Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 07:53 IST
Share News :
മുണ്ടക്കയം: മുണ്ടക്കയം- കോരുത്തോട് ഗ്രാമപഞ്ചായത്തുകൾക്ക് വേണ്ടിയുള്ള ശുദ്ധജല വിതരണ പദ്ധതിയുടെ ജലശുദ്ധീകരണശാല നിർമ്മാണം മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻ്റ് രേഖാദാസ്, ബ്ലോക് പഞ്ചായത്തംഗം പി.കെ. പ്രദീപ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലായി ഇരുപതിനായിരത്തോളം വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 284 കോടി രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ജലശുദ്ധീകരണശാലയുടെ നിർമ്മാണമാണ് നടക്കുന്നത് ഉച്ചകഴിഞ്ഞ് 3 ന് അമരാവതിയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ വെള്ളനാടി ഭാഗത്ത് മണിമലയാറിലെ മൂരിക്കയത്തിന് സമീപം ഹാരിസൺ മലയാളം എസ്റ്റേറ്റിൽ നിന്നും വിട്ടു നൽകിയ സ്ഥലത്ത് 9 മീറ്റർ വ്യാസമുള്ള കിണറും, അനുബന്ധമായി പമ്പ് ഹൗസും അവിടെനിന്നും 5 കിലോമീറ്റർ അകലെ അമരാവതിയിൽ 70 സെന്റ് സ്ഥലത്തായി സ്ഥാപിക്കുന്ന ജലശുദ്ധീകരണശാലയിൽ പ്രതിദിനം 9 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാനും കഴിയും. ശുദ്ധീകരണശാലയും, കിണറും,പമ്പ് ഹൗസും, മോട്ടോറുകളും, കിണറിൽ നിന്നും ശുദ്ധീകരണശാലയിലേക്ക് വെള്ളമെത്തിക്കുന്നതിന് 5 കിലോമീറ്റർ ദൈർഘ്യമുള്ള പൈപ്പും ഉൾപ്പെടെ നിർമ്മിക്കുന്നതിന് 25 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവർത്തി ആരംഭിക്കുകയാണ് . ശുദ്ധജലവിതരണ പദ്ധതിയുടെ ഈ ഘടകങ്ങൾ യാഥാർത്ഥ്യമാകുന്നതോടെ മുണ്ടക്കയം, കോരുത്തോട് ഗ്രാമപഞ്ചായത്തുകളിലെ ഇരുപതിനായിരത്തോളം വീടുകളിൽ ശുദ്ധജലം എത്തുന്നതിന് ആവശ്യമായ ജലലഭ്യത ഉറപ്പുവരുത്താൻ കഴിയും. കൂടാതെ ശുദ്ധജലവിതരണത്തിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്തിൽ 9 ഓവർഹെഡ് ടാങ്കുകളും, കോരുത്തോട് ഗ്രാമപഞ്ചായത്തിൽ 4 ടാങ്കുകളും നിർമ്മിക്കുന്നുണ്ട്. 2 പഞ്ചായത്തുകളിലായി ജലവിതരണത്തിനായി ആകെ 600 കിലോമീറ്ററോളം വിതരണ പൈപ്പുകളും സ്ഥാപിക്കുന്നുണ്ട്. കാലങ്ങളായി ശുദ്ധജല ദൗർലഭ്യം നേരിടുന്ന രണ്ട് പഞ്ചായത്തുകൾക്കായി വിഭാവനം ചെയ്തിട്ടുള്ള ഈ സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് മുണ്ടക്കയം പഞ്ചായത്തിലെ അമരാവതിയിൽ നിർമ്മിക്കുന്ന 9 ദശലക്ഷം ലിറ്റർ പ്രതിദിന ഉല്പാദന ശേഷിയുള്ള ജലശുദ്ധീകരണശാല. ഉദ്ഘാടന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ, കേരള വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി , കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ ദാസ്, ജാൻസി സാബു, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ആർ അനുപമ, അഡ്വ. ശുഭേഷ് സുധാകരൻ, മറ്റു ത്രിതല പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ ജില്ല പഞ്ചായത്തംഗം പി. ആർ. അനുപമ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീലമ്മ ഡോമിനിക്, സി.വി. അനിൽ കുമാർ, ഷിജി ഷാജി സുലോചന സുരേഷ് , കേരള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചാർളി കോശി , എക്സി. എൻജിനീയർ സന്തോഷ് കുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
Follow us on :
More in Related News
Please select your location.