Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരിക്കോട് - തെക്കും ഭാഗം റോഡ്; വാട്ടര്‍ അഥോറിറ്റി പൈപ്പ് മാറ്റിയിടല്‍ ആരംഭിച്ചു

05 Dec 2024 19:34 IST

ജേർണലിസ്റ്റ്

Share News :



തൊടുപുഴ: ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ കാരിക്കോട് - തെക്കുംഭാഗം റോഡില്‍ ജല അതോറിറ്റി പൈപ്പ് മാറ്റി സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചു. റോഡില്‍ പല ഭാഗത്തും പൊട്ടിയ പൈപ്പുകള്‍ നന്നാക്കാനും റോഡരികില്‍ ശരിയായി താഴ്ത്താതെ സ്ഥാപിച്ചിരിക്കുന്ന പൈപ്പുകള്‍ അരികിലേക്ക് മാറ്റി സ്ഥാപിക്കുന്നതിനും ജല അതോറിറ്റി തയാറാകാത്തതിനെ തുടര്‍ന്നാണ് റോഡ് പണി നിലച്ചത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി ജല അതോറിറ്റിയില്‍ നാല് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പ് അടച്ചെങ്കിലും പണി തുടങ്ങാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായില്ലെന്നും ആരോപണം ശക്തമായിരുന്നു.

പ്രതിഷേധം ശക്തമായതോടെ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രശ്‌നത്തില്‍ ഇടപെട്ടു. എന്നിട്ടും നടപടികള്‍ വൈകി. ഇതും പരാതിക്കിടയായതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതോടെയാണ് പൈപ്പ് മാറ്റി സ്ഥാപിക്കാനുള്ള നടപടികള്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. തെക്കുംഭാഗം മുതല്‍ മലങ്കര ഗേറ്റ് വരെയുള്ള ഭാഗത്തെ പൈപ്പുകള്‍ അരികിലേക്ക് മാറ്റി താഴ്ത്തി സ്ഥാപിക്കുന്ന പണികളാണ് ഇന്നലെ ആരംഭിച്ചിരിക്കുന്നത്. ഇതിനു പുറമെ റോഡരികില്‍ തടസ്സമായി നില്‍ക്കുന്ന അഞ്ച് വൈദ്യുതി തൂണുകള്‍ അരികിലേക്ക് മാറ്റി സ്ഥാപിക്കാന്‍ കെഎസ്ഇബി തയാറായിട്ടില്ല. ഇതിനെതിരെ സിപിഎം നേതാക്കളും പ്രവര്‍ത്തകരും കെഎസ്ഇബി ഓഫിസില്‍ എത്തിയിരുന്നു. ഉടന്‍ നടപടി ഉണ്ടാകും എന്നാണ് കെഎസ്ഇബി അധികൃതര്‍ പറഞ്ഞത്. റോഡ് പുനര്‍ നിര്‍മാണ ഭാഗമായി റോഡിലെ മെറ്റല്‍ ഇളക്കിയ ഭാഗത്തു കൂടിയും കുഴിയായി മാറിയ ഭാഗവും ചെളിക്കുളമായി മാറിയത് യാത്രക്കാരെ വലിയ ദുരിതത്തില്‍ ആക്കിയിരുന്നു. കാരിക്കോട് മുതല്‍ തെക്കുംഭാഗം മലങ്കര ഗേറ്റ് വരെ 4.2 കിലോ മീറ്റര്‍ റോഡ് ആധുനിക നിലവാരത്തില്‍ വീതി കൂട്ടി ടാര്‍ ചെയ്യുന്നതിനും കലുങ്കുകളും കല്‍ക്കെട്ടുകളും ഉള്‍പ്പെടെ പണിയുന്നതിനായി 4.85 കോടി രൂപയാണ് അനുവദിച്ചത്. നാല് മാസം മുന്‍പാണ് റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വകുപ്പുകളായ ജല അതോറിറ്റിയും, കെഎസ്ഇബിയും പൊതുമരാമത്ത് വകുപ്പിനോട് സഹകരിക്കാത്തതാണ് പ്രതിസന്ധിയായത്.


Follow us on :

More in Related News