Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Aug 2024 16:15 IST
Share News :
മലപ്പുറം : രാജ്യത്തെ സാമ്പത്തികമായും രാഷ്ട്രീയമായും അസ്ഥിരപ്പെടുത്താനുള്ള ആഭ്യന്തര-അന്താരാഷ്ട്ര ശക്തികളുടെ ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശ്ശസ്സ് ഉയർത്തിപ്പിടിക്കുന്ന, ചേരിചേരാ നയത്തില്‍ സ്ഥാപിത താത്പര്യങ്ങൾക്കുവേണ്ടി വെള്ളം ചേർക്കാൻ ഇടയാകരുതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ മതേതരത്വത്തിന് ഒരു പോറലും ഏല്‍ക്കാതെ കാത്തുസൂക്ഷിക്കുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍വതല സ്പര്‍ശിയായ വികസനവും പുരോഗതിയും ലക്ഷ്യമിട്ടായിരിക്കണം നമ്മുടെ ഓരോ പ്രവര്‍ത്തനവും. സമൂഹത്തില്‍ ലഹരി ഉപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ലഹരി വിമുക്ത ഇന്ത്യയ്ക്കായി ഓരോരുത്തരും അണി ചേരണം.
എല്ലാ ബഹുസ്വരതകളേയും കൂട്ടിനിർത്തിക്കൊണ്ടുള്ള ഐക്യമാണ് ഇന്ത്യയുടെ കൈമുതൽ. വിഭജനത്തിലുണ്ടായ ദുരന്തം നാം തിരിച്ചറിയണം. ഒരു വികാരത്തിന്റെ മുന്നിലും നാം വിഭജിക്കപ്പെട്ടു കൂടാ. പൗരന്റെ അവകാശങ്ങളെക്കുറിച്ച് പറയുമ്പോൾ തന്നെ അനിവാര്യമായ ചുമതലകളെ നാം വിസ്മരിക്കാനും പാടില്ല.
ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ഫെഡറൽ മൂല്യങ്ങൾ നമ്മുടെ സ്വപ്നങ്ങൾക്ക് നിറം പകരുന്നതാണ്. മുന്‍കാല നേതാക്കള്‍ കണ്ടെത്തിയ ഗ്രാമങ്ങളിലെ ഇന്ത്യയെ വീണ്ടെടുക്കാൻ നമ്മുടെ ഫെഡറൽ സംവിധാനം സുശക്തമായേ തീരൂ. സുശക്തമായ കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ രാജ്യത്തിന്റെ സർവ്വതോമുഖമായ വികസനത്തിനും വളർച്ചയ്ക്കും ആവശ്യമാണ്.
വയനാട്ടില്‍ ദുരന്തമുണ്ടായപ്പോള്‍ അവരുടെ അതിജീവനത്തിന് അഗ്നിപകർന്ന്, അവർക്കൊപ്പം നിന്ന് പുതിയൊരു ജീവതവും ജീവനോപാധികളും പടുത്തുയർത്തുന്നതിന് സംസ്ഥാന സർക്കാരിനൊപ്പം നാട്ടിലെ ജനതയൊന്നടങ്കം അണിചേരുന്ന കാഴ്ച ഏറെ ആവേശവും ആത്മവിശ്വാസവും പകരുന്നതാണ്. നാം ഒരു തോറ്റ ജനതയല്ല എന്ന് അത് നമ്മെ ഓർമ്മപ്പെടുത്തുന്നു. ദുരന്തത്തിന് മുമ്പ് ഉണ്ടായിരുന്ന മാനസിക-സാമൂഹ്യ-സാമ്പത്തിക- പാരിസ്ഥിതിക നിലവാരത്തിലേക്ക് അതേപടി എത്തുന്നതിന് വീണ്ടെടുപ്പിന്റെ കർമ്മ പദ്ധതികളുമായി നാം മുന്നോട്ടുപോവുകതന്നെ ചെയ്യും.
വികസനവും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ചു കൊണ്ടുപോകണമെന്നതാണ് സർക്കാർ നയം. പാരിസ്ഥിതിക പ്രതിസന്ധികൾ സൃഷ്ടിക്കാത്ത പ്രകൃതിക്ക് അനുയോജ്യമായ വികസന മാതൃകകൾ സൃഷ്ടിക്കാനാണ് സംസ്ഥാന സർക്കാർ പരിശ്രമിക്കുന്നത്. വയനാട്ടിലെ പുനർനിർമ്മിതിയിലും ഇതേ ലക്ഷ്യത്തോടെയാണ് നാം പദ്ധതികൾക്ക് രൂപംനൽകുന്നതെന്നും മന്ത്രി പറഞ്ഞു.
സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി കെ. രാജന്‍ പുഷ്പ ചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടുങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു.
പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്‌സ്, ജൂനിയര്‍ റെഡ്‌ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 37 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി അസി. കമാന്‍ഡന്റ് കെ. രാജേഷ് പരേഡ് കമാന്‍ഡറായി. ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി. ബാബു സെക്കന്റ് ഇന്‍ കമാന്‍ഡായിരുന്നു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.
പരേഡിന് മുന്നോടിയായി നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്ത പ്രഭാതഭേരിയും നടന്നു. മലപ്പുറം സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിച്ച് എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു. പ്രഭാത ഭേരിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്‌കൂളായി മലപ്പുറം സെന്റ് ജമ്മാസ് ഹയര്‍സെക്കന്ററി സ്കൂളിനെ തിരഞ്ഞെടുത്തു. പ്രഭാതഭേരിയില്‍ യു.പി വിഭാഗത്തില്‍ എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി.എസ് മുണ്ടുപറമ്പ് എന്നീ സ്‌കൂളുകള്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, മലപ്പുറം ഗവ. ബോയ്സ് എച്ച്.എസ്.എസ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസിനാണ് ഒന്നാം സ്ഥാനം. സെന്റ് ജമ്മാസ് ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം രണ്ടാം സ്ഥാനവും നേടി. ബാന്റ് ഡിസ്‌പ്ലേയില്‍ മലപ്പുറം സെന്റ് ജമ്മാസ് ഗേള്‍സ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മലപ്പുറം ഗവ. ഗേള്‍സ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി.
മാര്‍ച്ച് പാസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരെ ചുവടെ കൊടുക്കുന്നു.
സായുധ സേനാ വിഭാഗം: മലബാര്‍ സ്പെഷ്യല്‍ പൊലീസ്, പുരുഷ വിഭാഗം പൊലീസ് പ്ലാറ്റൂണ്‍ (ഡി.എച്ച്.ക്യു).
നിരായുധ സേനാ വിഭാഗം: വനം വകുപ്പ്, ഫയര്‍ ആന്റ് റെസ്ക്യു.
സീനിയര്‍ എന്‍.സി.സി വിഭാഗം: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി
ജൂനിയര്‍ എന്‍.സി.സി (ബോയ്സ്) വിഭാഗം: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, ഗവ. ബോയ്സ് എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ എന്‍.സി.സി (ഗേള്‍സ്) വിഭാഗം: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം
എസ്.പി.സി ബോയ്‌സ്: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് മലപ്പുറം.
എസ്.പി.സി ഗേള്‍സ് (സീനിയര്‍): എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം.
എസ്.പി.സി ഗേള്‍സ്: എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് മലപ്പുറം.
സീനിയര്‍ സ്‌കൗട്ട്‌സ്: എം.എം.ഇ.ടി എച്ച്.എസ് മേല്‍മുറി, എച്ച്.എം.വൈ.എച്ച്.എസ്.എസ് മഞ്ചേരി.
സീനിയര്‍ ഗൈഡ്‌സ്: ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം, എം.എം.ഇ.ടി എച്ച്.എസ് മേല്‍മുറി.
ജൂനിയര്‍ സ്‌കൗട്ട്‌സ്: എ.യു.പി.എസ് മലപ്പുറം, സെന്റ് ജമ്മാസ് എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ ഗൈഡ്‌സ്: എ.യു.പി.എസ് മലപ്പുറം, എ.എം.യു.പി.എസ് മുണ്ടുപറമ്പ്.
ജൂനിയര്‍ റെഡ്‌ക്രോസ് ബോയ്‌സ്: എം.എസ്.പി ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം.
ജൂനിയര്‍ റെഡ്‌ക്രോസ് ഗേള്‍സ്: ഗവ. ഗേള്‍സ് എച്ച്.എസ്.എസ് മലപ്പുറം, എം.എസ്.പി.എച്ച്.എസ്.എസ് മലപ്പുറം.
പരേഡില്‍ ബാന്റ് വാദ്യം നയിച്ച എം.എസ്.പി.ഇ.എം.എച്ച്.സിന് പ്രത്യേകം പുരസ്കാരവും മന്ത്രി സമ്മാനിച്ചു.
പി ഉബൈദുള്ള എം.എല്‍.എ, ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, എ.ഡി.എം കെ. മണികണ്ഠന്‍, അസി. കളക്ടര്‍ വി.എം ആര്യ, ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.