Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായല്‍ സൗന്ദര്യം നുകര്‍ന്ന് കടമ്പോട് വയോജന ക്ലബ്ബിന്റെ ഉല്ലാസയാത്ര

23 Oct 2026 07:46 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :


മറ്റത്തൂര്‍: പ്രായത്തിന്റെ അവശതകള്‍ മറന്ന് കായല്‍ക്കാഴ്ചകളുടെ വശ്യത ആസ്വദിച്ചുകൊണ്ട് മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് വാര്‍ഡിലെ വയോജനങ്ങള്‍ നടത്തിയ ഉല്ലാസ യാത്ര അവി്‌സ്മരണീയമായ അനുഭവമായി മാറി. പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കടമ്പോട് വയോജന ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ആലപ്പുഴയിലേക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചത്. രണ്ട് ബസുകളിലായി 78 അംഗങ്ങളാണ് ഈ വിനോദയാത്രയില്‍ പങ്കാളികളായത്.സംസ്ഥാന ജലഗതാഗത വകുപ്പിന്റെ പ്രശസ്തമായ വേഗ2 എയര്‍ കണ്ടീഷന്‍ഡ് ടൂറിസ്റ്റ് ബോട്ടിലായിരുന്നു സംഘത്തിന്റെ കായല്‍യാത്ര. രാവിലെ 11 മണിക്ക് ആലപ്പുഴ ബോട്ട് ജെട്ടിയില്‍ നിന്നാരംഭിച്ച അഞ്ചുമണിക്കൂര്‍ നീണ്ട യാത്രയില്‍ പുന്നമട കായല്‍, നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന ഫിനിഷിംഗ് പോയിന്റ്, മുഹമ്മ, കായിപ്പുറം വഴി വിശാലമായ വേമ്പനാട്ട് കായലിന്റെ സൗന്ദര്യം അംഗങ്ങള്‍ ആവോളം ആസ്വദിച്ചു.

തുടര്‍ന്ന് ദേശാടനപ്പക്ഷികളുടെ കേന്ദ്രമായ പാതിരാമണല്‍ ദ്വീപിലിറങ്ങി കാഴ്ചകള്‍ കാണാനും കുടുംബശ്രീയുടെ രുചികരമായ നാടന്‍ ഉച്ചഭക്ഷണം ആസ്വദിക്കാനും സംഘത്തിന് അവസരം ലഭിച്ചു. ഉച്ചയ്ക്കുശേഷം കുമരകം ഭാഗത്തേക്കും സമുദ്രനിരപ്പിന് താഴെ കൃഷി ചെയ്യുന്ന കുട്ടനാടന്‍ കായല്‍ നിലങ്ങളായ ആര്‍ ബ്ലോക്ക്, ചിത്തിര, മാര്‍ത്താണ്ഡം കായല്‍, പ്രശസ്ത സിനിമാ ഷൂട്ടിംഗ് ലൊക്കേഷനായ കമലന്റെ മൂല, മംഗലശ്ശേരി എന്നിവിടങ്ങളും ചുറ്റി വൈകിട്ട് നാലുമണിയോടെയാണ് ബോട്ട് തിരികെ ആലപ്പുഴ ജെട്ടിയിലെത്തിയത്.

തുടര്‍ന്ന് ആലപ്പുഴ ബീച്ചിലെ സായാഹ്നക്കാഴ്ചകളും കണ്ടാണ് സംഘം നാട്ടിലേക്ക് മടങ്ങിയത്. ബസിലും ബോട്ടിലും പഴയകാല ഗാനങ്ങള്‍ പാടിയും ചുവടുകള്‍ വെച്ചും ആഘോഷമാക്കിയ യാത്ര വയോജനങ്ങള്‍ക്ക് അവിസ്മരണീയമായൊരു നവ്യാനുഭവമായി മാറി. വാര്‍ഡ്‌മെംബര്‍ പി.എസ്. അംബുജാക്ഷന്‍, വയോജന ക്ലബ് ഭാരവാഹികളായ പീയൂസ് സിറിയക്, ടി.ഡി.ശ്രീധരന്‍, പി.എസ്.സുരേന്ദ്രന്‍, ഗോപി തച്ചനാടന്‍,രാജന്‍ അതിയാരത്ത് എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

Follow us on :

More in Related News