഞ മരുന്നുകളുടെ സാന്നിധ്യം, നിലവിലെ നിർമാർജന രീതികൾ, മരുന്ന് മാലിന്യവുമായി ബന്ധപ്പെട്ട ബോധവൽക്കരണം, സുരക്ഷിതമായ തിരിച്ചെടുക്കൽ സംവിധാനത്തോടുള്ള ജനങ്ങളുടെ സമീപനം എന്നിവയാണ് പഠനവിധേയമാക്കിയത്.

പഠനത്തിൽ പങ്കെടുത്ത കുടുംബങ്ങളിൽ 62.4 ശതമാനത്തിലും ഉപയോഗിക്കാതെ ശേഷിക്കുന്ന മരുന്നുകൾ ഉള്ളതായി കണ്ടെത്തി. 50.8 ശതമാനം കുടുംബങ്ങളിൽ ചിലപ്പോഴെങ്കിലും അല്ലെങ്കിൽ പതിവായി മരുന്നുകൾ ശേഷിക്കുന്നതായും 47.2 ശതമാനം പേർ ചികിത്സ പൂർത്തിയാകുന്നതിന് മുമ്പ് മരുന്നുപയോഗം നിർത്തിയ അനുഭവമുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കാലാവധി കഴിഞ്ഞ മരുന്നുകൾ വീട്ടിലുണ്ടെന്നോ അതിനെക്കുറിച്ച് ഉറപ്പില്ലെന്നോ 47.6 ശതമാനം കുടുംബങ്ങൾഅറിയിച്ചു. ഉപയോഗിക്കാത്തതോ കാലാവധി കഴിഞ്ഞതോ ആയ മരുന്നുകൾ കൈകാര്യം ചെയ്യുന്ന നിലവിലെ രീതികളിൽ 68.4 ശതമാനം കേസുകളിലും സുരക്ഷിതമല്ലാത്ത നിർമാർജന രീതികളുടെ സാധ്യതകണ്ടെത്തി.

മരുന്നുകൾ സുരക്ഷിതമായി തിരികെ സ്വീകരിക്കുന്ന സംഘടിത സംവിധാനത്തിന് 93.2 ശതമാനം പേരും പിന്തുണ അറിയിച്ചു. ഇത്തരമൊരു സംവിധാനം നിലവിൽ വന്നാൽ ഉപയോഗിക്കുമെന്ന് 96.8 ശതമാനം പേരും വ്യക്തമാക്കി. ബോധവൽക്കരണ പരിപാടികൾ ആവശ്യമാണെന്ന് 94.8 ശതമാനം കുടുംബങ്ങളും അഭിപ്രായപ്പെട്ടു.

ഉപയോഗിക്കേണ്ട മരുന്നുകളും ഉപയോഗം കഴിഞ്ഞ മരുന്നുകളും തരംതിരിക്കുന്നതിനും ആവശ്യമില്ലാത്ത മരുന്നുകൾ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുമുള്ള മാർഗങ്ങൾ കണ്ടെത്തണമെന്ന് പഠനം നിർദേശിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നയം രൂപീകരിക്കാനും തുടർനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ട അധികാരികളോട് ആവശ്യപ്പെടുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഇൻചാർജ് ഡോ. പി.കെ. ഷാജി, അധ്യാപിക ഫസ്‌ല റഹ്‌മാൻ, വിദ്യാർഥികളായ അനഘ, പാർവണ, ആദിത്യൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News