Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2026 03:46 IST
Share News :
ദോഹ: ഖത്തറിലെ മലപ്പുറം പ്രവാസികളുടെ പ്രഥമ പൊതുകൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) സംഘടിപ്പിക്കുന്ന ‘മൽഹാർ സീസൺ 3 – മലപ്പുറം ഹാർമണി 2026’ സംഗീതോത്സവത്തിന് പ്രമുഖ പിന്നണി ഗായകൻ അക്ബർ ഖാനും ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ താരം അനുശ്രീയും നേതൃത്വം നൽകും.
സെപ്റ്റംബർ 25 വെള്ളിയാഴ്ച ഉച്ചയ്ക്ക് 3 മണി മുതൽ ഖത്തറിലെ അൽ വക്ര ഡി.പി.എസ്–എം.ഐ.എസ് സ്കൂൾ ഓഡിറ്റോറിയത്തിലാണ് സംഗീതോത്സവം അരങ്ങേറുന്നത്. സംഗീതവും കലയും സൗഹൃദവും ഒരുമയും സമന്വയിപ്പിക്കുന്ന പരിപാടിയിൽ അക്ബർ ഖാനും അനുശ്രീയും അവതരിപ്പിക്കുന്ന ഗാനവിരുന്ന് പ്രധാന ആകർഷണമാകും.
ഡോം ഖത്തർ ആറുമാസമായി നടപ്പിലാക്കിവരുന്ന ‘അമൽ’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങളും പരിപാടിയിൽ സംഘടിപ്പിക്കും. ലഹരിക്കെതിരെ സമൂഹത്തിൽ ശക്തമായ സന്ദേശം ഉയർത്തുന്നതിനൊപ്പം യുവതലമുറയെ ആരോഗ്യകരമായ ജീവിതത്തിലേക്ക് പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ മുന്നോട്ടുപോകുന്നത്.
ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസികളിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്ന ഡോം എക്സലൻസ് പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.
‘മലപ്പുറം ഹാർമണി’ എന്ന പ്രമേയത്തിൽ ഒരുക്കുന്ന കലാസന്ധ്യയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ദിവസം ഡോം ഖത്തർ മാനേജ്മെന്റ് കമ്മിറ്റി യോഗം ചേർന്നു. പ്രസിഡന്റ് ഉസ്മാൻ കല്ലൻ, ജനറൽ സെക്രട്ടറി സിദ്ധിഖ് വാഴക്കാട്, ട്രഷറർ സൗമ്യ പ്രദീപ്, ചീഫ് അഡ്വൈസർ മഷ്ഹൂദ് വി.സി, സീനിയർ വൈസ് പ്രസിഡൻ്റ് സി.കെ അബദുൽ അസീസ്, സെക്രട്ടറി അബി ചുങ്കത്തറ എന്നിവരോടൊപ്പം മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
പരിപാടിയുടെ വിജയകരവും സുഗമവുമായ നടത്തിപ്പിനായി പൂർത്തിയാക്കേണ്ട അവസാനഘട്ട ക്രമീകരണങ്ങളും വിവിധ ചുമതലകളുടെ ഏകോപനവും യോഗം വിശദമായി വിലയിരുത്തി. യോഗത്തിൽ സെക്രട്ടറിമാരായ സുരേഷ് പണിക്കർ സ്വാഗതവും, ഷംല ജാഫർ നന്ദിയും പറഞ്ഞു
സ്പീഡ് ലൈൻ പ്രിന്റിംഗ് ഫാക്ടറി ടൈറ്റിൽ സ്പോൺസറായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേന മാത്രമായിരിക്കുമെന്നും രജിസ്ട്രേഷൻ പൂർണമായും അവസാനിച്ചതായും സംഘാടകർ അറിയിച്ചു.
കലയും സംസ്കാരവും ഒരുമയും ആഘോഷിക്കുന്ന സംഗീതത്തിന്റെയും സൗഹൃദത്തിന്റെയും മൽഹാർ സീസൺ 3 വേറിട്ട അനുഭവം സമ്മാനിക്കും.
Follow us on :
Tags:
More in Related News
Please select your location.